മഹാകുംഭമേളയുടെ ഭാഗമായി ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കു കൂടി പ്രധാനമന്ത്രി മോദി ആദരാഞ്ജലികള്‍ അര്‍പ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കുംഭമേള ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണെന്ന പരാമര്‍ശങ്ങളെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ഇതില്‍ പങ്കെടുക്കാനെത്തി ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
മഹാകുംഭ മേളയെ പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ലോക്സഭാ പ്രസംഗത്തെ നിശിതമായി രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ‘ മഹാകുംഭ് നമ്മുടെ ചരിത്രവും സംസ്‌കാരവുമാണ്. എന്നാല്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി നല്‍കിയില്ല എന്നതാണ് ഞങ്ങളുടെ ഒരേയൊരു പരാതി.”
കുംഭമേളയില്‍ പങ്കെടുത്ത യുവാക്കള്‍ പ്രതീക്ഷിക്കുന്നത് പ്രശംസയല്ല, അവര്‍ക്ക് ജോലിയാണ് ആവശ്യമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മയുടെ ആശങ്കകളും രാഹുല്‍ ഗാന്ധി സൂചിപ്പിച്ചു. കുംഭമേള സാംസ്‌കാരികവും ആത്മീയവുമായ ഒരു വിജയമായി കേന്ദ്ര സര്‍ക്കാരും യുപി ഗവണ്‍മെന്റും ആഘോഷിക്കുന്നതിനെയും പ്രതിപക്ഷം ചോദ്യം ചെയ്തു. ജനുവരി 29 ന് മൗനി അമാവാസിയില്‍ ഉണ്ടായ തിക്കിലും തിരക്കിലും 30 പേര്‍ മരിച്ചതായാണ് സര്‍ക്കാര്‍ ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ മരണസംഖ്യ ഇതിലും കൂടുതലാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
പാര്‍ലമെന്റില്‍ പ്രതിപക്ഷശബ്ദത്തിന്മേലുള്ള നിയന്ത്രണങ്ങളില്‍ പ്രതിപക്ഷം പ്രതിഷേധം അറിയിച്ചു. ”ജനാധിപത്യ ഘടന അനുസരിച്ച്, പ്രതിപക്ഷ നേതാവിന് സംസാരിക്കാന്‍ അവസരം ലഭിക്കേണ്ടതാണ്, പക്ഷേ അവര്‍ അനുവദിക്കില്ല. ഇതാണ് പുതിയ ഇന്ത്യ…. രാഹുല്‍ ഗാന്ധി പറഞ്ഞു