X

യോഗി സര്‍ക്കാരിന്റെ വിലക്ക് മറികടന്ന് സംഭലിലേക്ക് പുറപ്പെടാനൊരുങ്ങി രാഹുല്‍ ഗാന്ധി; കൂടെ പ്രിയങ്കാ ഗാന്ധിയും കോണ്‍ഗ്രസ് എം.പിമാരും

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സംഭലിലേക്കുള്ള യാത്ര തടയാൻ ഒരുങ്ങി യുപി സർക്കാർ. രാഹുല്‍ ഗാന്ധിയെ തടയാന്‍ സംഭല്‍ ജില്ലാ മജിസ്‌ട്രേറ്റ് അയല്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി. അതിര്‍ത്തികളില്‍ നിരവധി പൊലീസുകരെയും വിന്യസിച്ചു. ഡല്‍ഹിയില്‍ നിന്ന് ഇന്ന് രാവിലെ 10 മണിയോടെ സംഭലിലേക്ക് രാഹുല്‍ പുറപ്പെടാന്‍ ഇരിക്കെയാണ് സര്‍ക്കാര്‍ നീക്കം.

ഈ മാസം പത്ത് വരെ നിരോധനാജ്ഞയുള്ളതിനാല്‍ ആര്‍ക്കും പുറത്തുനിന്ന് വരാന്‍ കഴിയില്ലെന്ന് ഉത്തരവില്‍ പറയുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്കാ ഗാന്ധിയും കോണ്‍ഗ്രസ് എംപിമാരും അനുഗമിക്കും.

രാഹുല്‍ ഗാന്ധിയും ഒപ്പം പ്രിയങ്കാ ഗാന്ധിയും അടങ്ങുന്ന കോണ്‍ഗ്രസ് എംപിമാരും ബുധനാഴ്ച സംഭല്‍ സന്ദര്‍ശിക്കുമെന്ന് ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് ആണ് അറിയിച്ചത്. കൂടാതെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ഉത്തര്‍ പ്രദേശിന്റെ ചുമതലയുമുള്ള അവിനാശ് പാണ്ഡെയുമുണ്ടാകും. പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തും.

ഷാഹി മസ്ജിദ് സര്‍വേയുമായി ബന്ധപ്പെട്ട് നവംബര്‍ 24ന് സംഭലിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചുപേരെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഥലം സന്ദര്‍ശിക്കാനിരുന്ന മുസ്‌ലിം ലീഗ്, സമാജ്‌വാദി പാര്‍ട്ടി എംപിമാരെ നേരത്തെ യുപി പൊലീസ് തടഞ്ഞിരുന്നു.

webdesk13: