ബെംഗളൂരുവില്‍ ഹോളി ആഘോഷത്തില്‍ ബാക്കിയായ ഭക്ഷണം കഴിച്ച് ആറാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. മാണ്ഡ്യ ജില്ലയിലെ ഗോകുല എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഹോസ്റ്റലില്‍ നിവാസിയായ മേഘാലയ സ്വദേശി കെര്‍ക്കാങ് (13) ആണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. സംഭവത്തില്‍ മറ്റൊരു വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയിലാണ്. ആറ് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോട്ടല്‍ ഉടമ സിദ്ധരാജു, ഗോകുല വിദ്യാസമസ്ത സെക്രട്ടറി ലങ്കേഷ്, അഭിഷേക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച മലവള്ളിയില്‍ ഹോളി ആഘോഷങ്ങളുടെ ഭാഗമായി ഒരു ബിസിനസുകാരന്‍ ഭക്ഷണം ഒരുക്കിയിരുന്നു. ഇതില്‍ ബാക്കിവന്ന ഭക്ഷണം വൈകുന്നേരത്തോടെ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി. മേഘാലയ, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 24 വിദ്യാര്‍ത്ഥികളും പരിസര പ്രദേശത്ത് നിന്നുള്ള ആറ് വിദ്യാര്‍ത്ഥികളുമാണ് സ്ഥാപനത്തിലുള്ളത്. ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ശനിയാഴ്ച രാവിലെ അസുഖം ബാധിച്ചു. പിന്നാലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഇവര്‍ക്ക് ചികിത്സ നല്‍കി.
ഞായറാഴ്ചയോടെ നില വഷളായതിനെ തുടര്‍ന്ന് മലവള്ളി പട്ടണത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് അവരെ മാണ്ഡ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി(മിംസ്)ല്‍ പ്രവേശിപ്പിച്ചു. വ്യവസായി സംഘടിപ്പിച്ച ഹോളി ആഘോഷത്തില്‍ പങ്കെടുത്ത 40-ലധികം പേര്‍ക്കും അസുഖം ബാധിച്ചിട്ടുണ്ട്. ഇവരെ മൈസൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.