X

മണിപ്പുര്‍ കലാപം; അവിശ്വാസ പ്രമേയം ഉടന്‍ ചര്‍ച്ചയ്‌ക്കെടുക്കണമെന്ന് ഇന്ത്യ മുന്നണി

മണിപ്പുര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷ മുന്നണിയായഇന്ത്യ . അവിശ്വാസ പ്രമേയം ഉടന്‍ ചര്‍ച്ചയ്ക്ക് എടുക്കണം എന്നാണ് ലോക്‌സഭയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. എന്നാല്‍, പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും നിര്‍ണായക ബില്ലുകള്‍ സഭയില്‍ ശബ്ദ വോട്ടോടെ പാസാക്കിയെടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്ന് സഭയില്‍ നിര്‍ണായക വിഷയം ചര്‍ച്ചയാകുമെന്ന് ചൂണ്ടിക്കാട്ടി അംഗങ്ങള്‍ക്ക് കോണ്‍ഗ്രസ് അതീവ പ്രാധാന്യമുള്ള വിപ്പ് നല്‍കി. രാവിലെ മുതല്‍ സഭാ പിരിയുന്നത് വരെ മുഴുവന്‍ അംഗങ്ങളും ലോക്‌സഭയില്‍ ഉണ്ടാകണമെന്നാണ് പാര്‍ട്ടി വിപ്പ്.

അതേസമയം, മണിപ്പുര്‍ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മുന്‍ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ് ഉള്‍പെടെയുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗവര്‍ണര്‍ അനുസൂയ യുകെയെക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചു. നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയാതായി ഒക്രം ഇബോബി സിങ് പറഞ്ഞു.

സഭയില്‍ വിശദമായി ചര്‍ച്ച ചെയ്ത് ശാശ്വതമായ പരിഹാരം കണ്ടെത്തണം. മണിപ്പുര്‍ സംഘര്‍ഷത്തില്‍ ഇത്രയും നാള്‍ പ്രധാനമന്ത്രി മൗനം പാലിച്ചത് എന്തുകൊണ്ടാണെന്നും പാര്‍ലമെന്റില്‍ മണിപ്പൂരിനെക്കുറിച്ച് ഉന്നയിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും പ്രധാനമന്ത്രി ഉത്തരം പറയണമെന്നും ഒക്രം ഇബോബി സിങ് ആവശ്യപ്പെട്ടു.

webdesk13: