X

അസം സംഭവം: നിയമ പോരാട്ടത്തില്‍ മുസ്‌ലിം ലീഗ്‌ കൂടെയുണ്ടാകും; അഡ്വ. ഹാരിസ് ബീരാന്‍ എം.പി

ഇന്ത്യൻ പൗരത്വം തെളിയിക്കാൻ സാധിച്ചില്ല എന്ന പേരിൽ ഇന്ത്യയിൽ താമസിച്ചു കൊണ്ടിരിക്കുന്ന 28 മുസ്ലിം സുഹൃത്തുക്കളെ തടങ്കൽ പാളയത്തിലേക്ക് അയച്ച അസം ഗവൺമെൻറ് നടപടി അത്യന്തം ഗൗരവമേറിയതാണെന്നും നിയമ പോരാട്ടത്തിൽ മുസ്ലിംലീഗ് ഒപ്പമുണ്ടാകുമെന്നും അഡ്വ. ഹാരിസ് ബീരാൻ എം.പി പറഞ്ഞു. അസമിൽ എന്നല്ല രാജ്യത്ത് എവിടെയും കേന്ദ്ര സർക്കാർ ആഗ്രഹിച്ച രീതിയിൽ സി.എ.എ നടപ്പിലായിട്ടില്ല. നടപ്പിലാക്കാൻ അനുവദിക്കുകയുമില്ല.

സി.എ.എ വിഷയത്തിൽ മുസ്ലിം ലീഗ് കേന്ദ്ര സർക്കാരിനെതിരെ നൽകിയ കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. നിലവിൽ കുടുംബവുമായുള്ള ബന്ധം തെളിയിക്കാൻ പറ്റാത്ത, ഡൗട്ട് ഫുൾ വോട്ടേഴ്‌സ് വിഭാഗത്തിൽപെട്ട ആളുകൾക്കെതിരെ സർക്കാർ സംവിധാനം തിരിയുന്നതുമായി ബന്ധപ്പെട്ട വിഷയത്തോടാണ് മുസ്ലിം ലീഗ് ശക്തമായ ഭാഷയിൽ പ്രതികരിക്കുന്നത്.

ആസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമയുടെ ബിജെപി സർക്കാറിന്റെ ഭരണഘടനാ വിരുദ്ധ മുസ്ലിം വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള രാജ്യത്തെ വലതുപക്ഷ മാധ്യമങ്ങൾ വരെ ശക്തമായ ഭാഷയിൽ താക്കീത് ചെയ്തിട്ടുണ്ട്. നിലവിലെ പ്രശ്‌നവും ബിസ്വാസിന്റെ കടുത്ത മുസ്ലിം വിരുദ്ധതയിൽ നിന്നും ഉടലെടുത്തതാണെന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

അസം ലോയേഴ്‌സ് ഫോറം പ്രസിഡന്റ് മുഹമ്മദ് ഇല്യാസുമായി സംസാരിച്ചിട്ടുണ്ട്. ട്രൈബ്യുണൽ തീരുമാനത്തിനെതിരെ നമുക്ക് ഹൈക്കോടതിയിൽ അപ്പീലിൽ പോകാം എന്നും എല്ലാ നിയമ സഹായവും ഞാൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആവശ്യമനുസരിച്ച് അടുത്ത ദിവസം തന്നെ അസമിൽ നേരിട്ടത്തി നിയമപോരാട്ടങ്ങൾ ഏകോപിപ്പിക്കുമെന്നും ഉറപ്പുനൽകിയിട്ടുണ്ട്.

അസം വിഷയം പൗരത്വ പ്രശ്‌നമാണെങ്കിൽ കൂടി അത് സി.എ. എയുമായി കൂട്ടിവായിക്കാൻ പറ്റില്ല. രണ്ടും രണ്ടാണ്. സി.എ.എ വിഷയത്തെ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട് ഓരോ ഘട്ടത്തിലും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കൃത്യമായി ഇടപെടുന്നുണ്ട്. ഇപ്പോഴും കോടതിക്കുമുമ്പിലുള്ള സി.എ.എ വിഷയവുമായി ബന്ധപ്പെട്ട പോരാട്ടത്തിൽ നിന്നും പാർട്ടി ഒരിഞ്ചുപോലും പിന്നോട്ട് പോയിട്ടില്ല. ഇവിടെ നടക്കുന്നത് സി.എ.എ അല്ല എന്ന് സാധാരണക്കാരെ ബോധ്യപ്പെടുത്തണം.

ജനങ്ങൾക്ക് കൂടുതൽ ധൈര്യം പകരണം. സി.എ.എ അവർ കരുതിയതുപോലെ നടപ്പിലാക്കാൻ കഴിയാത്ത കേന്ദ്ര സർക്കാരിന് അവരുടെ അണികളുടെ മുമ്പിലും തീവ്ര ഹിന്ദുത്വ കക്ഷികളുടെ മുന്നിലും മുഖം രക്ഷിക്കാൻ ഇതുപോലെയുള്ള പഴയ പല നിയമങ്ങളും തിടുക്കപ്പെട്ട് നടപ്പിലാക്കുകയും എന്നിട്ട് സി.എ.എ നടപ്പിലാക്കിയെന്ന് വരുത്തി തീർക്കുകയും വേണം. വസ്തുത മനസ്സിലാക്കിക്കൊണ്ട് പോരാട്ടം തുടരാമെന്നും അദ്ദേഹം പറഞ്ഞു.

webdesk13: