ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ഒരു വിക്കറ്റ് ജയം. മത്സരത്തിന്റെ അവസാന ഓവര്‍ ത്രില്ലറില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഉയര്‍ത്തിയ 210 റണ്‍സ് വിജയലക്ഷ്യം 19.3 ഓവറില്‍ ക്യാപിറ്റല്‍സ് മറികടന്നു. അശുതോഷ് ശര്‍മയാണ് ഡല്‍ഹിക്ക് ആശ്വാസ ജയം സമ്മാനിച്ചത്. ഇംപാക്ട് പ്ലെയറായിറങ്ങിയ താരം പുറത്താകാതെനിന്നു. സ്‌കോര്‍: ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സ് – 20 ഓവറില്‍ എട്ടിന് 208, ക്യാപിറ്റല്‍സ് – 19.3 ഓവറില്‍ ഒമ്പതിന് 211.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് സ്‌കോര്‍ ബോര്‍ഡില്‍ രണ്ടക്കം തികയും മുമ്പ് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഷാര്‍ദുല്‍ ഠാക്കൂറിന്റെ ആദ്യ ഓവറില്‍ അഭിഷേക് പൊരല്‍ (പൂജ്യം), ജേക്ക് ഫ്രേസര്‍ മക്ഗര്‍ക് (ഒന്ന്) എന്നിവര്‍ വീണിരുന്നു. രണ്ടാം ഓവറില്‍ സമാര്‍ റിസ്വിയും (നാല്) പുറത്തായി. നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലും ഫാഫ് ഡൂപ്ലെസിസും ചേര്‍ന്ന് സ്‌കോര്‍ 50 കടത്തി.
18 പന്തില്‍ 29 റണ്‍സുമായി സ്‌കോര്‍ 65ല്‍ നില്‍ക്കേ ഡൂപ്ലെസിസ് മടങ്ങി. തകര്‍ത്തടിച്ച ട്രിസ്റ്റന്‍ സ്റ്റബ്‌സ് (22 പന്തില്‍ 34) 13-ാം ഓവറില്‍ ക്ലീന്‍ ബൗള്‍ഡായി. വിപ്രജ് നിഗം (15 പന്തില്‍ 39) ഒരുഘട്ടത്തില്‍ ക്യാപിറ്റല്‍സിന് ജയപ്രതീക്ഷയുയര്‍ത്തി. എന്നാല്‍ നാലോവറില്‍ 42 റണ്‍സ് വേണമെന്ന നിലയിലെത്തിയപ്പോള്‍ വിപ്രജ് വീണു. പിന്നാലെ മിച്ചല്‍ സ്റ്റാര്‍ക്കും (രണ്ട്) മടങ്ങി. തുടര്‍ന്ന് കുല്‍ദീപ് യാദവിനെയും (അഞ്ച്) മോഹിത് ശര്‍മയെയും (ഒന്ന്*) കൂട്ടുപിടിച്ച് അശുതോഷ് ക്യാപിറ്റല്‍സിനെ വിജയതീരമണച്ചു.