X

നെയ്മറും സഊദിയിലേക്ക്; അല്‍ഹിലാല്‍ നെയ്മറെ 1,451 കോടിക്ക് സ്വന്തമാക്കി

ബ്രസീല്‍ മിന്നും താരം നെയ്മര്‍ സഊദി ക്ലബായ അല്‍ ഹിലാലില്‍. 2 വര്‍ഷത്തേക്കാണ് കരാര്‍ ഒപ്പുവെച്ചത്. താരത്തിന്റെ വൈദ്യപരിശോധന ഇന്ന് നടക്കും. 160 ദശലക്ഷം യൂറോ (ഏകദേശം 1,451 കോടി രൂപ)യാണ് താരത്തിന്റെ പ്രതിഫലമെന്നാണ് വിവരം.

2017ല്‍ ബാഴ്‌സലോണയില്‍നിന്നാണ് നെയ്മര്‍ പി.എസ്.ജിയില്‍ എത്തുന്നത്. ഫുട്‌ബോള്‍ വിപണിയിലെ മികച്ച കരാറുകളിലൊന്നാണ് അന്ന് നെയ്മറിന് ലഭിച്ചിരുന്നത്. പിന്നാലെ മെസിയും ക്ലബിനൊപ്പം ചേര്‍ന്നു. നെയ്മര്‍ മെസി എംബാപ്പെ ഭരണമായിരുന്നു പിന്നീട് പി.എസ്.ജിയില്‍. എന്നാല്‍, പി.എസ്.ജി കണ്ണുവെച്ച ചാമ്പ്യന്‍സ് ട്രോഫി പാരീസില്‍ എത്തിക്കാന്‍ ഈ സഖ്യത്തിനായില്ല. ഇതോടെയാണ് വമ്പന്‍ തുക ചെലവാക്കി ഇവരെ ക്ലബില്‍ നിലനിര്‍ത്തേണ്ടതില്ലെന്ന തരത്തിലേക്ക് പി.എസ്.ജി മാനേജ്‌മെന്റ് ആലോചിക്കുന്നതും മെസിയുടെ പുറത്താകലിലേക്കു കാര്യങ്ങള്‍ എത്തിയതും. മെസിക്കുനേരെ കാണികള്‍ കൂവുന്ന സാഹചര്യംവരെ പാരീസില്‍ ഉണ്ടായി.

കിലിയന്‍ എംബാപ്പെയും പി.എസ്.ജി വിട്ടു മറ്റു ക്ലബുകളില്‍ ചേക്കാറാന്‍ നീക്കം നടത്തുന്നുണ്ട്. അടുത്ത വര്‍ഷം അവസാനിക്കാനിരിക്കുന്ന കരാര്‍ പുതുക്കില്ലെന്നു നേരത്തെ താരം വ്യക്തമാക്കിയിരുന്നു. ഇതിനുശേഷം ക്ലബ് താരവുമായി ഇടഞ്ഞുനില്‍ക്കുകയാണ്. താരത്തെ സീസണ്‍ തീരുംമുന്‍പ് തന്നെ വില്‍ക്കാനാണ് ക്ലബ് നീക്കം. റയല്‍ മാഡ്രിഡിലേക്കു കൂടുമാറാന്‍ താരവും ആഗ്രഹിക്കുന്നു. സൗദി ക്ലബുകള്‍ താല്‍പര്യമറിയിച്ച് എത്തിയെങ്കിലും തല്‍ക്കാലം അങ്ങോട്ടില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് എംബാപ്പെ. അതിനിടെ, പി.എസ്.ജിയും താരവും തമ്മില്‍ ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.

webdesk13: