മഹാരാഷ്ട്രയിലെ നാസികില്‍ പശുക്കടത്ത് ആരോപിച്ച് 23 കാരനെ ‘ഗോരക്ഷകര്‍’ തല്ലിക്കൊന്നു. കന്നുകാലി കച്ചവടം ചെയ്യുന്ന ലുക്മാന്‍ അന്‍സാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തതായി പൊലിസ് പറഞ്ഞു. അറസ്റ്റിലായവര്‍ ബജ്‌റംഗ് ദളിന്റെ പ്രവര്‍ത്തകരാണ്. ആക്രമണം നടന്നത് കഴിഞ്ഞ വെള്ളിയാഴ്ചയാണെങ്കിലും ഞായറാഴ്ച മൃതദേഹം ഘടാന്‍ ദേവി തോട്ടില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയഅന്വേഷണത്തിലാണ് ക്രൂരകൃത്യം പുറത്തുവരുന്നത്.
ജൂണ്‍ 8ന് അന്‍സാരിയും സഹായികളായ രണ്ടുപേരും ടെംബോയില്‍ കന്നുകാലികളുമായി പോകുമ്പോള്‍ താന ജില്ലയിലെ സഹല്‍പൂരില്‍ 15 ഓളം വരുന്ന ഗോരക്ഷകര്‍ തടയുകയായിരുന്നു. തുടര്‍ന്ന് ടെംബോയില്‍ കയറി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. അന്‍സാരിയുടെ കൂടെ ഉണ്ടായിരുന്നു 2പേര്‍ ഓടി രക്ഷപ്പെട്ടെങ്കിലും അന്‍സാരിയെ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു.