കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഇഡി അറസ്റ്റ് ചെയ്ത പി സതീഷ് കുമാറും പി ആര്‍ അരവിന്ദാക്ഷനും ഹോട്ടല്‍ നടത്തിപ്പില്‍ പങ്കാളികളായിരുന്നത് തെളിയിക്കുന്ന നിര്‍ണ്ണായക ഓഡിയോ പുറത്ത്. ഹോട്ടലിലെ മുന്‍ജീവനക്കാരന്റെ ഓഡിയോയാണ്
പുറത്ത് വന്നിരിക്കുന്നത്. പി സതീഷ് കുമാര്‍, പി ആര്‍ അരവിന്ദാക്ഷന്‍, എന്നിവര്‍ അടക്കം 5 പേര്‍ ചേര്‍ന്ന് ലീസിനെടുത്ത് ഹോട്ടല്‍ നടത്തിയിരുന്നുവെന്നാണ് ശബ്ദരേഖയില്‍ മുന്‍ ജീവനക്കാരന്‍ പറയുന്നത്.
ഹോട്ടല്‍ നഷ്ടം മൂലം പൂട്ടിപ്പോയതായും ഓഡിയോയില്‍ പറയുന്നുണ്ട്. പി സതീഷ് കുമാറും പി ആര്‍ അരവിന്ദാക്ഷനും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ് പുറത്തുവന്ന ശബ്ദരേഖ.
നേരത്തെ കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പി ആര്‍ അരവിന്ദാക്ഷനെ ഇഡി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ ഇഡി മര്‍ദ്ദിച്ചെന്ന് അരവിന്ദാക്ഷന്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കി. സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം എറണാകുളം സെന്‍ട്രല്‍ സിഐ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇഡി ഓഫീസിലെത്തിയാണ് പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയത്.
എന്നാല്‍ ഈ പരാതിയില്‍ ഇഡിക്കെതിരെ കേസെടുക്കുന്നത് വൈകും. ഇഡിക്കെതിരെ വ്യക്തമായ തെളിവില്ലാതെ കേസെടുക്കുന്നത് തിരിച്ചടിയാകുമെന്നാണ് നിയമോപദേശം. പൊലീസ് നേരത്തെ നിയമോപദേശം തേടിയിരുന്നു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താന്‍ തിരിച്ചടിയാകുമോ എന്നതിലായിരുന്നു നിയമോപദേശം തേടിയത്.
വടക്കഞ്ചേരി നഗരസഭ കൗണ്‍സിലറും സി.പി.എം നേതാവുമാണ് പി ആര്‍ അരവിന്ദാക്ഷന്‍. ഇതിനിടയിലാണ് പിആര്‍ അരവിന്ദാക്ഷനും കേസില്‍ അറസ്റ്റിലായ പി സതീഷ് കുമാറും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ശബ്ദരേഖ പുറത്ത് വന്നിരിക്കുന്നത്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ പൊലീസിനെതിരെ നേരത്തെ ഇഡി രംഗത്തുവന്നിരുന്നു. അന്വേഷണ വിവരങ്ങള്‍ പൊലീസ് ചോര്‍ത്തുന്നുവെന്നായിരുന്നു പരാതി. ഇഡി ഓഫീസിന് മുന്നില്‍ രഹസ്യ പൊലീസ് ക്യാമ്പ് ചെയ്യുന്നുവെന്നും ഓഫീസിലെത്തുന്നവരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നും ഇഡി ആരോപിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ പിന്തുടരുന്നുവെന്നും കൊച്ചിയിലെ റെയ്ഡ് നടന്ന സ്ഥലത്ത് ക്യാമ്പ് ചെയ്തത് മഫ്തി പൊലീസ് സംഘമെന്നും ഇഡി പറഞ്ഞിരുന്നു.