പി.ഇസ്മായില്‍
തലക്കൊപ്പമെത്തിയ പ്രളയജലത്തില്‍ മലയാളി മുങ്ങിത്താഴുമ്പോള്‍ പ്രത്യാശയുടെ മുഖവും ഊര്‍ജ്ജവും പകര്‍ന്ന് കേരളീയമനസ്സില്‍ കൂടുകെട്ടിയ തങ്കതമിഴ് ഐ.എ.എസ് ഓഫീസര്‍. സിവില്‍ സര്‍വ്വീസ് സെലക്ഷന്‍ ചട്ടങ്ങളുടെ ജാതകം തിരുത്തിയെഴുതിച്ച 2008 മധ്യപ്രദേശ് കേഡര്‍ സിവില്‍ സര്‍വ്വന്റ്. കേരളത്തില്‍ പാലക്കാട് സബ് കലക്ടറായി തുടക്കം. അനര്‍ട്ട് ഡയറക്ടര്‍, നഗരകാര്യ ഡയറക്ടര്‍, കൃഷിവകുപ്പ് ഡയറക്ടര്‍, ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, തിരുവനന്തപുരം ജില്ലാ കലക്ടര്‍ തുടങ്ങിയ പദവികള്‍. നിലവില്‍ ലേബർ കമ്മീഷണര്‍.
സിവില്‍ സര്‍വീസ് തെരഞ്ഞെടുക്കാനുള്ള പ്രേരണ?
ലീഡറാവണം എന്നായിരുന്നു കുഞ്ഞിലേയുള്ള ആഗ്രഹം. സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു ലീഡര്‍. നമ്മുടെ നാട്ടില്‍ എങ്ങിനെ ഡോക്ടറും എഞ്ചിനീയറും ആവാം എന്നത് സംബന്ധിച്ചു ഇഷ്ടം പോലെ ഗൈഡന്‍സ് ഉണ്ട്. എന്നാല്‍ എങ്ങിനെ ഒരു നല്ല ലീഡറാവാം എന്ന കാര്യത്തില്‍ ഒരു ക്ലാസും കിട്ടാറില്ല. ഡോക്ടറായാല്‍ സോഷ്യല്‍ സ്റ്റാറ്റസ് കൂടും. ഒരു പാട് സാമൂഹ്യ ഇടപെടലുകള്‍ നടത്താന്‍ കഴിയും. മറ്റുള്ളവരെ സഹായിക്കാനുള്ള പൊസിഷനായി മാറും എന്ന ചിന്തയില്‍ നിന്നാണ് ഡോക്ടര്‍ ആയത്. സര്‍ക്കാര്‍ ആശുപത്രിയില്‍ സേവനം നടത്തി കൊണ്ടിരിക്കുമ്പോള്‍ അവിടെ എത്തുന്ന സാധാരണ ജനങ്ങളെ കണ്ടപ്പോള്‍ അവര്‍ക്ക് വേണ്ടി എന്ത് ചെയ്യാന്‍ കഴിയും എന്ന ആലോചനയില്‍ നിന്നാണ് ഐ.എ.എസ് എന്ന ആഗ്രഹമുണ്ടായത്. ജനങ്ങള്‍ക്ക് വേണ്ടി ഇടപെടാനും അവരെ സഹായിക്കാനും കഴിയണമെന്ന ആഗ്രഹം ഐ.എ.എസിലേക്കുള്ള പ്രേരണയായിട്ടുണ്ട്. പാവപെട്ടവര്‍ക്ക് വേണ്ടി നല്ല രീതിയില്‍ പ്രവര്‍ത്തിച്ച തമിഴ്‌നാട്ടിലെ ഐ.എ.എസ് ഓഫീസര്‍മാറുടെ സ്വാധീനവും സിവില്‍സര്‍വ്വീസിലേക്കുള്ള താല്‍പര്യം വര്‍ധിപ്പിച്ചു.
കേരളത്തിലേക്കുള്ള മാറ്റം?
