‘സര്‍ബത്ത് ജിഹാദ്’ പരാമര്‍ശത്തിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബാബാ രാംദേവിനെതിരെ പരാതി നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. ഭാരതീയ ന്യായ് സംഹിതയിലെ 196(1)(a), 299 എന്നീ വകുപ്പുകള്‍ പ്രകാരവും വിവരസാങ്കേതിക നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദിഗ് വിജയ് സിങ് ഭോപ്പാലിലെ ടി.ടി. നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
മതവികാരം ഇളക്കിവിടുന്നതിനും പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തതാണ് രാംദേവ് തന്റെ എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വിഡിയോ. രാംദേവ് ഹംദാര്‍ദ് കമ്പനിയുടെ പേര് പറഞ്ഞില്ലെങ്കിലും അതിനെയാണ് ചൂണ്ടിക്കാണിച്ചതെന്ന് രാജ്യത്തിനറിയാം. കമ്പനിയുടെ ഉടമ ഒരു മുസ്ലിം ആയതുകൊണ്ട് മാത്രമാണ് രാംദേവ് സര്‍ബത്തിനെ എതിര്‍ക്കുന്നത്. വിദ്വേഷ പ്രസംഗമാണെന്ന് രാംദേവ് നടത്തിയിരിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത് ഉചിതമായതും കര്‍ശനവുമായ നടപടി സ്വീകരിക്കണം- ദിഗ് വിജയ് സിങ് പറഞ്ഞു
മതത്തിന്റെയും ദേശീയതയുടെയും സഹായം സ്വീകരിച്ച്, കോടിക്കണക്കിന് രൂപയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത ബിസിനസുകാരന്‍ രാംദേവ് തന്റെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചുവെന്ന് സിങ് നേരത്തെ ഒരു പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ‘നിങ്ങള്‍ക്ക് സര്‍ബത്ത് നല്‍കുന്ന ഒരു കമ്പനിയുണ്ട്, പക്ഷേ അത് സമ്പാദിക്കുന്ന പണം മദ്രസകളും പള്ളികളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നു. നിങ്ങള്‍ ആ സര്‍ബത്ത് കുടിച്ചാല്‍ മദ്രസകളും പള്ളികളും നിര്‍മിക്കപ്പെടും. എന്നാല്‍ നിങ്ങള്‍ പതഞ്ജലിയുടെ റോസ് സര്‍ബത്ത് കുടിച്ചാല്‍ ഗുരുകുലങ്ങളും ആചാര്യകുലവും നിര്‍മിക്കപ്പെടുകയും വികസിപ്പിക്കപ്പെടുകയും ചെയ്യും’ -എന്നാണ് രാംദേവ് പറഞ്ഞത്.