ചെറുകിട കച്ചവടക്കാര്‍ക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിന് ബോളിവുഡ് താരം അമിതാഭ് ബച്ചനും ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്കാർട്ടിനുമെതിരെ പരാതി. അടിയന്തര നടപടി ആവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) ഉപഭോക്തൃകാര്യ മന്ത്രാലയത്തിലെ സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിക്ക് പരാതി നല്‍കി.
സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വില്‍പനക്കാരും വിതരണക്കാരും മൊബൈല്‍ ഫോണുകള്‍ ലഭ്യമാക്കുന്ന വിലയെക്കുറിച്ച് അമിതാഭ് ബച്ചന്‍ മുഖേന ഫ്ലിപ്കാർട്ട് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതായി സിഎഐടി ദേശീയ പ്രസിഡന്റ് ബി.സി ഭാരതിയയും സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേല്‍വാളും പരാതിയില്‍ പറഞ്ഞു.
ഈ പരസ്യം ഉടന്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും പോര്‍ട്ടലിന് പിഴ ചുമത്താനും സിസിപിഎ ഫ്‌ലിപ്കാര്‍ട്ടിന് നിര്‍ദേശം നല്‍കണമെന്ന് ഭാരതിയയും ഖണ്ഡേല്‍വാളും ആവശ്യപ്പെട്ടിട്ടുണ്ട്. ബച്ചന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നാരോപിച്ച്, നിയമത്തിലെ സെക്ഷന്‍ 89 പ്രകാരം 10 ലക്ഷം രൂപ നടനില്‍ നിന്ന് പിഴ ഈടാക്കണമെന്ന് ഇരുവരും പറഞ്ഞു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി കഴിഞ്ഞ വര്‍ഷം പുതിയ മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. എല്ലാ മാധ്യമങ്ങളിലൂടെയുമുള്ള പരസ്യങ്ങള്‍ക്ക് മാര്‍ഗരേഖ ബാധകമാണ്. മാര്‍ഗരേഖയുടെ ആദ്യലംഘനത്തിന് പത്ത് ലക്ഷം രൂപയും ആവര്‍ത്തിച്ചാല്‍ 50 ലക്ഷവുമാണ് സ്ഥാപനങ്ങള്‍ക്ക് പിഴ. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ സാക്ഷ്യപ്പെടുത്തുന്ന വ്യക്തികളെ ഒരു വര്‍ഷം വിലക്കാം. ഇതാവര്‍ത്തിച്ചാല്‍ വിലക്ക് 3 വര്‍ഷം വരെയാകാം.