X

ഇ പി ജയരാജന്റെ വൈദേകത്തിലും ഇഡി; കള്ളപ്പണ ആരോപണത്തില്‍ കേസെടുത്തു, 3 പേര്‍ക്കെതിരെ അന്വേഷണം

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ ഭാര്യയ്ക്കും മകനും പങ്കാളിത്തമുള്ള വൈദേകം റിസോര്‍ട്ടിനെതിരെ അന്വേഷണമാരംഭിച്ച് ഇഡി. കേസില്‍ കൈവശമുള്ള വിവരങ്ങള്‍ ഹാജരാക്കാന്‍ പരാതിക്കാരനായ എം ആര്‍ അജയന് ഇഡി നോട്ടീസ് അയച്ചു. വിദേശനിക്ഷേപം സ്വീകരിച്ചതില്‍ ഫെമ ചട്ടലംഘനം നടന്നോയെന്നാണ് പരിശോധിക്കുന്നത്.

വൈദേകം കേസില്‍ മധ്യവേനലവധി കഴിഞ്ഞ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നിരിക്കെയാണ് റിസോര്‍ട്ടിനെതിരെ ഇഡി അന്വേഷണമാരംഭിച്ചത്. കേസില്‍ കൈവശമുള്ള വിവരങ്ങള്‍ ഹാജരാക്കാന്‍ പരാതിക്കാരനായ എം ആര്‍ അജയന് ഈ മാസം 12ന് ഇഡി നോട്ടീസ് അയച്ചു. പരാതിക്കാരന്‍ ആരോപണമുന്നയിച്ച എം.സി.രമേശ് കുമാര്‍, പന്തന്റവിടെ മുഹമ്മദ് അഷ്‌റഫ്, കെ.പി.രമേശ്കുമാര്‍ എന്നിവരുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനാണ് നിര്‍ദേശം.

പന്തന്റവിടെ മുഹമ്മദ് അഷ്‌റഫ് എന്നയാള്‍ നടത്തിയ വിദേശ നിക്ഷേപത്തിലാണ് അന്വേഷണം നടക്കുന്നത്. വിദേശനിക്ഷേപം സ്വീകരിച്ചതില്‍ ഫെമ ചട്ടലംഘനം നടന്നോയെന്നാണ് പരിശോധിക്കുന്നത്. അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.ജി.കവിത്കറിനാണ് കേസിന്റെ അന്വേഷണ ചുമതല.

നേരത്തെ കണ്ണൂരിലെ വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടില്ലെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചിരുന്നു.ഷെഡ്യൂള്‍ഡ് ഒഫന്‍സ് ഇല്ലാത്തതിനാലാണ് റിസോര്‍ട്ടിന് എതിരായ പരാതിയില്‍ കേസെടുക്കാത്തതെന്നും ഇഡി വ്യക്തമാക്കുകയുണ്ടായി. പിന്നാലെ ഇക്കാര്യം സത്യവാങ്മൂലമായി നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

webdesk13: