എല്‍.ജെ.ഡിക്ക് പിന്നാലെ ജെ.ഡി.എസും ആര്‍.ജെ.ഡിയില്‍ ലയിക്കാനുള്ള സാധ്യതയേറുന്നു. അടുത്തമാസം 7ന് നടക്കുന്ന ജെ.ഡി.എസ് സംസ്ഥാന സമിതിയോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. എന്നാല്‍ ഏത് പാര്‍ട്ടിയില്‍ ലയിക്കണമെന്ന വിഷയത്തില്‍ ജെ.ഡി.എസിനുള്ളില്‍ ഉള്‍പ്പോര് ശക്തമാണ്.
ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസുമായും മന്ത്രി കൃഷ്ണന്‍ കുട്ടിയുമായും ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് എല്‍.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്‌കുമാര്‍ ആവശ്യം പരസ്യമാക്കിയത്.
എല്‍.ജെ.ഡിക്കൊപ്പം ജെ.ഡി.എസും ആര്‍.ജെ.ഡിയില്‍ ലയിക്കട്ടെ എന്ന എം.വി. ശ്രേയാംസ്‌കുമാറിന്റെ അഭിപ്രായത്തില്‍ ചര്‍ച്ച ചെയ്‌തേ തീരുമാനം അറിയിക്കാന്‍ കഴിയൂ എന്നാണ് ഇരുവരും മറുപടി നല്‍കിയത്.
അടുത്ത മാസം ഏഴിന് ചേരുന്ന ജെഡിഎസ് സംസ്ഥാന സമിതിയോഗത്തില്‍ ലയനമാണ് പ്രധാന അജന്‍ഡ. യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം എടുക്കും. ആര്‍ജെഡിയേക്കാള്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ലയിക്കണമെന്ന് അഭിപ്രായമുള്ളവരാണ് ഒരു വിഭാഗം നേതാക്കള്‍. അതിനാല്‍ തന്നെ ലയനക്കാര്യത്തില്‍ പാര്‍ട്ടിക്കകത്ത് വന്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത തള്ളാനാവില്ല.
എന്‍.ഡി.എ സഖ്യത്തെ തുടര്‍ന്നാണ് ദേശീയ നേതൃത്വവുമായി പിണങ്ങി സംസ്ഥാന പാര്‍ട്ടിയായി തുടരാന്‍ ജെഡിഎസ് സംസ്ഥാന ഘടകം തീരുമാനിച്ചത്. ഇതിന് മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കോ മാത്യു ടി തോമസ് എം.എല്‍.എയ്‌ക്കോ നിയമ തടസങ്ങള്‍ ഉണ്ടാകില്ലെന്നാണ് ലഭിച്ച നിയമോപദേശം.