X

ഷഹബാസ് വധക്കേസ്; പ്രതി നഞ്ചക്ക് ഉപയോഗിക്കാന്‍ പഠിച്ചത് യൂട്യൂബ് നോക്കി

താമരശ്ശേരിയിലെ ഷഹബാസ് കൊലപാതക കേസില്‍ പ്രതി നഞ്ചക്ക് ഉപയോഗിക്കാന്‍ പഠിച്ചത് യൂട്യൂബ് നോക്കിയാണെന്നു പൊലീസ് കണ്ടെത്തല്‍. പിടിയിലായ വിദ്യാര്‍ഥികളുടെ ഫോണ്‍ പരിശോധിച്ചതിലാണ് പൊലീസിന്റെ നിര്‍ണായക കണ്ടെത്തല്‍. അതേസമയം, സാമൂഹ്യ മാധ്യമങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഷഹബാസിന്റെ മൊബൈല്‍ ഫോണ്‍ പരിശോധന തുടരുകയാണ്.

ഷഹബാസ് കൊലപാതകത്തില്‍ പിടിയിലായ വിദ്യാര്‍ഥികളുടെ ഫോണ്‍ പരിശോധിച്ചതിലാണ് പ്രതി നഞ്ചക്ക് ഉപയോഗിക്കാന്‍ പഠിച്ചത് യൂട്യൂബ് നോക്കിയാണെന്ന് പൊലീസ് കണ്ടെത്തിയത്. ഫോണിന്റെ സെര്‍ച്ച് ഹിസ്റ്ററിയില്‍ ഇതിന്റെ തെളിവുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച നഞ്ചക്ക് അറസ്റ്റിലായ വിദ്യാര്‍ഥിയുടെ പിതാവിന്റേതാണെന്ന രീതിയില്‍ നേരത്തെ വിവരം പുറത്ത് വന്നിരുന്നു.എന്നാല്‍ കരാട്ടെ പരിശീലനം നടത്തുന്ന ഇളയസഹോദരന്റേതാണ് നഞ്ചക്ക് എന്നാണ് പൊലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. നഞ്ചക്ക് ഉപയോഗിച്ച് ഷഹബാസിന്റെ തലയോട്ടി പൊട്ടിച്ചതാണ് മരണത്തിന് കാരണമായത്.

ഷഹബാസിനെ നേരിട്ട് കണ്ടാല്‍ കൊല്ലുമെന്ന് പിടിയിലായവര്‍ ഇന്‍സ്റ്റഗ്രാം വഴി കൊലവിളി നടത്തി. നഞ്ചക് ഉപയോഗിച്ച് മര്‍ദിക്കുമെന്നും വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണ സംഘം മെറ്റയോടും വിവരങ്ങള്‍ തേടിയിരുന്നു. നിലവില്‍ ആറ് പേരാണ് കേസില്‍ പിടിയിലായത്.

webdesk18: