X

പ്രതിസന്ധിക്കിടയിലെ ശമ്പള മേള

ഇന്ത്യയിലെ ഉയര്‍ന്ന ജീവിതനിലവാരവും ഉയര്‍ന്ന ആളോഹരി വരുമാനവുമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എന്നാല്‍, കേരള സര്‍ക്കാര്‍ സാമ്പത്തിക ചുഴിയില്‍പെട്ടു നട്ടം തിരിയുകയാണ്. ശമ്പളം കൊടുക്കാനും പെന്‍ഷന്‍ കൊടുക്കാനും പലിശനല്‍കാനും ക്ഷേമ, വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനും പണമില്ലാതെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയില്‍ നട്ടംതിരിയുകയാണ് സര്‍ക്കാര്‍. പല ഘട്ടങ്ങളിലായി മുഖ്യമന്ത്രി മുതല്‍ മന്ത്രിമാര്‍ വരെ ഇക്കാര്യം സമ്മതിച്ചതുമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും സര്‍ക്കാറിന്റെ ധൂര്‍ത്തിന് ഒരു കുറവുമില്ലെന്നത് പരമ സത്യമാണ്. പ്രതിപക്ഷം ഇക്കാര്യം പലവട്ടം ഓര്‍മപ്പെടുത്തിയിട്ടുമുണ്ട്. എന്നാലിപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും അനാവശ്യ ശമ്പള വര്‍ധന വരുത്തിയും യാത്രാബത്ത കൂട്ടിയും കേസുകള്‍ നടത്താന്‍ വന്‍ തുക അഭിഭാഷകര്‍ക്ക് കൊടുത്തും ധൂര്‍ത്ത് ആഘോഷമാക്കുകയാണ് ഇടതു സര്‍ക്കാര്‍. മറുവശത്ത് ജീവിക്കാന്‍ ഗതിയില്ലാതെ തെരുവില്‍ സമരം ചെയ്യുന്ന പാവപ്പെട്ടവരെ പാടേ മറന്നാണ് സര്‍ക്കാറിന്റെ ധൂര്‍ത്തെന്നത് ഓര്‍ക്കണം.

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പി.എസ്.സി) ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ ദിവസമാണ് മന്ത്രിസഭായോഗം തീരുമാനമെടുത്തത്. ചെയര്‍മാന്റെ ശമ്പള സ്‌കെയില്‍ ജില്ലാ ജഡ്ജിമാരുടെ പരമാവധി സൂപ്പര്‍ ടൈം സ്‌കെയിലിനും അംഗങ്ങളുടേത് ജില്ലാ ജഡ്ജിമാരുടെ പരമാവധി സെലക്ഷന്‍ ഗ്രേഡിനും സമാനമായി പരിഷ്‌കരിക്കാനാണ് തീരുമാനം. 2,24,100 രൂപയാണ് ജില്ലാ ജ ഡ്ജിമാരുടെ സൂപ്പര്‍ ടൈം സ്‌കെയില്‍ പരമാവധി അടിസ്ഥാ ന ശമ്പളം. ഈ നിരക്കില്‍ ചെയര്‍മാന്റെ ശമ്പളം നിലവില്‍ 2.60 ലക്ഷത്തില്‍ നിന്ന് നാലു ലക്ഷത്തിലധികമായി ഉയരും. അംഗങ്ങളുടെ അടിസ്ഥാന ശമ്പളം 2,19,090 രൂപയായാണ് ഉയരുന്നത്. അവര്‍ക്കും ആനുകൂല്യങ്ങളടക്കം നാലു ലക്ഷം രൂപവരെ ലഭിക്കും. 2.42 ലക്ഷമാണിപ്പോള്‍ ആനുകൂല്യങ്ങളടക്കം ലഭിക്കുന്നത്. ശമ്പള വര്‍ധനവിന് 2016 മുതല്‍ പ്രാബല്യമുണ്ടാ കുമെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന വിശകലനത്തെതുടര്‍ന്ന് ഈ തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോയിട്ടുണ്ട്. ചെയര്‍മാനടക്കം 21 പി.എസ്.സി അംഗങ്ങളാണുള്ളത്.

പി.എസ്.സി അംഗങ്ങളുടെ ശമ്പള വര്‍ധനവിന് പിന്നാലെ, കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ.വി തോമസിന്റെ യാത്രാബത്ത ഉയര്‍ത്താനും നിര്‍ദേശമുണ്ട്. പ്രതിവര്‍ഷ തുക 11.31 ലക്ഷം ആക്കാനാണ് പൊതുഭരണ വകുപ്പിന്റെ ശുപാര്‍ശ. ബുധനാഴ്ച ചേര്‍ന്ന സബ്ജക്ട് കമ്മിറ്റി യോഗത്തിലാണ് വിഷയം വന്നത്. അഞ്ച് ലക്ഷം രൂപയായിരുന്നു സംസ്ഥാന ബജറ്റില്‍ കെ.വി തോമസിന് യാത്രാബത്തയായി അ നുവദിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞവര്‍ഷം 6.31 ലക്ഷം രൂപ ചിലവായതിനാല്‍ അഞ്ച് ലക്ഷം രൂപ പോരെന്നും 11.31 ലക്ഷം വേണമെന്നും ധനവകുപ്പിനോട് പൊതുഭരണ വകുപ്പിന്റെ പ്രോട്ടോക്കോള്‍ വിഭാഗം ശുപാര്‍ശ ചെയ്യുകയായിരുന്നു. ഓണറേറിയം ഇനത്തില്‍ പ്രതിവര്‍ഷം ലക്ഷങ്ങള്‍ കെ.വി തോമസിന് ലഭിക്കുന്നുണ്ട്. ഇതിനുപുറമെയാണ് യാത്രബത്ത ഇരട്ടിയാക്കാനുള്ള നിര്‍ദേശം. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ട്രഷറി യന്ത്രണത്തില്‍ ഇളവുവരുത്തി 12.50 ലക്ഷം രൂപ കെ.വി തോമസിന് ഓണറേറിയം നല്‍കിയതും ആരോപണത്തിന് ഇടയാക്കിയിരുന്നു. കാബിനറ്റ് റാങ്ക് നല്‍കിയുള്ള കെ.വി തോമസിന്റെ നിയമനം അനാവശ്യ ചെലവാണെന്ന് പ്രതിപക്ഷം നിരന്തരം ആരോപണം ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് യാത്രാബത്ത ഉയര്‍ത്താനുള്ള ശുപാര്‍ശ. ഹൈക്കോടതി അഭിഭാഷകരുടെ ശമ്പളവും കുത്തനെ കൂട്ടിയിട്ടുണ്ട്. 30,000 രൂപ വരെയുടെ വര്‍ധനവാണ് ശമ്പളത്തില്‍ വരുത്തിയിരിക്കുന്നത്. സ്‌പെഷ്യല്‍ ഗവ. പ്ലീഡറുടെ ശമ്പളം 1.20 ലക്ഷത്തില്‍ നിന്നും 1.50 ലക്ഷമാക്കി ഉയര്‍ത്തി. സീനിയര്‍ പ്ലീഡറുടെ ശമ്പളം 1.10 ല്‍ നിന്നും 1.40 ലക്ഷവും പ്ലീഡര്‍മാറുടേത് 1 ലക്ഷത്തില്‍ നിന്നും 1.25 ലക്ഷവുമാക്കി. മൂന്ന് വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള വര്‍ധന നല്‍കിയിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ വൈകുന്നതും മുടങ്ങുന്നതും മാത്രമല്ല, തൊഴിലുറപ്പ് പദ്ധതിയിലടക്കം പണിയെടുത്ത പലര്‍ക്കും കുലി നല്‍കാനാകാത്ത സ്ഥിതിയും നെല്‍കര്‍ഷകര്‍ ഉള്‍പ്പടെ പല കര്‍ഷകര്‍ക്കും സംഭരിച്ച നെല്ലിന് പണം നല്‍കാനാവാത്ത സ്ഥിതിയുമുള്ളപ്പോള്‍തന്നെയാണ് സ്വന്തക്കാര്‍ക്ക് വാരിക്കോരി ശമ്പള വര്‍ധനവ് ഏര്‍പ്പെടുത്തുന്നത് എന്നത് ജനങ്ങളെ കളിയാക്കുന്നതിന് തുല്യമാണ്.

എല്‍.എസ്.എസ്, യു.എ സ്.എസ് സ്‌കോളര്‍ഷിപ്പ് തുക കൊടുക്കാതായിട്ട് വര്‍ഷങ്ങളായി. റേഷന്‍ കടയിലെ ജീവനക്കാര്‍ ഇയ്യിടെ കൂലി വര്‍ധന ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയപ്പോള്‍ അവരെ കളിയാക്കിയ സര്‍ക്കാറാണിപ്പോള്‍ വന്‍ ശമ്പള വര്‍ധന ഏര്‍പെടുത്തിയത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങള്‍ വരെ വെട്ടിക്കുറച്ചു. മൂന്നു മാസമായി മുടങ്ങിക്കിടക്കുന്ന വേതനത്തിനും വേതന വര്‍ധനവിനും വേണ്ടി സെക്രട്ടേറിയറ്റിനു മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ സമരം നടത്തുകയാണ്. പത്തു ദിവസത്തിലധികമായി നടത്തുന്ന സമരം കണ്ടില്ലെന്നു നടിക്കുന്ന അതേ സര്‍ക്കാരാണ് ലക്ഷങ്ങള്‍ മാസ ശമ്പളം വാങ്ങുന്നവരുടെ ശമ്പളം വീണ്ടും വര്‍ധിപ്പിച്ചത്. ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാതെ കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാരും വിരമിച്ചവരും നട്ടംതിരിയുന്നതും ഇതേ കേരളത്തിലാണ്. വയോധികരും വിധവകളും ഭിന്നശേഷിക്കാരും ഉള്‍പ്പെടെയുള്ളവര്‍ക്കു മാസങ്ങളോളം പെന്‍ഷന്‍ നല്‍കാതിരുന്നു. ഇപ്പോഴും മൂന്നു മാസത്തെ കുടിശികയുണ്ട്. ജീവനക്കാര്‍ക്കും പെന്‍ഷന്‍ കാര്‍ക്കുമായി ഒരു ലക്ഷം കോടി രൂപയുടെ കുടിശികയാണ് നിലവിലുള്ളത്. ഖജനാവില്‍ പണമില്ലാത്തതില്‍ പ്രത്യേക പരിഗണന നല്‍കേണ്ട വിഭാഗങ്ങളുടെ പദ്ധതി വിഹിതം പോലും ചരിത്രത്തില്‍ ആദ്യമായി വെട്ടിക്കുറച്ച സര്‍ക്കാരാണ് രാഷ്ട്രീയ നിയമനത്തിലൂടെ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്നവര്‍ക്ക് വീണ്ടും ലക്ഷങ്ങള്‍ കൂട്ടിക്കൊടുത്തത്. പെന്‍ഷന്‍ പറ്റിയ ഉന്നത ഉദ്യോഗസ്ഥരുടെ പട തന്നെയുണ്ട് സംസ്ഥാനത്ത്. ഇവരെ തീറ്റിപ്പോറ്റുന്നതിനും സര്‍ക്കാറിന് ഒരു വൈമനസ്യവുമില്ല.

ഗവണ്‍മെന്റ്‌റിന്റെ വരുമാനവും ചെലവും തമ്മിലുള്ള അന്തരം സര്‍ക്കാര്‍ മനസിലാക്കണം. പരിമിതമായ വിഭവങ്ങളും അപരിമിതങ്ങളായ ആവശ്യങ്ങളും തമ്മിലുള്ള വിടവ് സുക്ഷ്മവും യുക്തവുമായ ആസൂത്രണ പ്രക്രിയയിലൂടെയാണു പരിഹരിക്കപ്പെടേണ്ടത്. സ്വന്തക്കാര്‍ക്ക് വാരിക്കോരിയും അല്ലാത്തവര്‍ മുണ്ടുമുറുക്കി ജീവിക്കട്ടെയെന്ന നിലപാട് സര്‍ക്കാര്‍ മാറ്റിയേ മതിയാകൂ.

webdesk18: