X

ഞങ്ങള്‍ വിവാഹബന്ധം വേര്‍പെടുത്തിയിട്ടില്ല; അഞ്ജുവിന് പാകിസ്താന്‍ സ്വദേശി നസ്‌റുല്ലയെ വിവാഹം കഴിക്കാനാകില്ല, ഭര്‍ത്താവ് അരവിന്ദ് കുമാര്‍

ഫെയ്‌സ്ബുക് സുഹൃത്തിനെ വിവാഹം കഴിക്കാന്‍ പാക്കിസ്താനിലെ ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയിലേക്കു പോയ രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശിനിയായ അഞ്ജുവിനെതിരെ ഭര്‍ത്താവ് രംഗത്ത്. അഞ്ജുവുമായുള്ള വിവാഹബന്ധം താന്‍ വേര്‍പെടുത്തിയിട്ടില്ലെന്നും അതിനാല്‍ തന്നെ അവര്‍ക്ക് അതിര്‍ത്തി കടന്നു പോയി വിവാഹം കഴിക്കാന്‍ കഴിയില്ലെന്നും ഭര്‍ത്താവ് അരവിന്ദ് കുമാര്‍ പറഞ്ഞു.

3 വര്‍ഷം മുമ്പ് ഡല്‍ഹിയിലെ കോടതിയില്‍ വിവാഹമോചനത്തിനായുള്ള പേപ്പറുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് അഞ്ജു പറഞ്ഞത്. എന്നാല്‍ എനിക്ക് ഇതുവരെ കോടതിയില്‍നിന്ന് സമന്‍സോ നോട്ടിസോ ലഭിച്ചിട്ടില്ല. പേപ്പറുകളില്‍ അവര്‍ ഇപ്പോഴും എന്റെ ഭാര്യയാണ്. അതുകൊണ്ടു തന്നെ അവര്‍ക്കു മറ്റൊരാളെ വിവാഹം കഴിക്കാനാകില്ല. സര്‍ക്കാര്‍ ഈ കാര്യങ്ങള്‍ അന്വേഷിക്കണം- അരവിന്ദ് കുമാര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു പറഞ്ഞു.
പാക്കിസ്താനിലെത്തിയ അഞ്ജു തന്റെ ഫെയ്‌സ്ബുക് സുഹൃത്തിനെ വിവാഹം കഴിച്ചെന്നും ഇസ്‌ലാം മതം സ്വീകരിച്ച് ഫാത്തിമ എന്നു പേരു മാറ്റിയെന്നുമാണു റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലേക്കു പോകാന്‍ വ്യാജ പാസ്‌പോര്‍ട്ടും രേഖകളുമാണോ സമര്‍പ്പിച്ചതെന്നും അന്വേഷണം നടത്തണമെന്നും അരവിന്ദ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിസ നടപടികളെ കുറിച്ച് അഞ്ജു തന്നോടൊന്നും പറഞ്ഞിരുന്നില്ലെന്നും അരവിന്ദ് ചൂണ്ടിക്കാട്ടി.
അഞ്ജുവിനെ ഇനി അമ്മയായി കാണാന്‍ കഴിയില്ലെന്നാണു മകള്‍ പറയുന്നതെന്നും തനിക്കും ഇനി അങ്ങനെതന്നെ ആയിരിക്കുമെന്നും അരവിന്ദ് വ്യക്തമാക്കി. അഞ്ജുവിനു മാനസികമായി ബുദ്ധിമുട്ടുകള്‍ എന്തെങ്കിലും ഉണ്ടായിരുന്നോ എന്ന ചോദ്യത്തിനു ജോലിക്കാര്യത്തില്‍ ചില സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ ഇത്തരത്തില്‍ ഒരു കാര്യം ഭാര്യ ചെയ്യുമെന്നു ഒരിക്കലും കരുതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞങ്ങളുടേത് അറേഞ്ചഡ് മാര്യേജ് ആയിരുന്നു. കുട്ടികളുമായി അഞ്ജു നല്ല രീതിയില്‍ മുന്നോട്ടു പോകുകയായിരുന്നു. കുട്ടികള്‍ എന്നോടൊപ്പം തന്നെ താമസിക്കും. അഞ്ജുവിന്റെ പാസ്‌പോര്‍ട്ടും വിസയും റദ്ദാക്കി അവരെ പോകാന്‍ സര്‍ക്കാര്‍ അനുവദിക്കല്ലെന്നാണ് പ്രതീക്ഷ – അരവിന്ദ് അഭിപ്രായപ്പെട്ടു.
2019ലാണ് നസ്റുല്ലയും അഞ്ജുവും ഫെയ്‌സ്ബുക്കില്‍ സുഹൃത്തുക്കളായത്. ഈ മാസം 23നാണ് നസ്റുല്ലയെ കാണാന്‍ അഞ്ജു അതിര്‍ത്തി കടന്നത്. ഭര്‍ത്താവ് അരവിന്ദിനോടു കുറച്ചു ദിവസത്തേക്ക് ജയ്പുരിലേക്ക് പോവുകയാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. എന്നാല്‍, അഞ്ജു അതിര്‍ത്തി കടന്ന വിവരം മാധ്യമങ്ങളിലൂടെയാണ് അരവിന്ദ് അറിഞ്ഞത്. ഇവര്‍ക്ക് 15 വയസ്സുള്ള മകളും ആറ് വയസ്സുള്ള മകനുമുണ്ട്. അഞ്ജു ഫെയ്‌സ്ബുക് സുഹൃത്ത് നസ്‌റുല്ലയെ വിവാഹം കഴിച്ചു എന്നാണ് അവസാനം പുറത്തുവരുന്ന റിപ്പോര്‍ട്ട്. അപ്പര്‍ ദിറിലെ ജില്ലാ കോടതിയില്‍ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ഇരുവരും തമ്മിലുള്ള വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

 

 

webdesk13: