X

ഗുസ്തി താരങ്ങളെ പിന്തുണച്ച് 1983ലെ ക്രിക്കറ്റ് ലോകകപ്പ് ചാമ്പ്യന്മാര്‍

ലൈംഗികാതിക്രമ പരാതിയില്‍ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച് 1983 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍. ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി, ഇതിഹാസ താരങ്ങളായ സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ് എന്നിവര്‍ താരങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. ഗുസ്തി താരങ്ങളുടെ പരാതികള്‍ കേള്‍ക്കുകയും പരിഹരിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി മൂവരും പറഞ്ഞു.

രാജ്യത്തിന്റെ അഭിമാനമായ ചാമ്പ്യന്മാര്‍ തെരുവിലൂടെ വലിച്ചിഴക്കപ്പെടുന്ന അസാധാരണമായ കാഴ്ച തങ്ങളെ അസ്വസ്ഥരാക്കുന്നു. കഠിനാധ്വാനത്തിലൂടെ നേടിയ മെഡലുകള്‍ ഗംഗാനദിയിലേക്ക് വലിച്ചെറിയേണ്ട സാഹചര്യം ആശങ്കാജനകമാണ്. വര്‍ഷങ്ങളുടെ പരിശ്രമം, ത്യാഗം, ദൃഢനിശ്ചയം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ആ മെഡലുകള്‍. അത് അവരുടെ മാത്രമല്ല, രാജ്യത്തിന്റെ അഭിമാനവും സന്തോഷവുമാണ് 1983ലോകകപ്പ് ജേതാക്കളായ ടീം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വിഷയത്തില്‍ തിടുക്കപ്പെട്ട് ഒരു തീരുമാനവും എടുക്കരുതെന്ന് താരങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. താരങ്ങളുടെ പരാതികള്‍ കേള്‍ക്കുകയും വേഗത്തില്‍ പരിഹരിക്കപ്പെടുകയും ചെയ്യുമെന്ന് തീക്ഷ്ണമായി പ്രതീക്ഷിക്കുന്നു. രാജ്യത്തെ നിയമം വിജയിക്കട്ടെ പ്രസ്താവന വ്യക്തമാക്കുന്നു.

webdesk13: