2014ല്‍ അധികാരത്തില്‍ എത്തിയപ്പോള്‍, ഇന്ത്യന്‍ ധനകാര്യ കമ്മീഷനുമായി പിന്‍വാതില്‍ ചര്‍ച്ചകള്‍ നടത്തി സംസ്ഥാനങ്ങളുടെ വിഹിതം വെട്ടിക്കുറക്കാന്‍ നരേന്ദ്ര മോദി ശ്രമിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ കമ്മീഷന്റെ അന്നത്തെ അധ്യക്ഷനായിരുന്ന വൈ.വി. റെഡ്ഡി വിസമ്മതിച്ചതിനെ തുടര്‍ന്ന് മോദി പിന്തിരിഞ്ഞെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
റിപ്പോര്‍ട്ടേഴ്‌സ് കലക്ടീവ്‌സാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ധനകാര്യ കമ്മീഷന്‍ ഉറച്ച നിലപാടെടുത്തതോടെ 48 മണിക്കൂറിനുള്ളില്‍ പ്രഥമ ബജറ്റ് മുഴുവനായി മോദിക്ക് തിരുത്തേണ്ടി വന്നെന്നും കേന്ദ്ര നികുതി നിലനിര്‍ത്താമെന്ന ഉദ്ദേശ്യം നടപ്പാകാത്തതിനെത്തുടര്‍ന്ന് ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറക്കേണ്ടി വന്നെന്നും അല്‍ ജസീറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനങ്ങള്‍ക്ക് നികുതി വിഹിതം നീക്കിവെക്കുന്നത് സംബന്ധിച്ച ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ സ്വാഗതം ചെയ്യുന്നുവെന്ന് മോദി പാര്‍ലമെന്റില്‍ ഉന്നയിച്ചു എന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്.
നീതി ആയോഗിന്റെ സി.ഇ.ഒ ആയിരുന്ന ബി.വി.ആര്‍. സുബ്രഹ്മണ്യമാണ് ബജറ്റുമായി ബന്ധപ്പെട്ട് അണിയറയില്‍ നടന്ന നാടകീയ സംഭവങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ജോയിന്റ് സെക്രട്ടറി എന്ന നിലയില്‍ ധനകാര്യ കമ്മീഷന്റെ ചെയര്‍പേഴ്‌സണായ വൈ.വി. റെഡ്ഡിയുമായുള്ള ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചത് സുബ്രഹ്മണ്യമായിരുന്നു.
പ്രധാനമന്ത്രിയും കൂട്ടരും തുടക്കം മുതല്‍ സംസ്ഥാനത്തിന്റെ ഫണ്ടുകള്‍ വെട്ടിക്കുറക്കാന്‍ ശ്രമിച്ചു എന്ന് ആദ്യമായാണ് ഒരു ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പരസ്യമായി സമ്മതിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇന്ത്യയിലെ ധനകാര്യ റിപ്പോര്‍ട്ടിങ്ങിനെ കുറിച്ച് സെന്റര്‍ ഫോര്‍ സോഷ്യല്‍ ആന്‍ഡ് എക്കണോമിക് പ്രോഗ്രസ് എന്ന സംഘടന നടത്തിയ പാനല്‍ ചര്‍ച്ചയിലാണ് സുബ്രഹ്മണ്യം വെളിപ്പെടുത്തല്‍ നടത്തിയത്. സത്യങ്ങള്‍ മറച്ചു പിടിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ബജറ്റുകള്‍ നിരവധി പാളികള്‍ കൊണ്ട് മൂടിയിരിക്കുകയാണ് എന്ന് സെമിനാറില്‍ സുബ്രഹ്മണ്യം പറയുന്നു.
സര്‍ക്കാരിന്റെ അക്കൗണ്ടുകള്‍ സുതാര്യമായിരുന്നെങ്കില്‍ അത് തുറന്നു കാണിക്കാന്‍ ഒരു ഹിന്റന്‍ബര്‍ഗ് ഉണ്ടാകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തെ രേഖകള്‍ പരിശോധിച്ച റിപ്പോര്‍ട്ടേഴ്‌സ് കലക്ടീവ് സുബ്രഹ്മണ്യത്തിന്റെ വാദങ്ങള്‍ സ്ഥിരീകരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടും സെമിനാറിന്റെ യൂട്യൂബ് ലൈവ് സ്ട്രീമിന് 500 വ്യൂസ് മാത്രമേയുള്ളൂ. വിഷയത്തില്‍ വ്യക്തത ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് റിപ്പോര്‍ട്ടേഴ്‌സ് കലക്ടീവ് ബന്ധപ്പെട്ട് മണിക്കൂറുകള്‍ക്കകം യൂട്യൂബ് ചാനലിലെ വീഡിയോ പിന്‍വലിക്കപ്പെട്ടു.