ഷഹബാസ് വെള്ളില
മലപ്പുറം: ഗൂഡല്ലൂരിലെ ഉപ്പട്ടി ഗ്രാമത്തിലെ നിര്‍ധന കുടുംബമാണ് പട്ടാണിക്കല്‍ ഷമീറിന്റേത്. ഉമ്മയും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം പോറ്റുന്നത് കൂലിപ്പണി ചെയ്താണ്. പ്രായമായ മകള്‍ അന്‍ഷിബക്ക് നല്ലൊരു ആലോചന വന്നു. വരന്‍ സമീപ പ്രദേശത്തുള്ള നസീര്‍. ഒരുമാസമായി കല്യാണം ഉറപ്പിച്ചിട്ടു. കൂലിപ്പണി ചെയ്തു കിട്ടുന്ന കൂലികൊണ്ട് കടുംബം തന്നെ പോറ്റാന്‍ പെടാപാട് പെടുന്ന ഷമീറിന് കല്യാണ ചിലവ് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
വാടക വീട്ടിലാണ് ഇവര്‍ താമസം. മഹല്ല് കമ്മിറ്റിയാണ് ഇതിന്റെ വാടക നല്‍കുന്നത്. ഇവര്‍ക്ക് സഹായമായി എന്നും നിലകൊള്ളുന്ന നീലിഗിരി ജില്ലാ മുസ്‌ലിംലീഗ് ട്രഷറര്‍ കെ. ആലി ഉപ്പടിയാണ് ഇവരുമായി ഇന്നലെ പാണക്കാട് എത്തിയത്. സങ്കട കഥ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളോടായി ഇവര്‍ പങ്കുവെച്ചതോടെ ഉടനടി പരിഹാരവുമെത്തി. ഈ മാസം 26ന് ഞായറാഴ്ച്ച ബാംഗ്ലൂരില്‍ കെ.എം.സി.സി നടത്തുന്ന സമൂഹ വിവാഹത്തില്‍ അന്‍ഷിബയുടെ മംഗല്യവും നടക്കും. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം തങ്ങള്‍ ബാംഗ്ലൂര്‍ കെ.എം.സി.സി ഭാരവാഹികളെ ഫോണില്‍ വിളിച്ചുഅറിയിച്ചു.
അന്‍ഷിബയടക്കം 101 പേര്‍ക്കാണ് കെ.എം.സി.സി മംഗല്യം ഒരുക്കുന്നത്. സ്വര്‍ണാഭരണം മഹറും കല്യാണ വസ്ത്രങ്ങളും ബന്ധുക്കള്‍ക്കുള്ള വിരുന്നെല്ലാം കെഎംസിസി ഒരുക്കി നല്‍കും. കൂടാതെ ഒരു വീട്ടിലേക്കാവശ്യമായ ഏകദേശം രണ്ടു ലക്ഷം രൂപയോളം വിലവരുന്ന വീട്ടുപകരണങ്ങളും ഇവര്‍ക്ക് നല്‍കുന്നുണ്ട്. വലിയ ആശങ്കയുമായി തങ്ങളുടെ മുന്നിലെത്തിയ കുടുംബം വലിയ ആശ്വാസത്തോടെയാണ് പാണക്കാട് നിന്നും മടങ്ങിയത്. ”കല്യാണം ഉറപ്പിച്ചിട്ട് മാസമായെങ്കിലും തുടര്‍ന്ന് എന്ത് ചെയ്യുമെന്ന വലിയ ആശങ്ക ഉണ്ടായിരുന്നു. അങ്ങനെയാണ് പാണക്കാട് വരുന്നത്. ഇവിടെ നിന്ന് ഒരു വഴി കാണും എന്ന് ഉറപ്പായിരുന്നു. വലിയ സന്തോഷവും ആശ്വാസവും തോന്നുന്നു. മോളുടെ കല്യാണം നല്ല രീതിയില്‍ തന്നെ നടക്കുമെന്ന് അറിയുമ്പോള്‍ എല്ലാവരോടും നന്ദിയുണ്ട്. പടച്ചവന്റെ അനുഗ്രഹം എന്നും ഉണ്ടാകും” കണ്ണീരിനൊപ്പമാണ് അന്‍ഷിബയുടെ ഉമ്മ റജീന ഇത്രയും പറഞ്ഞൊപ്പിച്ചത്. അന്‍ഷിബയുടെ ഉപ്പയുടെ ഉമ്മ ജമീലയും കൂടെ ഉണ്ടായിരുന്നു.