X

എസ്എഫ്‌ഐ യൂണിയന്‍ ചെയര്‍മാന് എസ്എഫ്‌ഐയുടെ അപ്രഖ്യാപിത വിലക്ക്; ക്യാമ്പസില്‍ എത്തിയിട്ട് 3 മാസം; അന്വേഷണം വേണമെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍

എസ്എഫ്‌ഐ യൂണിയന്‍ ചെയര്‍മാന് എംജി സര്‍വകലാശാല ക്യാമ്പസില്‍ വിലക്ക്. കഴിഞ്ഞ 3 മാസമായി ചെയര്‍മാന്‍ ക്യാമ്പസില്‍ എത്തിയിട്ടില്ല. ഇതിനിടെ ഒരു വിദ്യാര്‍ത്ഥിനിയുടെ പരാതിക്ക് പിന്നാലെ ചെയര്‍മാന് മര്‍ദ്ദനമേറ്റിരുന്നു. ഇത് എസ്എഫ്‌ഐ നേതൃത്വത്തിന്റെ അറിവോടെയാണെന്നാണ് ആരോപണം. ഈ സംഭവത്തിന് പിന്നാലെയാണ് ചെയര്‍മാന് ക്യാമ്പസില്‍ അപ്രഖ്യാപിത വിലക്ക് വന്നത്. ഈ വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെട്ടു.

മലപ്പുറം സ്വദേശിയും എംജി സര്‍വകലാശാല ക്യാമ്പസിലെ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ എസ്എഫ്‌ഐ ചെയര്‍മാനും ഒന്നാം വര്‍ഷ ജെന്‍ഡര്‍ സ്റ്റഡീസ് വിദ്യാര്‍ത്ഥിയുമായ നേതാവിനാണ് അപ്രഖ്യാപിത വിലക്ക്. കോട്ടയത്തു വെച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന എംജി സര്‍വകലാശാല കലോത്സവത്തില്‍ എസ്എഫ്‌ഐ ചെയര്‍മാന്‍ പങ്കെടുക്കാത്തത് ചര്‍ച്ച ആയിരുന്നു.

നാളുകള്‍ക്കു മുമ്പ് ഒരു വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ചെയര്‍മാന് ഒരു സംഘം വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനമേറ്റിരുന്നു. ഇത് എസ്എഫ്‌ഐ നേതൃത്വത്തിന്റെ അറിവോടെയായിരുന്നു എന്ന് ആരോപണം ഉയരുന്നുണ്ട്. ഇതിനു പിന്നാലെയാണ് ചെയര്‍മാന് ക്യാമ്പസില്‍ അപ്രഖ്യാപിത വിലക്ക് വന്നത്. ഫെബ്രുവരിയില്‍ നടന്ന കലോത്സവത്തില്‍ ചെയര്‍മാന്റെ അസാന്നിധ്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ എസ്എഫ്‌ഐ തയാറായില്ല.

എംജി സര്‍വകലാശാല ക്യാമ്പസിലും ഹോസ്റ്റലിലും നിലവില്‍ എസ്എഫ്‌ഐക്കാണ് മേല്‍ക്കൈ. എന്നിട്ടും ഇവിടെയെല്ലാം ചെയര്‍മാനെ വിലക്കിയിരിക്കുകയാണ്. കൂടാതെ ഡിപ്പാര്‍ട്ട്‌മെന്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും ഇയാളെ പുറത്താക്കി. അതേസമയം തനിക്ക് മര്‍ദ്ദനമേറ്റത് ക്യാമ്പസിന് പുറത്തുവെച്ച് ആയിരുന്നുവെന്നും അതില്‍ എസ്എഫ്‌ഐക്ക് യാതൊരു ബന്ധവുമില്ലെന്നും ആണ് ചെയര്‍മാന്റെ വിശദീകരണം. താന്‍ ഉടന്‍തന്നെ ക്യാമ്പസില്‍ തിരികെ എത്തുമെന്ന് ചെയര്‍മാന്‍ പറയുന്നു.

എന്നാല്‍ എസ്എഫ്‌ഐ നേതൃത്വത്തിന്റെ ഭീഷണി ഭയന്നാണ് ചെയര്‍മാന്‍ ഇത്തരത്തില്‍ പ്രതികരിച്ചതെന്നാണ് മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ പറയുന്നത്. സംഭവത്തില്‍ സമഗ്രമായി അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു, എംഎസ്എഫ്, ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ രംഗത്തെത്തി. വിഷയത്തില്‍ നിയമ നടപടികള്‍ സ്വീകരിക്കാനും മറ്റു വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴും ക്യാമ്പസിനുള്ളിലെ എസ്എഫ്‌ഐ ചെയര്‍മാന്റെ അസാധ്യത്തെ കുറിച്ച് പ്രതികരിക്കാന്‍ എസ്എഫ്‌ഐ നേതൃത്വം തയാറായിട്ടില്ല.

webdesk13: