തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന സി.പി.ഐ കോഴിക്കോട് ജില്ല കൗണ്‍സില്‍ യോഗത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എളമരം കരീമിനെതിരെ രൂക്ഷവിമര്‍ശനം. തൊഴിലാളി യൂനിയന്‍ നേതാവ് എന്ന നിലയില്‍ പുലര്‍ത്തേണ്ട സാമാന്യ രീതികള്‍വിട്ട് വരേണ്യ വര്‍ഗത്തിന്റെ ശരീരഭാഷയായിരുന്നു എളമരം കരീമിനെന്നാണ് വിമര്‍ശനം ഉയര്‍ന്നത്.
വോട്ടര്‍മാര്‍ പോയിട്ട് പാര്‍ട്ടി നേതാക്കള്‍ പോലും ഇതംഗീകരിക്കുന്നില്ല. രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന വഴിയടക്കം മറന്നുള്ള കരീമിന്റെ പ്രവര്‍ത്തന ശൈലിയും തോല്‍വി കനത്തതാക്കിയെന്നും സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം സത്യന്‍ മൊകേരിയുടെ സാന്നിധ്യത്തില്‍ നേതാക്കള്‍ തുറന്നടിച്ചു.
കെ.കെ. ശൈലജ വടകരയില്‍ മികച്ച സ്ഥാനാര്‍ഥിയായിരുന്നെങ്കിലും പ്രചാരണ രംഗത്തുണ്ടായ വിവാദ കോലാഹലങ്ങള്‍ തെരഞ്ഞെടുപ്പ് അജണ്ടകളെയാകെ മാറ്റി. ഇത് എല്‍.ഡി.എഫിന് തിരിച്ചടിയും യു.ഡി.എഫിന് മേല്‍ക്കൈയും നല്‍കി. ഇടതുപക്ഷത്തിന് പരമ്പരാഗതമായി വോട്ടുചെയ്ത ഈഴവ സമുദായത്തിലെ വലിയൊരു വിഭാഗം ഇത്തവണ മാറിച്ചിന്തിക്കുന്ന സ്ഥിതിയാണുണ്ടായത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ സ്തുതിപാഠകരായി സി.പി.ഐ മന്ത്രിമാര്‍ അധഃപതിച്ചെന്നും ജില്ല കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. റവന്യൂ മന്ത്രി കെ. രാജന്‍, ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ എന്നിവര്‍ക്കെതിരെയാണ് അംഗങ്ങള്‍ രൂക്ഷഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചത്.
തെറ്റുകളും പോരായ്മകളും തുറന്നു പറയുന്നതിനു പകരം, റവന്യൂ മന്ത്രി എല്ലാ കാര്യത്തിലും മുഖ്യമന്ത്രിയെ ആദ്യമേ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സി.പി.ഐയുടെ പാരമ്പര്യം ഇതായിരുന്നില്ല. മുഖ്യമന്ത്രിയുടെ ശൈലിയില്‍ പലര്‍ക്കും വിമര്‍ശനങ്ങളുണ്ട്. അത് പാര്‍ട്ടി ചൂണ്ടിക്കാട്ടേണ്ടിയിരുന്നു.
സാധനങ്ങളില്ലാതെ സപ്ലൈകോയെ നോക്കുകുത്തിയാക്കിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് വകുപ്പ് മന്ത്രിക്ക് ഒഴിഞ്ഞുനില്‍ക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അനിലിനെതിരായ വിമര്‍ശനം. മുന്നണിക്കൊപ്പം എന്നും നിലകൊള്ളുന്ന അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ആശ്രയമാണ് സാമൂഹിക സുരക്ഷ പെന്‍ഷനും സബ്‌സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യവും. ഇവയില്‍ രണ്ടിലും വന്ന വീഴ്ച ജനങ്ങളെ സര്‍ക്കാറിനെതിരാക്കിയെന്നും യോഗം വിലയിരുത്തി.