യു.പിയില്‍ രക്തം സ്വീകരിച്ച തലാസീമിയ രോഗികളായ 14 കുട്ടികളില്‍ എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി, സി അണുബാധ കണ്ടെത്തി. കാണ്‍പൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയിലെ പരിശോധനയിലാണ് രക്തം സ്വീകരിച്ച കുട്ടികളില്‍ രോഗബാധ കണ്ടെത്തിയത്. 2 പേര്‍ക്ക് എച്ച്.ഐ.വി, 5 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് സി, 7 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി എന്നിങ്ങനെയാണ് സ്ഥിരീകരിച്ചത്.
കുട്ടികളില്‍ കണ്ടെത്തിയ രോഗബാധ ആശങ്കയുണ്ടാക്കുന്നതാണെന്ന് ലാലാ ലജ്പത് റായ് ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗം മേധാവിയും നോഡല്‍ ഓഫിസറുമായ ഡോ. അരുണ്‍ ആര്യ പറഞ്ഞു.
എച്ച്.ഐ.വി ബാധയാണ് ഏറ്റവും ഗൗരവകരമെന്നും കുട്ടികള്‍ വിവിധ ഡിപ്പാര്‍ട്‌മെന്റുകളില്‍ ചികിത്സ തേടുകയാണെന്നും അദ്ദേഹം പറഞ്ഞു.ആവശ്യമായ അളവില്‍ ഹീമോഗ്ലോബിന്‍ ഉല്‍പാദിപ്പിക്കാന്‍ ശരീരത്തിന് കഴിയാത്ത അവസ്ഥയാണ് തലാസീമിയ. കൃത്യമായ ഇടവേളകളില്‍ രക്തം സ്വീകരിക്കുകയാണ് ഈ അസുഖത്തെ നേരിടാനുള്ള മാര്‍ഗങ്ങളിലൊന്ന്. ഇത്തരത്തില്‍ രക്തം സ്വീകരിച്ച കുട്ടികളിലാണ് അസുഖം കണ്ടെത്തിയിരിക്കുന്നത്.
പതിനാല് കുട്ടികള്‍ ഇക്കാലത്തിനിടെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നും രക്തം സ്വീകരിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അടിയന്തര സാഹചര്യങ്ങളില്‍ പ്രാദേശിക കേന്ദ്രങ്ങളില്‍ നിന്നും രക്തം സ്വീകരിച്ചിട്ടുണ്ട്. എവിടെ നിന്ന് സ്വീകരിച്ച രക്തമാണ് അസുഖത്തിന് കാരണമായതെന്ന് കണ്ടെത്തുക പ്രയാസകരമാണ്.
ലാലാ ലജ്പത് റായ് ആശുപത്രിയില്‍ 180 തലാസീമിയ രോഗികള്‍ രക്തം സ്വീകരിക്കുന്നുണ്ട്. എല്ലാ 6 മാസം കൂടുമ്പോഴും ഇവര്‍ക്ക് അസുഖങ്ങള്‍ എന്തെങ്കിലുമുണ്ടോയെന്നുള്ള വിശദമായ പരിശോധനക്ക് വിധേയരാക്കും. ഇങ്ങനെ നടത്തിയ പരിശോധനയിലാണ് 14 കുട്ടികളില്‍ മാരകമായ അസുഖങ്ങള്‍ കണ്ടെത്തിയത്.സാധാരണഗതിയില്‍ ഒരു വ്യക്തി രക്തം ദാനം ചെയ്യുമ്പോള്‍ തന്നെ അത് വിശദമായി പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താറുണ്ടെന്ന് ഡോക്ടര്‍ ആര്യ പറയുന്നു.
എന്നാല്‍ ‘വിന്‍ഡോ പിരീഡ്’ എന്ന പ്രത്യേക സാഹചര്യത്തില്‍ ദാനം ചെയ്യുന്ന രക്തത്തിലെ രോഗകാരികളെ കണ്ടെത്തുക പ്രയാസമാണ്. ഒരാള്‍ക്ക് വൈറസ് ബാധിക്കുന്ന തുടക്കഘട്ടമാണിത്. ഈ സമയത്തുള്ള പരിശോധനയില്‍ വൈറസിനെ കണ്ടെത്താന്‍ കഴിഞ്ഞെന്ന് വരില്ല. രക്തം സ്വീകരിക്കുന്ന സമയത്ത് ഹെപ്പറ്റൈറ്റിസ് ബിക്കെതിരായ വാക്‌സിനും നല്‍കാറുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു.
ആറ് മുതല്‍ 16 വയസുവരെയുള്ളവരാണ് ഇപ്പോള്‍ അസുഖം സ്ഥിരീകരിച്ച കുട്ടികള്‍. കാണ്‍പൂര്‍, ദെഹാത്, ഫറൂഖാബാദ് തുടങ്ങി യു.പിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. എവിടെ നിന്ന് രക്തം സ്വീകരിച്ചപ്പോഴാണ് കുട്ടികള്‍ക്ക് വൈറസ് പകര്‍ന്നതെന്ന് അന്വേഷിച്ച് കണ്ടെത്തുമെന്ന് നാഷണല്‍ ഹെല്‍ത്ത് മിഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.