മധ്യപ്രദേശ് കേഡറിലായിരുന്നു ജോലി ചെയ്തുകൊണ്ടിരുന്നത്. ഭര്‍ത്താവ് (കാര്‍ത്തികേയന്‍ ഐ.എ.എസ്) കേരള കേഡറിലുമായിരുന്നു. ഭാര്യ ഭര്‍ത്താക്കന്മാര്‍ ഐ.എ.എസുകാരാണെങ്കില്‍ സ്ഥലം മാറ്റത്തിന് പരിഗണിക്കുന്ന ഇന്റര്‍ കേഡര്‍ ട്രാന്‍സ്ഫര്‍ മുഖാന്തരമാണ് ഞാന്‍ കേരളത്തില്‍ എത്തിയത്. സൗത്ത് ഇന്ത്യന്‍ ജീവിത രീതിയില്‍ നിന്നും വലിയ വ്യത്യാസങ്ങള്‍ ഉള്ളതിനാല്‍ മധ്യപ്രദേശില്‍ ഒരു കള്‍ച്ചറല്‍ ഷോക്ക് അനുഭവിച്ചിരുന്നു. കേരളത്തിലേക്ക് വരുമ്പോഴും ആ ഉള്‍ഭയം എനിക്കുണ്ടായിരുന്നു. ഭാഷ അറിയില്ല എന്നതും വെല്ലുവിളിയായിരുന്നു. മലയാളികള്‍ക്കൊക്കെ തമിഴ് മനസ്സിലാവുമെന്നതിനാല്‍ എനിക്ക് മലയാളം പഠിച്ചെടുക്കാന്‍ ഹിന്ദി പഠിച്ചതിനേക്കാള്‍ കൂടുതല്‍ സമയം ആവശ്യമായി വന്നു. ഒരു വികസിത നാട് എങ്ങനെയായിരിക്കണമെന്നതിന്റെ നേര്‍സാക്ഷ്യമാണ് കേരളം. ആര്‍ക്കും ചൂഷണം ചെയ്യാന്‍ കഴിയാത്ത വിധം പ്രബുദ്ധത ആര്‍ജിച്ചവരാണ് കേരളീയര്‍. നേരായ വഴിയില്‍ ജീവിക്കുന്ന, മറ്റുള്ളവരുടെ അവകാശങ്ങളെ ബഹുമാനിക്കുന്ന കേരളത്തില്‍ ജോലി ചെയ്യുന്നത് സന്തോഷകരമാണ്.
ഇന്റര്‍വ്യൂവിലെ വസ്ത്രധാരണം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സിവില്‍ സര്‍വീസ് പരീക്ഷയുടെ അവസാന ഘട്ടമാണ് പേഴ്‌സണാലിറ്റി ടെസ്റ്റ്. രേഖാമൂലമുള്ള ഉത്തരങ്ങളുടെ അടിസ്ഥാനത്തിലല്ല മാര്‍ക്ക് നിര്‍ണ്ണയിക്കുന്നത്. എന്ത് പറയുന്നു, എങ്ങിനെ പറയുന്നു. പെരുമാറുന്നു തുടങ്ങി ഉദ്യോഗാര്‍ത്ഥിയുടെ വ്യക്തിത്വത്തെയാണ് പരീക്ഷ ബോര്‍ഡ് അളക്കുന്നത്. ഒരാളെ ആദ്യ കാഴ്ചയില്‍ വസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുവേ വിലയിരുത്താറുള്ളത്. വസ്ത്ര ധാരണവും വിലാസവും നിങ്ങള്‍ ആരാണെന്നു പറയും. സ്ത്രീകളുടെ വസ്ത്രത്തെ കുറിച്ച് പറയുമ്പോള്‍ ഇറുകിയതോ അയഞ്ഞതോ ഒഴിവാക്കലാണ് ഉത്തമം. സാരി പോലുള്ള പാരമ്പര്യ വസ്ത്രം ധരിക്കുമ്പോള്‍ കൂടുതല്‍ പക്വതയും കരുത്തും ലഭിക്കുമെന്നാണ് എന്റെ വിശ്വാസം. അതേസമയം സാരി അത്ര കംഫര്‍ട്ടബിള്‍ അല്ലാത്തവരുമുണ്ടാവും. ക്യാഷ്വലിന് പകരം ഫോര്‍മല്‍ ഡ്രസ് കോഡായിരിക്കും പേഴ്‌സണാലിറ്റി ടെസ്റ്റിന് കൂടുതല്‍ അനുയോജ്യം.
പരീക്ഷക്ക് ശേഷമുള്ള പരീക്ഷണം?
