2026ലെ ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങള്‍ക്കായി പ്രഖ്യാപിച്ച 28 അംഗ ടീമില്‍ മെസ്സിയില്ല. പോയ മാസം അവസാനിച്ച കോപ്പ അമേരിക്ക ഫൈനലിനിടെയുണ്ടായ പരിക്കാണ് താരത്തിന് വിനയായത്. അടുത്ത മാസം കരുത്തരായ ചിലിക്കും കൊളംബിയക്കും എതിരെ അരങ്ങേറുന്ന മത്സരങ്ങളില്‍ താരത്തിന് കളത്തിലിറങ്ങാനാകില്ല.
ഇന്റര്‍ മിയാമി ക്യാമ്പിലുള്ള ലിയോ മെസ്സി കളത്തിലേക്ക് തിരിച്ചുവരാനുള്ള തീവ്രമായ തയ്യാറെടുപ്പിലാണ്. ലീഗ് കപ്പിലെ ഇന്റര്‍ മിയാമിയുടെ നേരത്തേയുള്ള പുറത്താകല്‍ മെസ്സിക്ക് മേല്‍ സമ്മര്‍ദമുണ്ടാക്കിയിട്ടുണ്ട്.
ബ്യൂനസ് ഐറിസിലെ മോനുമെന്റല്‍ സ്റ്റേഡിയത്തില്‍ സെപ്റ്റംബര്‍ ആറിനാണ് ചിലിക്കെതിരെയുള്ള മത്സരം. സെപ്റ്റംബര്‍ 11നാണ് കൊളംബിയക്കെതിരായ മത്സരം. വെറ്ററന്‍ ഗോള്‍കീപ്പര്‍ ഫ്രാങ്കോ അര്‍മാനി, എ.എസ് റോമയുടെ മുന്നേറ്റ സൂപ്പര്‍ താരം പൗളോ ഡിബാല എന്നിവര്‍ സ്‌ക്വാഡിലില്ല. മധ്യനിര താരങ്ങളായ എസ്‌ക്വിയല്‍ ഫെര്‍ണാണ്ടസ്, മുന്നേറ്റതാരം വാലന്റിന്‍ കാസ്റ്റെല്ലാനോസ് എന്നിവര്‍ ഇതാദ്യമായി സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
തെക്കേ അമേരിക്കന്‍ യോഗ്യത ഗ്രൂപ്പില്‍ ആറുമത്സരങ്ങളില്‍ നിന്നും 15 പോയന്റുള്ള അര്‍ജന്റീന ഒന്നാമതാണ്. ഒരു മത്സരത്തില്‍ മാത്രമാണ് തോല്‍വിയറിഞ്ഞത്. 13 പോയന്റുള്ള യുറുഗ്വായാണ് രണ്ടാമത്. 7 പോയന്റ് മാത്രമുള്ള ബ്രസീല്‍ ആറാമതാണ്.