നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ സ്ഥാനാർഥിപ്പട്ടികയെ ചൊല്ലി ബി.ജെ.പിയിൽ പൊട്ടിത്തെറി. സീറ്റ് നിഷേധിക്കപ്പെട്ട വസുന്ധര രാജെ സിന്ധെയുടെ അനുയായികളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.
ഒക്ടോബർ 9ന് പുറത്തിറക്കിയ 41 പേരുടെ ആദ്യ സ്ഥാനാർഥിപ്പട്ടികയിൽ വസുന്ധരെ പക്ഷക്കാരായ പലർക്കും സീറ്റ് നിഷേധിച്ചിരുന്നു.മുൻ എം.എൽ.എ നർപത് സിങ് രാജ്വിയും രാജ്പാൽ സിങ് ഷെഖാവത്തും ടിക്കറ്റ് നിഷേധിച്ചതിലെ അതൃപ്തി പരസ്യമാക്കിയിരുന്നു.
അതേസമയം, വസുന്ധരയുടെ വിശ്വസ്തരായ അനിതാ സിങ്ങും ഭവാനി സിങ് രജാവത്തും സ്വതന്ത്രരായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.പാർട്ടിക്കുള്ളിൽ വസുന്ധര തഴയപ്പെടുന്നതായുള്ള സൂചനകൾക്കിടെ കഴിഞ്ഞദിവസം ഒരുവിഭാഗം നേതാക്കൾ അവരുടെ വസതിയിലെത്തി രാഷ്ട്രീയനീക്കങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് ബി.ജെ.പിയുടെ മുഖം പാർട്ടി ചിഹ്നമായ താമരയായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം മുഖ്യമന്ത്രി മുഖമായി ആരെയും ഉയർത്തിക്കാട്ടില്ലെന്നതിന്റെ വ്യക്തമായ സൂചനായായാണ് വിലയിരുത്തപ്പെടുന്നത്.
രാജസ്ഥാനിൽ പുതിയ നേതൃത്വം കൊണ്ടുവരുന്ന കാര്യം നരേന്ദ്ര മോദി പരിഗണിക്കുകയാണെന്ന് ജയ്പൂർ റൂറൽ എം.പി രാജ്യവർധൻ സിങ് റാത്തോഡും പറഞ്ഞിരുന്നു. വസുന്ധരക്കുള്ള മറുപടിയായാണിത് വിലയിരുത്തപ്പെടുന്നത്.
അതേസമയം, ജോട്ട്വാരയിൽനിന്ന് രാജ്യവർധൻ സിങ് റാത്തോഡിനെ മത്സരിപ്പിക്കുന്നതിലും പ്രതിഷേധം കനക്കുകയാണ്. ജോട്ട്വാരയിൽ സീറ്റ് നിഷേധിച്ചതിനെതിരെ രാജ്പാൽ സിങ് ഷെഖാവത്തിന്റെ അനുയായികൾ പ്രതിഷേധവുമായി രംഗത്തെത്തി.
ഇതിന് പുറമെ മറ്റൊരു നേതാവായ അഷു സിങ്ങും ജോട്ട്വാര സീറ്റ് നിഷേധിച്ചതിനെതിരെ രംഗത്തുവന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അനുയായികൾ വൻ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. സ്വതന്ത്രനായി മത്സരിക്കുമെന്ന വ്യക്തമായ സൂചനയും അദ്ദേഹം നൽകി.വസുന്ധരെക്കെതിരായ നീക്കം എല്ലാ മണ്ഡലത്തിലും ബി.ജെ.പി ഔദ്യോഗിക സ്ഥനാർഥികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.