X

എന്‍ഡിഎ ഘടക കക്ഷികള്‍ ജാതി സെന്‍സസ് ആവശ്യം ഉയര്‍ത്തിയതോടെ വെട്ടിലായി ബി.ജെ.പി

എന്‍ഡിഎ ഘടക കക്ഷികള്‍ ജാതി സെന്‍സസ് ആവശ്യം ഉയര്‍ത്തിയതോടെ ബി.ജെ.പി കുരുക്കില്‍പ്പെട്ടു. ജാതി സെന്‍സസിന് അനുകൂലമായ നിലപാടല്ല ബി.ജെ.പി ഇതുവരെ സ്വീകരിച്ചിരുന്നത് . നിതീഷ് കുമാറിന്റെ ജെ.ഡി.യു സമ്മര്‍ദം തുടരുന്നതാണ് കേന്ദ്രത്തിനു വെല്ലുവിളി.

നടക്കാനിരിക്കുന്ന സെന്‍സസിനൊപ്പം ജാതി സെന്‍സസും നടത്തണമെന്ന പ്രതിപക്ഷ ആവശ്യം ജെഡിയു കൂടി ഏറ്റെടുത്തതോടെയാണ് ബി.ജെ.പി കടുംവെട്ടിലായത്. ബിഹാറില്‍ ജാതി സര്‍വേ നടത്തിയ നിതീഷ് കുമാറും എല്‍.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാനും ജാതി സെന്‍സസ് വേണമെന്ന് വാദിക്കുന്നവരാണ്.

ജാതി സെന്‍സസ് ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിനു എതിരായതിനാലാണ് ബി.ജെ.പി പുറംതിരിഞ്ഞു നില്‍ക്കുന്നത്. 2021 ലെ സെന്‍സസിനൊപ്പം ജാതി സെന്‍സസും നടത്തുമെന്നാണ് ആദ്യം സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും, സംഘപരിവാര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്‍വലിയുകയിരുന്നു. ഒബിസി ക്ഷേമ സമിതിയുടെ ആദ്യയോഗത്തില്‍ ,ജെ.ഡി.യുവിലെ ഗിരിധര്‍ യാദവ് ജാതി സെന്‍സസ് ആവശ്യം ഉയര്‍ത്തിയിരുന്നു.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നിരന്തരം ജാതി സെന്‍സസിനായി ആവശ്യം ഉയര്‍ത്തുന്നുണ്ട്. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിമാരില്‍ 3 പേര് മാത്രമാണ് ഒബിസി വിഭാഗത്തില്‍ നിന്നുള്ളത് എന്ന വസ്തുത ഉയര്‍ത്തിയുള്ള രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മുന്നില്‍ ബി.ജെ.പി പലപ്പോഴും പതറിപ്പോയി. ഒബിസി ക്ഷേമ സമിതിയുടെ അടുത്ത യോഗത്തില്‍ ആദ്യ അജണ്ടയായി ജാതി സെന്‍സസ് ചര്‍ച്ച ചെയ്യണമെന്നതാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ജാതി സെന്‍സസിന്റെ കാര്യത്തില്‍ ടിഡിപി മൗനം പാലിക്കുന്നതിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ. അവര്‍ കൂടി ഇക്കാര്യം ആവശ്യപ്പെട്ടാല്‍ ജാതി സെന്‍സസിന് ബി.ജെ.പിക്ക് വഴങ്ങേണ്ടിവരും.

webdesk13: