X

പുതുതായി നിയമിക്കപ്പെട്ട ഒമ്പത് ഗവർണർമാരും ആർ.എസ്.എസ്, ബി.ജെ.പി നേതാക്കൾ

രാജ്യത്തെ 9 സംസ്ഥാനങ്ങളിലേക്ക് പുതുതായി നിയമിക്കപ്പെട്ട ഗവര്‍ണര്‍മാര്‍ ആര്‍.എസ്.എസ്, ബി.ജെ.പി ബന്ധമുള്ളവര്‍. ഒരു വര്‍ഷത്തിലേറെയായി കലാപം തുടരുന്ന മണിപ്പൂര്‍ ഉള്‍പ്പടെ രാജ്യത്തെ ഒന്‍പത് സംസ്ഥാനങ്ങളിലേക്ക് ഞായറാഴ്ചയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു പുതിയ ഗവര്‍ണര്‍മാരെ പ്രഖ്യാപിച്ചത്.

സിക്കിം ഗവര്‍ണറായിരുന്ന ലക്ഷ്മണ്‍ പ്രസാദ് ആചാര്യയെ അസം ഗവര്‍ണറായി നിയമിച്ചു. 2023 ഫെബ്രുവരി മുതല്‍ മണിപ്പൂര്‍ ഗവര്‍ണറായിരുന്ന അനുസൂയ ഉകെയ്ക്ക് പകരം മണിപ്പൂരിന്റെ അധിക ചുമതലയും ലക്ഷ്മണ്‍ പ്രസാദ് ആചാര്യക്ക് നല്‍കിയിട്ടുണ്ട്. മുന്‍ മഹാരാഷ്ട്ര നിയമസഭാ സ്പീക്കറും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ ഹരിഭാവു കിസന്റാവു ബാഗ്ഡെയെ രാജസ്ഥാന്‍ ഗവര്‍ണറായും ത്രിപുര മുന്‍ ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് വര്‍മയെ തെലങ്കാന ഗവര്‍ണറായും നിയമിച്ചു.

മുന്‍ രാജ്യസഭാ എം.പി ഓം പ്രകാശ് മാത്തൂരിനെ സിക്കിം ഗവര്‍ണറായും രാഷ്ട്രപതി നിയമിച്ചു. ഓം പ്രകാശ് മാത്തൂര്‍ രാജസ്ഥാനില്‍ നിന്നുള്ള മുതിര്‍ന്ന ബി.ജെ.പി നേതാവാണ്. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായും രാജ്യസഭാ എം.പിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുമ്പ് ആര്‍.എസ്.എസിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2006ല്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസില്‍ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന കെ കൈലാഷ്‌നാഥിനെയാണ് പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണറായി നിയമിച്ചത്. ഗുജറാത്തില്‍ മോദിയുടെ ഏറ്റവും വലിയ വിശ്വസ്തരില്‍ ഒരാളായിരുന്നു കൈലാഷ്‌നാഥ്.

മുന്‍ കേന്ദ്രമന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വാറിനെയാണ് ജാര്‍ഖണ്ഡ് ഗവര്‍ണറായി നിയമിച്ചത്. ബറേലിയില്‍ നിന്ന് 7 തവണ എം.പിയായ ഗാംഗ്വാറിന് ഈ വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സീറ്റ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ പദവി നല്‍കി അദ്ദേഹത്തെ ബി.ജെ.പി തൃപ്തിപ്പെടുത്തിയിരിക്കുന്നത്.

അസമില്‍ നിന്നുള്ള മുന്‍ ലോക്സഭാ എം.പി രമണ്‍ ദേകയെയാണ് ഛത്തീസ്ഗഢ് ഗവര്‍ണറായി നിയമിച്ചത്. അസമിലെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളില്‍ ഒരാളാണ് രമണ്‍ ദേക. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചെങ്കിലും പരസ്യ പ്രതിഷേധത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഗവര്‍ണര്‍ പദവി നല്‍കി പ്രശ്‌നം പരിഹരിച്ചെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

കര്‍ണാടക മുന്‍ മന്ത്രി സി.എച്ച്. വിജയശങ്കറിനെ മേഘാലയയിലും നിയമിച്ചു. ജാര്‍ഖണ്ഡ് ഗവര്‍ണറായിരുന്ന സി.പി. രാധാകൃഷ്ണനെ മഹാരാഷ്ട്രയിലാണ് നിയമിച്ചത്. അസം ഗവര്‍ണര്‍ ഗുലാബ് ചന്ദ് കതാരിയയെ പഞ്ചാബ് ഗവര്‍ണറായി നിയമിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ ഈ വര്‍ഷം ആദ്യം രാജിവച്ച ബന്‍വാരിലാല്‍ പുരോഹിതിന് പകരമാണ് പഞ്ചാബില്‍ ഗുലാബ് ചന്ദിനെ നിയമിച്ചത്. അദ്ദേഹത്തിന് ചണ്ഡീഗഢ് യു.ടി അഡ്മിനിസ്ട്രേറ്റര്‍ പദവിയും നല്‍കിയിട്ടുണ്ട്.

webdesk14: