X

മലപ്പുറം ജില്ലയിൽ തീപിടിത്തം വർദ്ധിക്കുന്നു; ഈ വർഷം ഇതുവരെ 148 കേസുകൾ

മലപ്പുറം ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 148 തീപിടിത്ത കേസുകള്‍. മലപ്പുറം സ്റ്റേഷന്‍ പരിധിയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 30 കേസുകള്‍. അഞ്ച് കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്ത താനൂരും നിലമ്പൂരുമാണ് പിന്നില്‍.
ചപ്പു ചവറുകള്‍ അലക്ഷ്യമായി കൂട്ടിയിട്ട് കത്തിക്കുന്നതും സിഗരറ്റ് കുറ്റിയും അണയാത്ത തീക്കൊള്ളിയും അലക്ഷ്യമായി വലിച്ചെറിയുന്നതുമാണ് തീപിടിത്തം ഉണ്ടാകാനുള്ള പ്രധാന കാരണം. ഉണങ്ങിയിരിക്കുന്ന പുല്ലുകളിലേക്ക് ചെറിയ തീപ്പൊരി വീണാല്‍ ചെറിയ കാറ്റ് വീശിയാല്‍ പോലും പടര്‍ന്ന് പിടിക്കും. റോഡിനരികിലും മറ്റുമുണ്ടാകുന്ന തീപിടിത്തം വരണ്ട കാലാവസ്ഥയില്‍ വലിയ ദുരന്തത്തിലേക്ക് നയിക്കാനിടയുണ്ടെന്ന് അഗ്‌നിശമന സേന മുന്നറിയിപ്പേകുന്നു.

വേനല്‍ കടുത്തതോടെ ജില്ലയില്‍ ജലസ്രോതസസ്സുകള്‍ വറ്റുന്നത് ഫയര്‍ഫോഴ്‌സിന് മുന്നിലെ മറ്റൊരു വെല്ലുവിളിയാണ്. തീയണയ്ക്കാന്‍ വലിയതോതില്‍ വെള്ളം ആവശ്യമായി വരുമെന്നതിനാല്‍ ഫയര്‍ സ്റ്റേഷന് അടുത്തുള്ള ജലാശയങ്ങളെയാണ് ആശ്രയിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളോട് കൂടിയ 12,000 ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന വാട്ടര്‍ ബൗസര്‍ വാഹനമാണ് തീണയയ്ക്കാനായി ഫയര്‍ഫോഴ്‌സ് കൂടുതലായും ഉപയോഗിക്കുന്നത്.

റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് വലിയ ഉയരങ്ങളിലേക്കും ഏത് ദിശയിലേക്കും വെള്ളം പമ്പ് ചെയ്യാം. വെള്ളത്തിന്റെ സംഭരണശേഷി കൂടുതലായതിനാല്‍ തീ നിയന്ത്രിക്കാന്‍ എളുപ്പമാണെങ്കിലും വലിപ്പം കൂടുതലായതിനാല്‍ ഉള്‍പ്രദേശങ്ങളില്‍ തീ പടരുമ്പോള്‍ എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് കാരണം ചെറുവാഹനമായ വാട്ടര്‍ ടെന്‍ഡര്‍ ഉപയോഗിക്കേണ്ടിയും വരാറുണ്ട്. വാട്ടര്‍ ടെന്‍ഡറില്‍ 4,000 ലിറ്റര്‍ വെള്ളമാണ് സംഭരണശേഷി. അഗ്‌നിശമന സേനയില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും സിവില്‍ ഡിഫന്‍സിന്റെ സേവനമാണ് ആശ്വാസം.

ശ്രദ്ധിക്കേണ്ടത്

. വീണ് കിടക്കുന്ന ഇലകളും അവശിഷ്ടങ്ങളും കൂട്ടിയിട്ട് കത്തിക്കുന്നത് ഒഴിവാക്കുക. കത്തിക്കുന്നുണ്ടെങ്കില്‍ ഫയര്‍ ബ്രേക്കുകള്‍ ഒരുക്കുക
. ചപ്പുചവറുകള്‍ കത്തിച്ച ശേഷം തീ പൂര്‍ണ്ണമായും അണഞ്ഞെന്ന് ഉറപ്പ് വരുത്തുക
. ചൂടുള്ള കാലാവസ്ഥയിലും ഉച്ച സമയത്തും കാറ്റുള്ളപ്പോഴും തുറന്ന സ്ഥലങ്ങളില്‍ വച്ച് കത്തിക്കാതിരിക്കുക
. കൃഷിയില്ലാത്ത പാടശേഖരങ്ങളുടെ വരമ്പുകളില്‍ താമസിക്കുന്നവര്‍ ചുരുങ്ങിയത് അഞ്ച് മീറ്റര്‍ വരമ്പിലെ കാടെങ്കിലും നീക്കം ചെയ്യുക
. റബര്‍ തോട്ടങ്ങളില്‍ തീയിടരുത്
. തീ പടര്‍ന്ന് പിടിക്കാവുന്ന ഉയരത്തിലുള്ള മരങ്ങള്‍ക്ക് ചുവട്ടില്‍ കത്തിക്കാതിരിക്കുക
. കെട്ടിടങ്ങള്‍ക്കിടയില്‍ തീ പടരാന്‍ സാദ്ധ്യതയുണ്ടെങ്കില്‍ ഇന്ധനമോ ഗ്യാസ് സിലിണ്ടറോ ഉണ്ടെങ്കില്‍ ഉടന്‍ നീക്കം ചെയ്യുക
. വേനല്‍ക്കാലത്ത് മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യ ശേഖരണനിക്ഷേപ കേന്ദ്രങ്ങളില്‍ തീപിടിത്തമുണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ ഫയര്‍ ഓഡിറ്റ് നടത്തി സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കുക.

ഫയര്‍ സ്റ്റേഷനുകളും റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണവും

മലപ്പുറം 30

പെരിന്തല്‍മണ്ണ 34

തിരുവാലി 28

തിരൂര്‍ 21

പൊന്നാനി 14

മഞ്ചേരി 11

താനൂര്‍ 5

നിലമ്പൂര്‍ 5

 

webdesk13: