X

ധ്രുവ് റാഠിയുടെ വിഡിയോ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത അഭിഭാഷകനെതിരെ കേസ്

യൂട്യൂബര്‍ ധ്രുവ് റാഠിയുടെ വിഡിയോ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവച്ചതിന് അഭിഭാഷകനെതിരെ കേസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യ സ്വഭാവം വിവരിക്കുന്ന വിഡിയോ പങ്കുവച്ചതിനാണ് മഹാരാഷ്ട്രയില്‍ അഭിഭാഷകന്‍ നടപടി നേരിടുന്നത്.

പാല്‍ഗഡ് ജില്ലയിലെ വസായിയില്‍ ബാര്‍ അസോസിയേഷന്‍ അംഗമായ ആദേഷ് ബന്‍സോഡെയ്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

‘ദ നരന്ദ്ര മോദി ഫയല്‍സ്: എ ഡിക്ടാറ്റര്‍ മെന്റാലിറ്റി?’ എന്ന തലക്കെട്ടോടെയുള്ള വിഡിയോ ആണ് ആദേഷ് വസായ് ബാര്‍ അസോസിയേഷന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഇട്ടത്. മേയ് 20ന് അഞ്ചാംഘട്ട വോട്ടെടുപ്പിനു മുന്നോടിയായി ഗ്രൂപ്പില്‍ പങ്കുവച്ച വിഡിയോയുടെ പേരിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. വോട്ട് ചെയ്യാന്‍ പോകുംമുന്‍പ് കാണുക എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വിഡിയോ പങ്കുവച്ചത്.

പോസ്റ്റിനെതിരെ അസോസിയേഷന്‍ അംഗമായ മറ്റൊരു അഭിഭാഷകനാണ് പൊലീസില്‍ പരാതി നല്‍കിയത്. വാട്സ്ആപ്പ് ഗ്രൂപ്പില്‍ അധിക്ഷേപകരമായ വിഡിയോ പങ്കുവച്ചെന്നായിരുന്നു ഇയാള്‍ ആരോപിച്ചത്. വോട്ടെടുപ്പിന്റെ ഭാഗമായി പൊലീസ് കമ്മിഷണര്‍ മധൂകര്‍ പാണ്ഡെ പുറത്തിറക്കിയ ഉത്തരവുകളുടെയും നിയന്ത്രണങ്ങളുടെയും ലംഘനമാണിതെന്നും പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണിപ്പോള്‍ മീര ഭയന്ദര്‍ വസയ് വിരാര്‍ പൊലീസ് ആദേഷിനെതിരെ കേസെടുത്തിരിക്കുകയാണിപ്പോള്‍.

തനിക്കെതിരായ പൊലീസിന്റെ എഫ്.ഐ.ആര്‍ നിയമവിരുദ്ധമാണെന്ന് ആദേഷ് ബന്‍സോഡെ പ്രതികരിച്ചു. ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്താനുള്ള ശ്രമമാണിത്. കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണു തനിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്റര്‍നെറ്റില്‍ കോടിക്കണക്കിനു മനുഷ്യര്‍ കാണുകയും ലൈക്ക് ചെയ്യുകയും പങ്കുവയ്ക്കുകയും ചെയ്ത വിഡിയോ ആണിത്. ഇവര്‍ക്കെതിരെയെല്ലാം പൊലീസ് കേസെടുക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

webdesk13: