അസമില്‍ വെള്ളിയാഴ്ചകളില്‍ ജുമുഅ നിസ്‌കാരത്തിനായി നിയമസഭയില്‍ അനുവദിച്ചിരുന്ന സമയം എടുത്തുക്കളഞ്ഞ് ബി.ജെ.പി സര്‍ക്കാര്‍. ഇനി മുതല്‍ ജുമുഅ നിസ്‌കാരത്തിനായി എം.എല്‍.എമാര്‍ക്ക് പ്രത്യേകം സമയം അനുവദിക്കില്ലെന്ന് അസം സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ച്ചയായി രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കതിരെ വിദ്വേഷ പ്രചരണം നടത്തുന്നതിനിടെയാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ഈ നടപടി.
ബ്രിട്ടീഷ് ഭരണകാലത്ത് നിലവില്‍ വന്ന നിയമമാണ് ഇപ്പോള്‍ ഹിമന്ത സര്‍ക്കാര്‍ എടുത്തുകളഞ്ഞത്. ഉച്ചയ്ക്ക് 12 മണിമുതല്‍ രണ്ട് മണി വരെയാണ് നിസ്‌കാരത്തിനായി ഈ നിയമം സമയം അനുവദിച്ചിരുന്നത്. നിലവില്‍ പ്രസ്തുത നിയമം എടുത്തുകളഞ്ഞതായി സര്‍ക്കാര്‍ പ്രതിനിധികളെ അറിയിച്ചു.
അസമില്‍, തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പതര മുതലാണ് നിയമസഭാ സമ്മേളനം ആരംഭിക്കുക. എന്നാല്‍ നിലവില്‍ വെള്ളിയാഴ്ച ദിവസങ്ങളില്‍ ഒമ്പത് മണിക്ക് സഭ ആരംഭിക്കുകയും ചെയ്യും. ഈ നിയമം റദ്ദാക്കുന്നതോടെ ആഴ്ച്ചയിലെ എല്ലാ ദിവസവും ഒമ്പതരയ്ക്ക് തന്നെയാവും ഇനി സഭ തുടങ്ങുക.
ലോക്സഭയിലും രാജ്യസഭയിലും ഇത്തരത്തില്‍ സമയം അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമം റദ്ദാക്കിയത്. ബ്രിട്ടീഷ് ഭരണത്തിന്റെ ഒരു ശേഷിപ്പും ഭാരതത്തില്‍ ഉണ്ടാകരുതെന്ന ബി.ജെ.പി ആഹ്വാനവും ഈ നീക്കത്തിന് പിന്നിലുണ്ട്. അസം നിയമസഭാ സ്പീക്കര്‍ ബിശ്വജിത് ഡൈമറി ഡങ്കോറിയ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നിയമം റദ്ദ് ചെയ്യാന്‍ തീരുമാനമെടുത്തത്. ഈ നീക്കത്തെ സഭയിലെ എല്ലാവരും അനുകൂലിച്ചെന്ന് ബി.ജെ.പി എം.എല്‍.എ ബിശ്വജിത്ത് ഫുകന്‍ പറഞ്ഞു.
1937ല്‍ സയ്യിദ് സാദുള്ളയാണ് ഈ നിയമം നടപ്പിലാക്കാന്‍ ചുക്കാന്‍ പിടിച്ചതെന്ന് ഹിമന്ത പ്രതികരിച്ചു. ജനപ്രതിനിധികളുടെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കാനാണ് നിസ്‌കാരത്തിനുള്ള സമയം അവസാനിപ്പിച്ചതെന്നും ഹിമന്ത എക്‌സില്‍ കുറിച്ചു. ഈ നീക്കത്തെ പിന്തുണച്ച സ്പീക്കര്‍ക്കും എം.എല്‍.എമാര്‍ക്കും ഹിമന്ത നന്ദി അറിയിക്കുകയും ചെയ്തു. ഇതിനുമുമ്പ് 2023 ഡിസംബറില്‍ രാജ്യസഭയില്‍ ജുമുഅ നിസ്‌കാരത്തിനായി അനുവദിച്ചിരുന്ന അരമണിക്കൂര്‍ സമയം നീക്കം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും വിവാദ നീക്കങ്ങളുമായി ഹിമന്ത സര്‍ക്കാര്‍ രംഗത്തെത്തിയത്.