X

ഐ ലീഗില്‍ കളിക്കാന്‍ മുഹമ്മദ് ഷര്‍ജീല്‍

ഫൈസല്‍ മാടായി

കണ്ണൂര്‍: കാല്‍പന്തുകളിയില്‍ കേമനായി, മൈതാനത്ത് കരുത്ത് തെളിയിച്ച മുഹമ്മദ് ഷര്‍ജീല്‍ ഐ ലീഗിന് വേണ്ടി കളിക്കും. സില്‍വാസ യൂണിറ്റഡ് എഫ്.സി താരമായി.
ഫുട്‌ബോളിലെ മികച്ച മുന്നേറ്റത്തിലൂടെ ജില്ലാ ഡിവിഷന്‍ ലീഗിലുള്‍പ്പെടെ തിളങ്ങിയ കരുത്തുമായാണ് മാടായി പുതിയങ്ങാടി സ്വദേശി ടി.കെ മുഹമ്മദ് ഷര്‍ജീല്‍ ഐ ലീഗിലും കളിക്കാന്‍ അവസരം നേടി പ്രൊഫഷണല്‍ ഫുട്‌ബോളിന്റെ ഭാഗമാകുന്നത്. പ്രതിരോധ നിരയിലെ കരുത്തില്‍ ധമാന്‍ സില്‍വാസ യൂണിറ്റഡ് ഫുട്‌ബോള്‍ ക്ലബ്ബ് താരമായി ഐ ലീഗ് പ്രവേശം. ക്ലബ്ബില്‍ സെലക്ഷന്‍ നേടിയ ഷര്‍ജീല്‍ നാളെ ടീമിന്റെ ഭാഗമാകും.

കാല്‍പന്തുകളിയില്‍ ആത്മവിശ്വാസം കൈമുതലാക്കിയ ഷര്‍ജീല്‍ കണ്ണൂരിലെ മാടായിയില്‍ നിന്ന് ആദ്യമായി ഐ ലീഗില്‍ കളിക്കാന്‍ അവസരം ലഭിച്ച താരമാണ്. നാടിന്റെ അകമഴിഞ്ഞ പിന്തുണയില്‍ കാല്‍പന്തുകളിയുടെ ആരവങ്ങളിലെത്തുമ്പോള്‍ ജില്ലയുടെ തന്നെ വാഗ്ദാനമാകും ഈ 19കാരന്‍. ഫുട്‌ബോള്‍ താരമായി കായികരംഗത്തും പ്രചോദനമാകും മേഖലയില്‍ ജോലിനേടണമെന്നാണ് ആഗ്രഹം.

ദുബായിയില്‍ ജോലിചെയ്യുന്ന പുതിയങ്ങാടി ഇട്ടമ്മലിലെ കെ.വി അബ്ദുല്‍ ജലീല്‍-ടി.കെ സാജിത ദമ്പതികളുടെ മകനാണ് ഹിന്ദുസ്ഥാന്‍ യൂണിവേഴ്‌സിറ്റി ബിഎസ്‌സി ഫിസിക്കല്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ഷര്‍ജീല്‍. പുതിയങ്ങാടിയിലെ സി.എച്ച് മുഹമ്മദ് കോയ സ്‌പോര്‍ട്‌സ് അക്കാദമി, മുന്‍ ഐലീഗ് ഗോള്‍കീപ്പര്‍ സിയാസിന് കീഴില്‍ എരിപുരം സ്‌പോര്‍ട്‌സ് അക്കാദമി, ഫസ്റ്റ് ടച്ച് ഫുട്‌ബോള്‍ സ്‌കൂള്‍ എന്നിവിടങ്ങളിലും ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ യൂണിവേഴ്‌സിറ്റിയിലുമായിരുന്നു പരിശീലനം.

webdesk14: