കരുവന്നൂര്‍ സഹകരണ ബാങ്കിലെ 300 കോടി രൂപയുടെ വെട്ടിപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.സി.മൊയ്തീന്‍ എം.എല്‍.എയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധനയ്‌ക്കെത്തിയത് സി.പി.എം നേതൃത്വത്തെ ഞെട്ടിച്ചു. കരുവന്നൂര്‍ പ്രശ്‌നം തണുത്തെന്നു കരുതിയ സി.പി.എമ്മിനു കിട്ടിയ വന്‍ ആഘാതം കൂടിയാണിത്. വെട്ടിപ്പിനെക്കുറിച്ച് ഏരിയ കമ്മിറ്റികള്‍ക്കോ ലോക്കല്‍ കമ്മിറ്റികള്‍ക്കോ അറിവുണ്ടായിരുന്നില്ലെന്നാണ് സി.പി.എം നിലപാട്.
മുതിര്‍ന്ന നേതാക്കള്‍ക്കു പങ്കുണ്ടെന്ന ആരോപണം നുണ മാത്രമാണെന്നു ജില്ലാ നേതൃത്വം വ്യക്തമാക്കുകയും ചെയ്തിരുന്നു. ബാങ്ക് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗങ്ങള്‍ ഒഴികെ ആര്‍ക്കെതിരെയും കാര്യമായ നടപടിയും പാര്‍ട്ടി എടുത്തില്ല. 300 കോടി രൂപയുടെ തിരിമറി തീരെ ഗൗരവമില്ലാതെയാണു ജില്ലാ കമ്മിറ്റി കൈകാര്യം ചെയ്തത്. ‘നോട്ടപ്പിശകി’ന്റെ പേരിലാണ് ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളയ്ക്കാടിനെയും കെ.ആര്‍.വിജയയെയും ജില്ലാ കമ്മിറ്റിയില്‍നിന്നു തരം താഴ്ത്തുക മാത്രമാണ് ആകെ ചെയ്തത്.
എ.സി. മൊയ്തീനു പങ്കുണ്ടെന്നു തുടക്കം മുതലേ ആരോപണമുണ്ടായിരുന്നു. ഇതില്‍ മൊയ്തീനെ ബന്ധിപ്പിക്കുന്നതിലേക്കു നയിക്കുന്ന ഘടകങ്ങള്‍ പലതാണ്. കരുവന്നൂരില്‍ തട്ടിപ്പു നടക്കുന്നുവെന്നു പാര്‍ട്ടിയംഗമായ ബാങ്ക് മുന്‍ ജീവനക്കാരന്‍ എസ്.സുരേഷ് പാര്‍ട്ടിക്കു പരാതി നല്‍കിയിരുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന ബേബി ജോണ്‍ ഈ പരാതി പരിഗണിച്ചുകൊണ്ടിരിക്കെയാണു നിയമസഭാ തിരഞ്ഞെടുപ്പിനായി സ്ഥാനം രാജിവച്ചത്. തുടര്‍ന്നു സെക്രട്ടറിയായ മൊയ്തീന്റെ കയ്യിലാണ് പരാതി വന്നത്.
കരുവന്നൂരിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് ഏറെക്കാലം പാര്‍ട്ടി ജില്ലാ നേതൃത്വം പരിഗണിച്ചതേയില്ല. സംസ്ഥാന ഘടകത്തെ അറിയിച്ചതുമില്ല. മാത്രമല്ല ഇത്രയും ഗുരുതരമായ ആരോപണമുണ്ടായിട്ടും പരാതി നല്‍കിയ പാര്‍ട്ടിയംഗത്തെ വിളിച്ചു വിവരങ്ങള്‍ ചോദിച്ചുമില്ല. പരാതിയില്‍ അഴിമതിക്കാരെന്നു പറയുന്ന ചിലരുടെ പേരുകള്‍ പറഞ്ഞിട്ടുണ്ടായിരുന്നു. ഇവരുടെ അടുത്ത ബന്ധുക്കള്‍ ആരംഭിച്ച സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തില്‍ എ.സി.മൊയ്തീനും ഏരിയ ചുമതലക്കാരനായ ഉല്ലാസ് കളയ്ക്കാടും പങ്കെടുത്തു.
ഇന്നലെ ഇ.ഡി റെയ്ഡ് നേരിട്ട രണ്ട് ബിസിനസുകാരെ ബാങ്കിനു പരിചയപ്പെടുത്തിയതില്‍ മൊയ്തീനു പങ്കുണ്ടെന്നും സൂചനയുണ്ട്. ഇതില്‍ ഒരാളുമായി കണ്ണൂരിലെ മുതിര്‍ന്ന സി.പി.എം നേതാവിനു ബന്ധമുണ്ടെന്ന ആരോപണം ശക്തമാണ്. കണ്ണൂരില്‍നിന്നു വന്ന് ഇവിടെ വാടകവീട്ടില്‍ താമസിച്ച ഈ പാര്‍ട്ടി അനുഭാവിയുടെ വളര്‍ച്ച പെട്ടെന്നായിരുന്നു.
കഴിഞ്ഞ മന്ത്രിസഭയുടെ കാലത്തു പിണറായി വിജയനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മൊയ്തീനെതിരെ എന്തെങ്കിലും പറയാന്‍ ജില്ലാ കമ്മിറ്റിയിലെ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. ബാങ്കുമായി ബന്ധപ്പെട്ട പരാതി എന്തുകൊണ്ടു വേണ്ട സമയത്ത് അന്വേഷിച്ചില്ലെന്നും സംസ്ഥാന നേതൃത്വത്തെ അറിയിച്ചില്ലെന്നും ആരും ചോദിക്കാതിരുന്നതും അതുകൊണ്ടാണ്.