X

ഷാഹി ജുമാ മസ്ജിദ് സർവേ; പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിവെപ്പ്; മൂന്നുപേർ കൊല്ലപ്പെട്ടു

ലഖ്‌നോ: ഉത്തർപ്രദേശിലെ ഷാഹി ജുമാ മസ്ജിദിലെ സർവേക്കെതിരെ പ്രതിഷേധിച്ച മൂന്നുപേർ വെടിയേറ്റു മരിച്ചു. നദീം അഹമ്മദ്, ബിലാൽ അൻസാരി എന്നിവരാണ് കൊല്ലപ്പെട്ട രണ്ടുപേർ. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് വെടിവെപ്പിലാണ് ഇവർ മരിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. എന്നാൽ സമരക്കാർക്കിടയിൽനിന്ന് വെടിവെപ്പുണ്ടായതായി പൊലീസ് പറഞ്ഞു.

കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഞായറാഴ്ച മസ്ജിദില്‍ പൊലീസ് സംരക്ഷണയോടെ അഭിഭാഷക കമീഷന്‍ എത്തിയത്. രാവിലെ ആറ് മണിക്ക് ഡി.എം രാജേന്ദ്ര പാൻസിയയുടെ മേൽനോട്ടത്തിലാണ് സർവേക്കായി പ്രത്യേക സംഘം എത്തിയത്. പൊലീസിന്റേയും റാപ്പിഡ് റെസ്​പോൺസ് ഫോഴ്സിന്റേയും നിരവധി സംഘങ്ങളുമുണ്ടായിരുന്നു. സർവേ തുടങ്ങി രണ്ട് മണിക്കൂറിന് ശേഷമാണ് പ്രതിഷേധമുണ്ടായത്. സർവേ നടത്താനെത്തിയവർക്ക് നേരെ പ്രതിഷേധക്കാർ കല്ലെറിയുകയായിരുന്നുവെന്നാണ് ​പൊലീസ് ആരോപണം.

സമരക്കാരെ പിരിച്ചുവിടാൻ ടിയർ ഗ്യാസ് പ്രയോഗവും ലാത്തിച്ചാർജും നടത്തിയെന്നാണ് പൊലീസ് പറയുന്നത്. വെടിയുതിർത്ത കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. നാലായിരത്തിലധികം ആളുകളാണ് പ്രതിഷേധവുമായി എത്തിയത്. ക്ഷേത്രം പൊളിച്ചാണ് പള്ളി നിർമിച്ചത് എന്നാരോപിച്ച് അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിൻ ആണ് കോടതിയെ സമീപിച്ചത്. ജില്ലാ കോടതിയാണ് സർവേക്ക് നിർദേശം നൽകിയത്. യുവാക്കൾ കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെ സംഘർഷാവസ്ഥ കനത്തതായാണ് റിപ്പോർട്ട്. പ്രദേശത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

webdesk14: