വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തില്‍ പ്രതിപക്ഷത്തെ ക്ഷണിക്കാത്തത് സര്‍ക്കാരിന്റെ മര്യാദയില്ലായ്മയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. നല്ല മനസ്സുണ്ടെങ്കിലേ ഇവരെയൊക്കെ വിളിക്കാന്‍ കഴിയുവെന്നും അദ്ദേഹം പ്രതികരിച്ചു. ഞങ്ങള്‍ക്ക് ഇതൊരു പുത്തരിയല്ല.
പിണറായി വിജയന്‍ കാലഹരണപ്പെട്ട നേതാവാണ്. അവരില്‍നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല. ഉമ്മന്‍ചാണ്ടിയുടെ പേര് വേദിയില്‍ പരാമര്‍ശിക്കുക പോലും ചെയ്തില്ല. മരണപ്പെട്ടുപോയ ആളുടെ പേര് പറയാന്‍ പോലും മനസ്സില്ലാത്തവരാണെന്ന് സുധാകരന്‍ പ്രതികരിച്ചു.
ഇതിനിടെ ചരിത്രമാകുന്ന വിഴിഞ്ഞം പോര്‍ട്ടിന്റെ ക്രെഡിറ്റിന്റെ പേരില്‍ സ്ഥലത്ത് ഫ്‌ലക്‌സ് യുദ്ധം രൂപപ്പെട്ടിരുന്നു . പിണറായി വിജയന്റെയും ഉമ്മന്‍ചാണ്ടിയുടെയും ഫ്‌ലക്‌സുകളാണ് ഇവിടെ ഉയര്‍ന്നത്. പദ്ധതി തങ്ങളുടേതാണെന്ന അവകാശവാദം ഉന്നയിച്ചാണ് ഇടത്, വലത് മുന്നണികളുടെ ഫ്‌ലക്‌സുകള്‍ ഉയര്‍ന്നത്. വിജയവഴി വിഴിഞ്ഞം എന്നാണ് സിപിഎം ഫ്‌ലക്‌സില്‍ കുറിച്ചിരിക്കുന്നത്. എന്നാല്‍ ഉമ്മന്‍ചാണ്ടിയെ മറക്കരുത് എന്ന് കോണ്‍ഗ്രസ് ഫ്‌ലക്‌സിലൂടെ തിരിച്ചടിച്ചു. എന്തായാലും ഫ്‌ലക്‌സ് യുദ്ധത്തില്‍ ബിജെപി ഇല്ല.
വിഴിഞ്ഞം പദ്ധതിയുടെ അവകാശം ഉന്നയിച്ചുകൊണ്ടുള്ള ഫ്‌ലക്‌സുകള്‍ ഉയര്‍ന്നതോടെ ഈ പ്രദേശത്തെ റോഡിലൂടെ വാഹനങ്ങള്‍ക്ക് കടന്നുപോകാനോ നടക്കാനോ ഉള്ള സ്ഥലം പോലും ഇല്ലാതായി വീര്‍പ്പുമുട്ടി. പദ്ധതി പ്രദേശത്തിന്റെ മുന്നില്‍ പോലും പണി പൂര്‍ത്തിയായിട്ടില്ല. കണ്ടെയ്‌നര്‍ കൊണ്ടുപോകാനുള്ള റോഡ് ഇടുങ്ങിയതാണ്. പദ്ധതി പ്രദേശത്തേക്കുള്ള റോഡ് ഒരു കിലോമീറ്റര്‍ പൂര്‍ത്തിയായാല്‍ നാലുവരി പാതയില്‍ എത്താം. വിഴിഞ്ഞം പോര്‍ട്ടിനോട് പ്രദേശവാസികള്‍ക്ക് സമ്മിശ്ര പ്രതികരണമാണ്.
ഒരു ഗുണവും നമുക്കില്ലെന്ന് ഒരു വിഭാഗവും വികസനം വരേണ്ടത് തന്നെയെന്ന് മറ്റൊരു വിഭാഗവും പറയുന്നുണ്ട്. എന്നാല്‍ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം