X

സൗമ്യവും ദീപ്തവുമായ ഓര്‍മകള്‍

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സയ്യിദ് ഉമര്‍ ബാഫഖി തങ്ങളും വിടപറഞ്ഞതിന്റെ വേദനിപ്പിക്കുന്ന ഓര്‍മകളുമായി വീണ്ടുംമൊരു ആഗസ്റ്റ് ഒന്ന്. ഉന്നതമായ ജീവിത മൂല്യങ്ങളിലൂടെ മാതൃക സൃഷ്ടിച്ച നേതാക്കളായിരുന്നു അവര്‍. ക്ഷമയുടെയും സമാധാനത്തിന്റെയും സന്ദേശമായിരുന്നു അവരുടെ ജീവിതം. നിലാവ് പൊഴിക്കുന്ന പുഞ്ചിരിയോടെയാണ് അവര്‍ ലോകത്തോട് സംസാരിച്ചത്. ആ സാമീപ്യംതന്നെ മധുരമുള്ളതായിരുന്നു. അവരുടെ സംസാരമൊ, ആരും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതുമായിരുന്നു.

വൈകാരികമായ ആവേശത്തേക്കാള്‍ വൈചാരികമായ ഔന്നത്യമാണ് ഓരോരുത്തരും ആര്‍ജ്ജിക്കേണ്ടതെന്ന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചു. വിവേകപൂര്‍ണമായ തീരുമാനങ്ങളിലൂടെയും ഇടപെടലിലൂടെയും വലിയ വിപ്ലവം സൃഷ്ടിച്ചു. കേരളീയ സാമൂഹ്യ ജീവിതത്തെ ശാന്തിയുടെയും സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും വഴിയിലൂടെ കൈപിടിച്ചു നടത്തി. രാഷ്ട്രീയാതീതവും മതാതീതവുമായ സാമൂഹിക സഹവര്‍ത്തിത്വത്തിന്റെ വാതിലുകള്‍ തുറന്നു. സൗമയമായ ഇടപെടലിലൂടെ ഏവരുടെയും ഇഷ്ടം പിടിച്ചുപറ്റി. ആഴത്തിലുള്ള അറിവും ലോകോത്തര പാണ്ഡിതരും ലോക നേതാക്കളുമായുള്ള ബന്ധവും അദ്ദേഹത്തിന്റെ വീക്ഷണങ്ങളെ സ്വാധീനിച്ചു. ഈജീപ്തിലെ കെയ്‌റോയില്‍ പഠിക്കുന്ന കാലത്ത്തന്നെ വിദേശ സാഹിത്യകാരമ്മാരും നേതാക്കളും അടുത്ത സുഹൃത്തുക്കളായി.

മായാത്ത പുഞ്ചിരിയും പ്രസന്ന ഭാവവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. എത്ര വലിയ പ്രകോപനമുണ്ടായാലും ക്ഷമ കൈക്കൊള്ളാനും ആലോചിച്ച് മാത്രം യുക്തമായ തീരുമാനമെടുക്കാനും ഇക്കാക്ക ഞങ്ങളെ പഠിപ്പിച്ചു. സമുന്നത പദവികളില്‍ വിരാജിക്കുമ്പോഴും സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ക്ക് അദ്ദേഹം ചെവികൊടുത്തു. ക്ഷമിക്കുന്നവര്‍ക്കാണ് പ്രതിഫലമെന്ന് നിരന്തരം ഓര്‍മിപ്പിച്ചു. ഏത് സ്വഭാവത്തിലുളള വ്യക്തികളെയും ക്ഷമയോടെ കേള്‍ക്കാനും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാനും സമയം കണ്ടെത്തി. രാവെന്നോ പകലെന്നോ ഭേദമില്ലാതെ ആയിരങ്ങള്‍ അദ്ദേഹത്തെ കാണാനായി ഒഴുകിയെത്തി. ആ ജനപ്രവാഹത്തിന് ജാതിമത വര്‍ണഭേദങ്ങളുണ്ടായിരുന്നില്ല. മത സഹോദര്യത്തിന്റെയും കേരളത്തിന്റെ സമാധാനാന്തരീക്ഷത്തിനും മൂഹമ്മദലി ശിഹാബ് തങ്ങള്‍ ചെയ്ത സംഭാവനകള്‍ ചരിത്രത്തിലഡ രേഖപ്പെടട്ു കിടക്കുകയാണ്. സഹിഷ്ണുതയുടെ അംബസിഡറായിട്ടാണ് കേരള രാഷ്ട്രീയത്തില്‍ അദ്ദേഹം പ്രവര്‍ത്തിച്ചത്.

ഒരു പോരാളിയെ പോലെ കേരള രാഷ്ട്രീയത്തിലും ആത്മീയ മണ്ഡലത്തിലും ശക്തമായ സ്വാധീനം ചെലുത്തിയ നേതാവായിരുന്നു സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍. അടിയന്തരാവസ്ഥകാലത്ത് ജയിലില്‍ കിടന്ന അദ്ദേഹം നിയമസഭാംഗമായും വഖഫ് ബോര്‍ഡ് ചെയര്‍മാനായും വിശിഷ്ട സേവനം ചെയ്തു. നിരവധി മത കലാലയങ്ങളുടെ അമരക്കാരനായും പ്രവര്‍ത്തിച്ചു. ആദര്‍ശ നിഷ്ഠയും നിലപാടിന്റെ ഗരിമയും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ജീവിതം മുഴുവന്‍ സമുദായത്തിന് വേണ്ടി സമര്‍പ്പിച്ച സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ പ്രസ്ഥാനത്തിന്റെ കരുത്തായിരുന്നു.

മുസ്‌ലിം ലീഗിന്റെ വിജയ ചരിത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിലും കാര്‍ക്കശ്യത്തോടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിലും അദ്ദേഹം ഇടപെട്ടു. ആത്മാര്‍ത്ഥയും സത്യസന്ധതയുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ഇടപെടുന്ന വിഷയങ്ങളില്‍ അദ്ദേഹം സജീവമായി മുഴുകുകയും ഫലമുണ്ടാകുന്നത്വരെ പ്രവര്‍ത്തിക്കുകയും ചെയ്തു. നേതാക്കളുമായി വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോഴും വ്യക്തിബന്ധങ്ങളെ അത് ബാധിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. മുസ്‌ലിം ലീഗിനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കും ഉമര്‍ ബാഫഖി തങ്ങള്‍ ചെയ്ത സേവനങ്ങള്‍ നിസ്തുലമായിരുന്നു. സൗമ്യഭാവവും നേതൃപാടവവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.

ഏഴരപ്പതിറ്റാണ്ട് കാലത്തെ മുസ്‌ലിം ലീഗിന്റെ ചരിത്രം പൊന്‍തൂവലുകളാല്‍ ധന്യമായത് ഈ നേതാക്കളുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ്. അവര്‍ മറ്റൊരാളുടെ വിശ്വസത്തെയോ വികാരങ്ങളെ.ാേ വ്രണപ്പെടുത്തിയില്ല. എല്ലാവരോടും സ്‌നേഹത്തിലും സൗഹാര്‍ദത്തിലും വര്‍ത്തിച്ചു. കേരളം അതിന്റെ ഫലം അനുഭവിച്ചു. സാമൂഹിക സഹവര്‍ത്തിത്വമാണ് വളര്‍ച്ചയുടെയും വികസനത്തിന്റെയും ആണിക്കല്ലെന്ന് അവര്‍ ജീവിതത്തിലൂടെ തെളിയിച്ചു.

വിദ്വേഷത്തിന് പകരം സ്‌നേഹമായിരുന്നു അവരുടെ ശൈലി. ആ മഹാമ്മാരുടെ മാതൃകയിലൂടെയാണ് നാം മുന്നോട്ട് നിങ്ങേണ്ടത്. ജീവിതം സമൂഹത്തിനും സമുദായത്തിനും വേണ്ടി സമര്‍പ്പിച്ച ഈ നല്ല മനുഷ്യമാരുടെ ഹൃദ്യമായ ഓര്‍മകള്‍ നമ്മുടെ മനസ്സുകളില്‍ അണയാതെ കത്തുകയാണ്. അതു തന്നെയാണ് നമുക്ക് മുന്നോട്ട് നടക്കാനുള്ള പ്രേരണ.

എത്ര പ്രകോപനമുണ്ടെങ്കിലും അവിവേകത്തിന്റെയോ അതിവൈകാരികതയുടെയോ പാത തിരഞ്ഞെടുത്തിട്ടില്ല എന്നതാണ് ഈ നേതാക്കള്‍ കാണിച്ചു തന്നത്. വാക്ക് കൊണ്ടോ ആരെയും ദ്രോഹിക്കാതിരിക്കുക എന്നത് നമ്മുടെ സ്വഭാവത്തിന്റെ പ്രത്യേകതയാവണം. വാക്കിലും പ്രവര്‍ത്തിയിലും അടുക്കും ചിട്ടയും വേണം. സംഘടനാ പ്രവര്‍ത്തകര്‍ പ്രസ്ഥാനത്തിന്റെ ചരിത്രവും ആശയവും ഉള്‍കൊള്ളണം. പ്രവര്‍ത്തികളില്‍ അത് തെളിഞ്ഞു കാണണം. ഫാസിസത്തെ നേരിടേണ്ടത് അതേ നാണയത്തിലാണെന്ന് ധരിച്ചവര്‍ മൂഢ സ്വര്‍ഗത്തിലാണ്. സാമ്രാജ്യത്വ ഹിംസയെ അഹിംസ കൊണ്ട് നേരിട്ട് തോല്‍പ്പിച്ച മഹാത്മാഗാന്ധിയുടെ മണ്ണാണിത്. വിദ്വേഷത്തിന്റെ വിഷച്ചെടികള്‍ കേരളത്തിന്റെ മണ്ണില്‍ വളരാത്തതിന് കാരണം നമ്മുടെ സ്‌നേഹവും സഹവര്‍ത്തിത്വവുമാണ്. എന്ന് അതില്ലാതാകുന്നോ അന്ന് നാം വലിയ അപകടങ്ങളിലേക്ക് കൂപ്പുകുത്തും.

ഏഴരപ്പതിറ്റാണ്ട് കാലത്തെ മുസ്‌ലിം ലീഗിന്റെ ചരിത്രം ആര്‍ക്കും മറിച്ചുനോക്കാവുന്ന തുറന്ന പുസ്തകമാണ്. രാജ്യത്തെ ഏതൊരാള്‍ക്കും അതെടുത്ത് വായിക്കാം. അതില്‍ ദൂരൂഹതയില്ല. ദുര്‍ഗ്രാഹ്യതകളില്ല. മുസ്‌ലിം ലീഗിന്റെ ആശയം സുതാര്യവും ലളിതവുമാണെന്ന കാര്യം ആരെയും ബോധ്യപ്പെടുത്തേണ്ട ഒന്നല്ല. മതേതര ഇന്ത്യയിലെ ചരിത്രബോധമുള്ള ഏവര്‍ക്കും അറിവുള്ള ഒന്നാണ്. ആ നയം നാം അഭംഗുരം തുടരുക തന്നെ ചെയ്യും. അതാണ് പൂര്‍വ നേതാക്കള്‍ നമ്മെ കാണിച്ചുതന്ന പാത. ഒരു വ്യക്തി എന്ന നിലയിലും സാമൂഹ്യ പ്രവര്‍ത്തകര്‍ എന്ന നിലക്കും ഓരോരുത്തര്‍ക്കും ഉത്തരവാദിത്തങ്ങളുണ്ട്. മറ്റൊരാളുടെ വിശ്വാസത്തെ വ്രണപ്പെടുത്താന്‍ അധികാരമില്ല. സാമൂഹിക സഹവര്‍ത്തിത്തിത്വമാണ് വളര്‍ച്ചയുടെയും വികസനത്തിന്റെയും ആണിക്കല്ല്. അതില്ലാതാകുമ്പോള്‍ എല്ലാവര്‍ക്കും നഷ്ടം സംഭവിക്കും. ഇവരുടെ ജീവിത പാത നമുക്ക് മാതൃകയാവണം; വഴി കാട്ടിയും.

 

webdesk14: