X

കർണാടകയിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹങ്ങൾ; നിധി തേടിയെത്തിയവരുടേതെന്ന് പൊലീസ്

തുമകൂരുവിലെ കുഞ്ചാഗിയില്‍ 3 പേരെ കാറിനുള്ളില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആറുപേര്‍ പിടിയില്‍. തുമകൂരു സ്വദേശിയായ സ്വാമി, ഇയാളുടെ അഞ്ചുകൂട്ടാളികള്‍ എന്നിവരാണ് പിടിയിലായത്. മരിച്ചവരുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണവും പണവും തട്ടിയെടുത്തശേഷം സ്വാമിയും സംഘവും ഇവരെ കാറിനുള്ളിലിട്ട് തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്ന് പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ചയാണ് കുഞ്ചാഗിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് കത്തിയകാറിനുള്ളില്‍ മൂന്നുമൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്നുനടന്ന പരിശോധനയില്‍ ദക്ഷിണ കന്നഡ ബെല്‍ത്തങ്ങാടി സ്വദേശി ഇംത്യാസ് (34), മാദഡ്ക്ക സ്വദേശി ഇസാക് (56), നാഡ സ്വദേശി സാഹുല്‍ (45) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.

കത്തിയ കാര്‍ വിശദപരിശോധന നടത്തിയതോടെയാണ് കൊലപാതകമാണെന്ന നിഗമനത്തില്‍ പൊലീസെത്തിയത്. തുടര്‍ന്ന് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളും ഫോണ്‍കോള്‍ വിവരങ്ങളും ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായവരെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്.

കത്തിയകാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയസംഭവം കുഞ്ചാഗിയില്‍ വലിയ ആശങ്കകള്‍സൃഷ്ടിച്ചിരുന്നു. വെള്ളമില്ലാത്ത കുളത്തിലായിരുന്നു കാറുണ്ടായിരുന്നത്. ആദ്യഘട്ടത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്നാണ് തീ പിടിത്തമുണ്ടായതെന്ന വിലയിരുത്തലിലായിരുന്നു പ്രദേശവാസികള്‍. എന്നാല്‍ കാറിന് സമീപത്ത് ബലപ്രയോഗം നടന്നലക്ഷണം കണ്ടെത്തിയതോടെ പൊലീസ് നടത്തിയ വിശദപരിശോധനയില്‍ കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ ലഭിക്കുകയായിരുന്നു.

നിധി കിട്ടിയിട്ടുണ്ടെന്നും ഇത് വില്‍ക്കാനുണ്ടെന്നും പറഞ്ഞാണ് പ്രതികള്‍ കൊല്ലപ്പെട്ട മൂവരെയും ബന്ധപ്പെട്ടതെന്നാണ് സൂചന. തുടര്‍ന്ന് ഇത് വാങ്ങാനെത്തിയ മൂവരെയും കൊലപ്പെടുത്തിയശേഷം ഇവരുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണവും പണവും പ്രതികള്‍ കൈക്കലാക്കിയെന്നും പൊലീസ് പറയുന്നുണ്ട്. കോറ പൊലീസാണ് കേസന്വേഷിക്കുന്നത്.

webdesk13: