ന്യൂഡല്‍ഹി: സാധാരണക്കാരന്റെ ജീവതം മാറ്റി മറിച്ച സുപ്രധാന ഭരണതീരുമാനങ്ങളിലൂടെയും സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിച്ച പുത്തന്‍ പരിഷ്കാരങ്ങളിലൂടെയും ചരിത്രത്തിലിടം നേടിയ മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന് ആദരാഞ്ജലിയര്‍പ്പിച്ച് രാജ്യം. രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് എഐസിസി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ നാളെയാണു സംസ്കാരം.
ഇന്നലെ രാത്രി ഡല്‍ഹി എയിംസില്‍വെച്ചായിരുന്നു മന്മോഹന് സിംഗിന്റെ അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്ന അദ്ദേഹം. ആരോഗ്യപ്രശ്നങ്ങള്‍ മൂലം ദീര്‍ഘകാലമായി സജീവ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
ദീര്‍ഘദര്‍ശിയായ ഭരണാധികാരിയെയാണ് നഷ്ടമായതെന്ന് മന്മോഹന് സിംഗിന്റെ വിയോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അനുശോചിച്ചത്. വഴികാട്ടിയെ നഷ്ടമായെന്ന് രാഹുല്‍ ഗാന്ധിയും സിങ്ങിന്റെ സത്യസന്ധത എപ്പോഴും പ്രചോദനമാണെന്ന് പ്രിയങ്ക ഗാന്ധിയും മരണത്തില്‍ പ്രതികരിച്ചു. രാജ്യത്തിന്റെ മഹാനായ പുത്രനെന്നാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു അനുശോചിച്ചത്. ഇന്ത്യയുടെ പുരോഗതിക്കായി പ്രവര്‍ത്തിച്ച നേതാവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു.
രാജ്യത്തിന് നികത്താനാകാത്ത നഷ്ടമെന്ന് അരവിന്ദ് കെജ്രിവാള് പറഞ്ഞു. രാജ്യത്തിന് വലിയ സംഭാവനകള്‍ നല്കിയ വ്യക്തിയെന്ന് രമേശ് ചെന്നിത്തലയും ആധുനിക ഇന്ത്യയ്ക്ക് പുതുമുഖം നല്കിയ നേതാവെന്ന് സാദിഖലി തങ്ങളും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
സാമ്പത്തിക വിദഗ്ധനായ സിംഗ് ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ ദിശ മാറ്റിയ സാമ്പത്തിക ഉദാരീകരണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു. മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണു രാഷ്ട്രീയത്തിലെത്തുന്നത്. 1991ല്‍ രാജ്യസഭാ അംഗമായി. ഇതേ വര്‍ഷം തന്നെ നരസിംഹ റാവു സര്‍ക്കാരില്‍ ധനമന്ത്രിയുമായി. 1998 മുതല്‍ 2004 വരെ രാജ്യസഭാ പ്രതിപക്ഷ നേതാവായിരുന്നു.
2004ലാണ് ആദ്യ യുപിഎ സര്‍ക്കാരില്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. 2009ല്‍ യുപിഎയുടെ രണ്ടാം ഊഴത്തിലും പ്രധാനമന്ത്രിയായി. നീണ്ട 33 വര്‍ഷത്തെ പാര്‍ലമെന്റ് ജീവിതത്തിനുശേഷം 2024 ഏപ്രിലിലാണ് രാജ്യസഭയില്‍നിന്ന് വിരമിക്കുന്നത്.
1932 സെപ്റ്റംബര്‍ 26ന് അവിഭക്ത ഇന്ത്യയിലെ പഞ്ചാബിലെ ഗാഹിലാണ് മന്മോഹന് സിംഗിന്റെ ജനനം. 1947ലെ ഇന്ത്യാ വിഭജനത്തിനുശേഷം കുടുംബം അമൃത്സറിലേക്ക് കുടിയേറി. ഇവിടെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദം സ്വന്തമാക്കി. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ പിഎച്ച്ഡിയും പൂര്‍ത്തിയാക്കി.
കേന്ദ്ര ധനവകുപ്പില്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവും റിസര്‍വ് ബാങ്ക് ഡയറക്ടറുമായിരുന്ന അദ്ദേഹം 1982ല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുമായി. കേന്ദ്ര ആസൂത്രണ കമ്മിഷന് ഡെപ്യൂട്ടി ചെയര്മാന്, ജനീവയിലെ സൗത്ത് കമ്മിഷന് സെക്രട്ടറി ജനറല്‍, പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിന്റെ സാമ്പത്തിക ഉപദേഷ്ടാവ്, യുജിസി ചെയര്മാന് എന്നീ പദവികളും വഹിച്ചു.