ഐ.എ.എസ് നേട്ടത്തില്‍ എനിക്ക് ഏറ്റവും സഹായകമായത് ഭര്‍ത്താവിന്റെ സപ്പോര്‍ട്ടായിരുന്നു. ഞങ്ങള്‍ ഒരുമിച്ചായിരുന്നു തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതെങ്കിലും എനിക്ക് വേണ്ട സഹായങ്ങളൊക്കെ അദ്ദേഹം ചെയ്തുതന്നു. എന്നാല്‍ പരീക്ഷയില്‍ രണ്ട് മാര്‍ക്ക് വ്യത്യാസത്തില്‍ അദ്ദേഹത്തിന് ഐ.എ.എസ് നഷ്ടമായി. ഫോറിന്‍ സര്‍വ്വീസിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇത് പരീക്ഷയുടെ വിജയത്തിനൊപ്പം പുതിയ വെല്ലുവിളിയായി. ചട്ടപ്രകാരം ഐ.എ.എസോ ഐ.എഫ്.എസോ കിട്ടുന്നവര്‍ക്ക് പിന്നീട് പരീക്ഷ എഴുതാന്‍ അവസരമുണ്ടാവില്ല. ഒരാള്‍ക്ക് ഇന്ത്യയിലും മറ്റൊരാള്‍ക്ക് വിദേശത്തും ജോലിയാവുന്നത് കുടുംബജീവിത്തെ ബാധിക്കുന്നതിനാല്‍ ഫോറിന്‍സ് സര്‍വ്വീസ് തെരഞ്ഞെടുക്കാന്‍ ഭര്‍ത്താവ് തയ്യാറായില്ല. പക്ഷെ, തുടര്‍ന്ന് പരീക്ഷയെഴുതാന്‍ അവകാശപോരാട്ടം നടത്തേണ്ടിവന്നു. ഇതിനായി നിരവധി ഓഫീസുകളില്‍ പലതവണ കയറിയിറങ്ങി. കിട്ടിയ ഐ.എഫ്.എസിന് ജോയിന്‍ ചെയ്യാതെ ഭര്‍ത്താവ് വീണ്ടും ഭാഗ്യപരീക്ഷണത്തിന് തയ്യാറായി. ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് ചരിത്രത്തില്‍ ആദ്യ സംഭവമായിരുന്നു ഇത്. നീണ്ട പോരാട്ടത്തിന് ശേഷം നടത്തിയ പരീക്ഷയിലും ഐ.ആര്‍.എസാണ് ലഭിച്ചത്. തൊട്ടടുത്ത തവണയും ഐ.ആര്‍.എസ് തന്നെ. പക്ഷെ പോരാട്ടം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ തയ്യാറായില്ല. നാലാമൂഴത്തില്‍ ഞങ്ങള്‍ ആഗ്രഹിച്ച പോലെ ഐ.എ.എസ് നേടാനായി.
ഗ്രീന്‍ പ്രോട്ടോകോള്‍ പദ്ധതികള്‍?
മാലിന്യമുക്തമായ അവസ്ഥ സൃഷ്ടിക്കാനുള്ള ചെറിയ ചുവടുവെപ്പുകളാണ് ഗ്രീന്‍ പ്രോട്ടോകോള്‍. ഇതിനായി സംസ്ഥാനത്ത് കുറെയേറെ പദ്ധതികളുണ്ട്. കലാവസ്ഥ വൃതിയാനം, ആരോഗ്യ പ്രശ്‌നം തുടങ്ങിയ പ്രതിസന്ധികള്‍ സമ്മാനിക്കുന്ന കള്‍ച്ര്‍ ഓഫ് എക്‌സസ് കുറക്കാന്‍ ഒരു പുതിയ കള്‍ച്ചര്‍ തന്നെ രൂപപ്പെടേണ്ടതുണ്ട്. തിരുവനന്തപുരത്ത് വെച്ചു നടന്ന നാഷണല്‍ ഗെയിംസില്‍ ഒരു തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന സാധനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയിരുന്നു. നാഷണല്‍ ഗെയിംസ് പോലുള്ള വലിയ ഇവന്റില്‍ ഇതു സാധ്യമാണെങ്കില്‍ എവിടെയും ഈ രീതി പരിക്ഷിക്കാവുന്നതാണെന്ന ആത്മവിശ്വാസം അതെനിക്ക് പകര്‍ന്നു. മറ്റുള്ളവര്‍ക്ക് ഈ രീതി കാണിച്ചുകൊടുക്കാനും കഴിഞ്ഞു. ഏത് മാറ്റവും ജനങ്ങള്‍ ആദ്യം ഉള്‍കൊള്ളണമെന്നില്ല. ആ മാറ്റം നല്ലതിനാണെന്നു തോന്നുമ്പോള്‍ വേദനയോടാണെങ്കിലും അവര്‍ സ്വീകരിക്കും. നാഷണല്‍ ഗെയിംസിലും എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. വളണ്ടിയിയേഴ്‌സ് ബോധവല്‍ക്കരണം നടത്തിയപ്പോള്‍ ആശയം സ്വീകാര്യമായി. ഈ സംഭവം പകര്‍ന്ന ആത്മവിശ്വാസത്തിലാണ് ഉപയോഗയോഗ്യമായ പഴയ വസ്തുക്കള്‍ ശേഖരിച്ച് പുനരുപയോഗിക്കുന്ന ആശയം അവതരിപ്പിച്ചത്. പല വിദേശരാജ്യങ്ങളിലും ഇത് ചെയ്ത് പോരുന്നുണ്ട്. ഈ ആശയം ഉള്‍ക്കൊണ്ട് സംഘടിപ്പിച്ച ക്യാമ്പുകളില്‍ വെച്ച് സാരി, കളിപ്പാട്ടങ്ങള്‍, ടീവി തുടങ്ങിയ ഒട്ടേറെ വസ്തുക്കള്‍ കൈമാറ്റത്തിനും പുനരുപയോഗത്തിനും സാഹചര്യമുണ്ടായി. റീ സൈക്ലിംഗിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ വര്‍ക്കുഷോപ്പുകളിലൂടെ സാധിച്ചു.
വൈറല്‍ പ്രസംഗങ്ങള്‍ക്ക് പിന്നില്‍?
പ്രസംഗത്തിനു കാര്യമായ മുന്നൊരുക്കങ്ങള്‍ നടത്താറില്ല. എന്റെ ചിന്തകളും ആശയങ്ങളും സത്യത്തോട് നീതി പുലര്‍ത്തും വിധം സംസാരിക്കാറാണുള്ളത്. തയ്യാറായി വന്ന് പ്രസംഗിക്കാന്‍ എനിക്കാവാറുമില്ല. പ്രളയസമത്ത് ഞാന്‍ ഹൃദയം കൊണ്ടാണ് പ്രസംഗിച്ചത്. പ്രളയത്തില്‍ ജീവനും സമ്പത്തും ജീവനോപാധികളും നഷ്ടമായി വേദനിക്കുന്നവരുടെ മുന്നില്‍, ആ വേദന എന്റേതു കൂടിയായി ഏറ്റെടുത്ത് നടത്തിയ പ്രസംഗമാണ് ജനങ്ങള്‍ക്കിഷ്ടമായത്. വാക്കുകളിലെ സത്യസന്ധതയും ആത്മാര്‍ത്ഥതയും പ്രസംഗങ്ങളെ മികവുറ്റതാക്കും.
എഴുത്തു പരീക്ഷയും പേഴ്‌സണാലിറ്റി ടെസ്റ്റും തമ്മിലുള്ള വ്യത്യാസം
എഴുത്തുപരീക്ഷാ രീതിയില്‍ ഇപ്പോള്‍ ഒട്ടേറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എത്രമാത്രം വായിച്ചും എഴുതിയും നമ്മള്‍ തയ്യാറെടുപ്പ് നടത്തുന്നുവോ അത്രമാത്രം മികച്ച പ്രകടനം നടത്താന്‍ കഴിയും. എന്നാല്‍ നിങ്ങളെന്താണെന്ന് തിരിച്ചറിയപ്പെടുന്നതാണ് പേഴ്‌സണാലിറ്റി ടെസ്റ്റ്. ആശങ്കയും ഭയവും ഒഴിവാക്കി, സത്യസന്ധമായി പാനലിസ്റ്റുകളെ അഭിമുഖീകരിക്കുക എന്നതാണ് പ്രധാനം. ജീവിതത്തില്‍ തന്നെ ജനുവിനിറ്റി ഇല്ലാത്തവര്‍ സിവില്‍ സര്‍വ്വീസിന് യോഗ്യരല്ലെന്നാണ് എന്റെ അഭിപ്രായം.
ആരോഗ്യ ശ്രദ്ധ
ലോകത്തിലെ തന്നെ ഏറ്റവും ദുഷ്‌കരമായ പരീക്ഷയെന്ന് വിവക്ഷിക്കപ്പെടുന്ന സിവില്‍ സര്‍വ്വീസ്, അത്യധികം സമ്മര്‍ദ്ദങ്ങള്‍ നിറഞ്ഞതാണ്. അതിനാല്‍ തന്നെ എന്റെ അഭിപ്രായത്തില്‍ പരീക്ഷാഘട്ടത്തിലെ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം സമ്മര്‍ദ്ദങ്ങളെ അതിജയിക്കുക എന്നതാണ്. സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് തയ്യാറാവുന്നവര്‍ക്ക് യോഗയും ധ്യാനവും ഗുണം ചെയ്യുമെന്നാണ് എന്റെ അനുഭവം. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരീക്ഷയുടെ തയ്യാറെടുപ്പില്‍ ആരോഗ്യ പരിപാലനം ശ്രദ്ധിക്കണം. അധിക പേരും ഇതേ കുറിച്ച് പറയാറില്ല. സുഹൃത്തുക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നും ഉണ്ടാവുന്ന സമ്മര്‍ദ്ധങ്ങള്‍ മറി കടക്കാനും മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന പഠനം ആയാസരഹിതമാക്കാനും ദിവസവും വ്യായാമത്തില്‍ ഏര്‍പ്പെടണം. പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും ഭക്ഷണത്തിന്റെ ഭാഗമാവണം. കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. ജംഗ് ഫുഡ്, ലഹരി തുടങ്ങിയ ഒഴിവാക്കണം, ധാരാളം വെള്ളം കുടിക്കണം, ആറു മണിക്കൂര്‍ ഉറങ്ങണം. മതിയായ ഉറക്കം ഒഴിച്ചു കൂടാനാവാത്തതാണ്.
സിലബസ്?
ഏത് പരീക്ഷയുടെയും ആത്മാവാണ് സിലബസ്. സിലബസ് അറിയുക എന്നതാണ് നിങ്ങള്‍ പുസ്തകങ്ങളിലൂടെ കടന്നുപോകുന്നതിന് മുമ്പ് ചെയ്യേണ്ട പ്രധാന കാര്യം. യു.പി.എസ്.സി സിവില്‍ സര്‍വീസ് പ്രിലിമിനറി, മെയിന്‍ പരീക്ഷകളുടെ സിലബസ് വിശദമായി തയ്യാറാക്കിയിട്ടുണ്ട്. സിലബസ് ചില വര്‍ഷങ്ങളില്‍ മാറ്റം വരുത്താറുണ്ട്. സിലബസ് അറിയുന്നത് പ്രസക്തമായ പഠന സാമഗ്രികള്‍ തിരഞ്ഞെടുക്കാനും വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും സഹായിക്കും.
എഴുത്തു പരീക്ഷയില്‍ പാലിക്കേണ്ട കാര്യങ്ങള്‍?
എന്താണ് എഴുതുന്നത് എന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. നിങ്ങള്‍ പ്രതീക്ഷിക്കുന്ന ഉത്തരമെന്താണെന്ന് മനസ്സിലാക്കിയതിന് ശേഷം മാത്രമേ എഴുതിത്തുടങ്ങാവൂ. സമയനിഷ്ടയും പ്രധാനമാണ്. നന്നായി എഴുതണമെങ്കില്‍ നന്നായി വായിക്കണം. പത്രങ്ങളും മാസികകളും വായിക്കുമ്പോള്‍ എഴുത്തു ശൈലി ശ്രദ്ധിക്കുകയും അത് വഴി പോരായ്മകള്‍ നികത്തുകയും ചെയ്യണം. ഉപമകള്‍, ഉദ്ധരണികള്‍ അമിതമാവരുത്. തെറ്റ് കൂടാതെയും വൃത്തിയായും എഴുതി ഫലിപ്പിക്കണമെങ്കില്‍ കയ്യക്ഷരം നന്നാവണം. മോശം കയ്യക്ഷരം ഉള്ളവര്‍ അത് മാറ്റുന്നതിനായി പരിശീലിക്കണം.
മെഡിക്കല്‍ ടെസ്റ്റ്?
പേഴ്‌സണാലിറ്റി ടെസ്റ്റിന് മുന്നോടിയായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ ടെസ്റ്റ് നടത്താറുണ്ട്. ഒരു ഉദ്യോഗാര്‍ത്ഥിയുടെ ശാരീരികവും മാനസികവുമായ നില അറിയുക എന്നതാണ് ടെസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. ടെസ്റ്റ് സമയത്ത് എന്തെങ്കിലും സങ്കീര്‍ണതകള്‍ നേരിടാതിരിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ ആരോഗ്യകാര്യത്തില്‍ നേരത്തേ ശ്രദ്ധാലുക്കളാവണം. മെഡിക്കല്‍ ടെസ്റ്റിനായി ഉദ്യോഗാര്‍ത്ഥികള്‍ ആശുപത്രിയില്‍ പ്രവേശിക്കുമ്പോള്‍ അവര്‍ ഒരു ഫോം പൂരിപ്പിക്കേണ്ടതുണ്ട്. പ്രതിരോധ കുത്തിവയ്പ്പുകള്‍, ശസ്ത്രക്രിയ നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍, അവരുടെ കുടുംബത്തിന്റെ ആരോഗ്യസ്ഥിതിയുടെ വിശദാംശങ്ങള്‍ എന്നിവ ഈ ഫോമില്‍ ഉള്‍പ്പെടുന്നു. നേത്രപരിശോധന, ഉയരം, ഭാരം, രക്തസമ്മര്‍ദ്ദം, ഹെര്‍ണിയ, എക്‌സറേ മുതലായവ പരിശോധിക്കപ്പെടും.
കുട്ടികള്‍ക്കിടയിലെ ആത്മഹത്യ?
ഉപഭോക ലോകത്തെ നമ്മുടെ ജീവിതം ഏത് രീതിയിലാണെന്ന് തിരിച്ചറിയുക പ്രധാനമാണ്. മത്സരാധിഷ്ഠിത കാലത്ത് നമ്മള്‍ പരുവപ്പെടുത്തിയെടുത്ത ജീവിതം ശരിയായ രീതിയിലാണോ എന്ന് ഓരോരുത്തരും ആത്മപരിശോധന നടത്തേണ്ടതുണ്ട്. നമ്മുടെ വൈകാരിക മാനസിക ആരോഗ്യത്തിനും കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ലോകത്തിന്റെയും തന്നെ നിലനില്‍പ്പിനും നല്ല ജീവിതം ആവശ്യമാണ്. നമ്മളനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങളത്രയും ആവശ്യമുള്ളതാണോ എന്ന് ആത്മവിമര്‍ശനം നടത്തണം. പരീക്ഷകളില്‍ ഒന്നാമതായേ തീരൂ എന്ന നിര്‍ബന്ധബുദ്ധി ചിലപ്പോള്‍ പ്രത്യാഘാതങ്ങളുണ്ടാക്കും. പരീക്ഷയിലെ ജയാപരാജയങ്ങള്‍ ഒന്നിന്റെയും അവസാനമല്ല. തോറ്റവരുടെയും കൂടിയാണ് ഈ ലോകം. പരീക്ഷകളില്‍ ജയിക്കാന്‍ സര്‍വ്വകലാശാലകളില്‍ പഠിക്കാത്തവരുടെയും പരീക്ഷകളില്‍ തോറ്റവരുടെയും ജീവചരിത്രം ഉള്‍പ്പെടെ പഠിക്കേണ്ടതുണ്ട്. പരീക്ഷയില്‍ ജയിക്കുക എന്നത് ലോകത്തെ ആയിരക്കണക്കിന് മികവുകളില്‍ ഒന്നുമാത്രമാണ്. ഒരു തോല്‍വിയും വിജയങ്ങളെ പാടേ ഇല്ലാതാക്കുന്നില്ല എന്ന ശുഭാപ്തി വിശ്വാസമാണ് കുട്ടികള്‍ ആര്‍ജ്ജിച്ചെടുക്കേണ്ടത്. ദിവസത്തിലെ ക്വാളിറ്റി ടൈം മക്കള്‍ക്കൊപ്പം ചിലവഴിക്കുന്നതിന് പകരം സോഷ്യല്‍മീഡിയകള്‍ക്ക് പകുത്ത് നല്‍കുമ്പോള്‍ കുട്ടികളനുഭവിക്കുന്ന അനാഥത്വം അവരെ ആത്മഹത്യയിലേക്കും ലഹരിയുടെ ലോകത്തേക്കും എത്തിച്ചേക്കും. മക്കളെ തലോടാനും അവരെ കേള്‍ക്കാനും ആശ്വാസം പകരാനും രക്ഷിതാക്കള്‍ തയ്യാറാവണം.