ഹരിയാനയില്‍ മുസ്‌ലിം വിഭാഗത്തിനെതിരെ നോട്ടീസ് പുറത്തിറക്കി ജൈനാബാദ് ഗ്രാമമുഖ്യന്‍. നൂഹ് ജില്ലയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ഒരു വിഭാഗം മാത്രമാണെന്ന് നോട്ടീസില്‍ ആരോപിക്കുന്നു.
ജൈനാബാദ് ഗ്രാമ നിവാസികള്‍ക്കായി ഗ്രാമമുഖ്യന്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് മുസ്‌ലിം വിഭാഗത്തെ അപമാനിക്കുന്ന പ്രസ്താവനകള്‍ ഉള്ളത്. നൂഹ് ജില്ലയിലുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഗ്രാമസഭ ചേര്‍ന്ന് എടുത്ത തീരുമാനങ്ങള്‍ എന്ന രീതിയിലാണ് സര്‍ക്കുലറിലെ പ്രസ്താവനകള്‍. മുസ്‌ലിം സമുദായത്തെ ഗുണ്ടാ സംഘത്തോടാണ് സര്‍ക്കുലറില്‍ ഉപമിച്ചിരിക്കുന്നത്. ഇവര്‍ക്ക് കൃഷി ചെയ്യാനോ കച്ചവടങ്ങള്‍ നടത്താനോ ഗ്രാമ പഞ്ചായത്ത് ഇനി അനുമതി നല്‍കില്ലെന്ന് സര്‍ക്കുലറില്‍ ഗ്രാമമുഖ്യന്‍ വ്യക്തമാക്കി. സ്വന്തം കെട്ടിടങ്ങളിലും സ്ഥലങ്ങളിലും കൃഷിയോ വ്യവസായമോ ചെയ്യുന്നതിന് തടസ്സമില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.
വാടക കെട്ടിടങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്ന മുസ്‌ലിംകളുടെ തിരിച്ചറിയല്‍ രേഖ കെട്ടിട ഉടമകള്‍ വാങ്ങിവെയ്ക്കാനും ഗ്രാമ പഞ്ചായത്ത് നിര്‍ദേശിച്ചു. നൂഹ് ജില്ലയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ 104 എഫ്‌ഐആറുകള്‍ ഇതുവരെ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 210 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.