X

ചന്ദ്രികയുടെ പേരിൽ വ്യാജ പ്രചാരണം; പോലീസിൽ പരാതി നൽകി

കോഴിക്കോട്: വയനാട് പുനരധിവാസ ഫണ്ടുമായി ബന്ധപ്പെട്ട് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റും ചന്ദ്രിക മാനേജിംഗ് ഡയരക്ടറുമായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ഫോട്ടോ സഹിതം ചന്ദ്രികയുടെ പേരിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്ററിനെതിരെ ചന്ദ്രിക ഡെപ്യൂട്ടി ജനറൽ മാനേജർ നജീബ് ആലിക്കൽ പോലീസിൽ പരാതി നൽകി.

കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർക്കും ഡി.ജി.പിക്കും സൈബർ സെല്ലിനുമാണ് പരാതി നൽകിയത്. മുസ്‌ലിംലീഗ് പ്രഖ്യാപിച്ച പുനരധിവാസ ഫണ്ട് ചന്ദ്രികയുടെ ശമ്പള കുടിശ്ശിക തീർക്കാൻ ഉപയോഗിക്കുമെന്ന രീതിയിലുള്ള വ്യാജ പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

മുസ്‌ലിംലീഗ് പ്രസ്ഥാനത്തെയും സാദിഖലി ശിഹാബ് തങ്ങളെയും ചന്ദ്രിക ദിനപത്രത്തെയും അപകീർത്തിപ്പെടുത്തുന്ന വ്യാജ പ്രചാരണം സമൂഹത്തിൽ ഭിന്നതയുണ്ടാക്കുക, സംഘർഷമുണ്ടാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണെന്നും ഇതിന് പിന്നിൽ ശക്തമായ ആസൂത്രണം സംശയിക്കുന്നതായും പരാതിയിൽ പറഞ്ഞു. പോസ്റ്റർ നിർമ്മിച്ചവർക്കും പ്രചരിപ്പിക്കുന്നവർക്കും എതിരെ ഐ.ടി ആക്ട് പ്രകാരവും ക്രിമിനൽ നടപടി പ്രകാരവും കേസെടുത്ത് ശിക്ഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. ഇ. മെയിൽ വഴി സംസ്ഥാന പോലിസ് മേധാവിക്കും ചന്ദ്രിക പരാതി നൽകിയിട്ടുണ്ട്.

webdesk14: