അനീഷ് ചാലിയാര്‍
”സുരേഷ് വായിച്ചറിയുന്നതിലേക്ക്… സുഖമെന്ന് കരുതട്ടെ, അനുമോദനങ്ങള്‍ക്ക് നന്ദി. നിലമ്പൂരില്‍ ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്യുന്നു എന്നറിഞ്ഞു. എല്ലാ വിജയവുമുണ്ടാകട്ടെ, കുടുംബത്തിനും. നമ്മുടെ എല്ലാ സദുദ്ദേശ്യങ്ങളും ദൈവം നിറവേറ്റിത്തരട്ടെ. എല്ലാ അനുഗ്രഹങ്ങളും നേരുന്നു” എന്ന്് സയ്യിദ് മുഹമ്മദലി ശിഹാബ്.
22 വര്‍ഷം മുമ്പ് 2001 ല്‍ ലഭിച്ച ഈ കത്ത് ഒരമൂല്യനിധിയായി സുരേഷ് ഇന്നും കാത്തുസൂക്ഷിക്കുന്നുണ്ട്. പാലാക്കാട്ട് നിന്നും ജോലിതേടിയെത്തിയതായിരുന്നു സുരേഷ് വി.പി. കേട്ടറിഞ്ഞ ശിഹാബ് തങ്ങള്‍ക്കൊരു കത്തെഴുതി …’അങ്ങയെക്കുറിച്ച് ഒരുപാടൊരുപാട് കേട്ടിരിക്കുന്നു. ജോലിതേടി നിലമ്പൂരില്‍ എത്തിയതാണ്,അനുഗ്രഹം വേണം, നേരില്‍ കാണണമെന്ന് ഏറെ ആഗ്രഹവുമുണ്ട്’. ഇതായിരുന്നു ഉള്ളടക്കം. മറുപടി പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ വൈകാതെ തന്നെ ഒരു എയര്‍മെയില്‍ സുരേഷിനെ തേടിയെത്തി. മുസ്്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്റെ ലെറ്റര്‍ പാഡില്‍ തന്നെ. സുരേഷ് എന്ന രാജു നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ എരഞ്ഞിമങ്ങാട് ശ്രീനിലയം വീട്ടിലാണ് ഇപ്പോള്‍ താമസം.
‘എത്ര തിരക്കുകള്‍ക്കിടയിലായിരിക്കാം തങ്ങള്‍ കത്തുവായിച്ചിട്ടുണ്ടാവുക… എന്നിട്ടതിന് സ്വന്തം കൈപ്പടയില്‍ മറുപടി നല്‍കിയിരിക്കുന്നു. പ്രതീക്ഷയുമായി തേടിയെത്തുന്നവരിലേക്കെല്ലാം ഒരു നോട്ടത്തിന്, ഒരു പരിഗണനക്ക് സമയം കണ്ടെത്താനുള്ള ആ മനസ്സ്. അതു തന്നെയല്ലെ അദ്ദേഹത്തെ വേറിട്ട് നിര്‍ത്തുന്നത്. നേരില്‍ കാണുന്നതിന് മുമ്പ് അദ്ദേഹം മരണപ്പെട്ടു. പക്ഷെ ഇന്നും എന്റെ മനസ്സില്‍ കെടാവിളക്കുപോലെ ആ മനുഷ്യനുണ്ട്; ചേര്‍ത്തുപിടിക്കലിന്റെ മഹാമന്ത്രം പഠിപ്പിച്ച സ്‌നേഹദൂതന്‍… സുരേഷ് ശിഹാബ് തങ്ങളെ അനുസ്മരിക്കുകയാണ്. ഇതൊരപൂര്‍വ കഥയല്ല. തന്റെ ജീവിതകാലമത്രയും ഒരു മഹാമനുഷ്യന്റെ സ്‌നേഹാനുഭൂതിക്ക് പാത്രമായവര്‍ക്കൊക്കെ ഓര്‍ത്തൈടുക്കാനുള്ള അനുഭവങ്ങളിലൊന്നുമാത്രം. ഓര്‍മകളുടെ പതിനാലാം ആണ്ടിലും തങ്ങള്‍ ഹൃദയങ്ങളില്‍ നിന്ന് ഹൃദയങ്ങളിലേക്ക് വള്ളിപ്പടര്‍പ്പാവുകയാണ്. ഇരുണ്ട കാര്‍മേഘങ്ങള്‍ വീണ്ടും ആശങ്കപടര്‍ത്തുമ്പോള്‍ ശ്വാസനിശ്വാസങ്ങളിലിപ്പോഴും തങ്ങള്‍ കൂടെയുണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു ഓരോരുത്തരും.