മൂന്നാം വട്ടവും കേരളത്തില്‍ സി.പി.എം അധികാരത്തില്‍ വന്നാല്‍ പാര്‍ട്ടി നശിക്കുമെന്ന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ.സച്ചിദാനന്ദന്‍. തുടര്‍ച്ചയായി രണ്ടു തവണ അധികാരത്തിലേറുമ്പോള്‍ പാര്‍ട്ടിക്ക് ധാര്‍ഷ്ട്യമേറും. മൂന്നാം തവണയും അധികാരത്തില്‍ വന്നാല്‍ അത് നാശത്തിലേക്ക് നയിക്കും. ബംഗാളില്‍ അതു കണ്ടെതാണെന്നും ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സച്ചിദാനന്ദന്‍ പറഞ്ഞു.
പാര്‍ട്ടിയെ നാശത്തില്‍നിന്നു തടയാനായി മൂന്നാം തവണയും അധികാരത്തില്‍ വരാതിരിക്കാന്‍ സഖാക്കള്‍ പ്രാര്‍ഥിക്കണമെന്ന് സച്ചിദാനന്ദന്‍ ആവശ്യപ്പെട്ടു. യു.എ.പി.എ ചുമത്തല്‍, മാവോയിസ്റ്റ് വേട്ട ഉള്‍പ്പെടെയുള്ള ഇടതു സര്‍ക്കാരിന്റെ പൊലീസ് നയത്തോട് വിയോജിപ്പുണ്ട്. ഗ്രോ വാസുവിനെതിരായ നിലപാട് ഒരു കമ്യൂണിസ്റ്റു സര്‍ക്കാര്‍ സ്വീകരിക്കാന്‍ പാടില്ലാത്തതാണ്. പൊലീസിലെ ആര്‍.എസ്.എസ് വിഭാഗക്കാരാണ് ഇതിനു പിന്നിലെന്നാണ് പാര്‍ട്ടിയുടെ വാദം. അത് എന്തുതന്നെയായാലും അംഗീകരിക്കാനാവില്ലെന്നും സച്ചിദാനന്ദന്‍ വ്യക്തമാക്കി.
സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്തകത്തില്‍ സര്‍ക്കാരിന്റെ ലോഗോ വന്നതുമായി ബന്ധപ്പെട്ട വിവാദത്തിലും സച്ചിദാനന്ദന്‍ പ്രതികരിച്ചു. പബ്ലിഷിങ് വിഭാഗത്തിലെ ഒരാളുടെ താല്‍പര്യപ്രകാരമാണ് അത്തരത്തില്‍ സംഭവിച്ചത്. ഭരണപരമായ കാര്യങ്ങള്‍ സെക്രട്ടറിയുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ അദ്ദേഹം പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല. വ്യക്തിപരമായി എനിക്ക് യോജിപ്പില്ലാത്ത കാര്യമാണ് സംഭവിച്ചത്. കോപ്പികള്‍ പ്രിന്റ് ചെയ്തുപോയതിനാല്‍ പുസ്തകം പിന്‍വലിക്കാനുമാകില്ല. സര്‍ക്കാര്‍ ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് രണ്ട് മന്ത്രിമാര്‍ പ്രതികരിച്ചതെന്നും സച്ചിദാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.