ഇന്ത്യയുടെ മെഡല്‍നേട്ടം 50 കടന്നു; ശ്രീശങ്കറിന് വെള്ളി; ജിന്‍സണ് വെങ്കലം

ഏഷ്യൻ ഗെയിംസ് പുരുഷ ലോങ്ജംപിൽ വെള്ളി മെ‍ഡൽ നേടി മലയാളി താരം എം.ശ്രീശങ്കർ. 8.19 മീറ്റർ ചാടിയാണു താരത്തിന്റെ മെഡൽ നേട്ടം. മറ്റൊരു മലയാളി താരം ജിൻസൺ ജോൺസൺ 1500 മീറ്റർ ഓട്ടമത്സരത്തിൽ വെങ്കലവും കരസ്ഥമാക്കി. 1500 മീറ്ററിൽ അജയ്‌ കുമാർ സരോജിലൂടെ വെള്ളി മെഡലും ഇന്ത്യയ്ക്കാണ്. വനിതകളുടെ 1500 മീറ്റർ ഓട്ടമത്സരത്തിൽ ഹർമിലാൻ ബെയ്ൻസും വെള്ളി മെ‍ഡൽ‌ നേടി.

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ട് സ്വര്‍ണം കൂടി. സ്റ്റീപിള്‍ ചേസില്‍ അവിനാഷ് സാബ്‍ലെയും ഷോട്പുട്ടില്‍ തേജീന്ദര്‍പാല്‍ സിങ്ങുമാണ് സ്വര്‍ണം നേടിയത്. 3000 മീറ്റർ സ്റ്റീപ്പ്ൾ ചേസിൽ അവിനാശ് സാബ്‌ലെയാണ് സ്വർണം നേടിയത്. എട്ട് മിനിറ്റും 19 സെക്കൻഡും കൊണ്ടാണ് അവിനാശ് ഫിനിഷ് ചെയ്തത്. മറ്റു താരങ്ങളെ ബഹുദൂരം പിന്നിലാക്കി 25 മീറ്ററോളം വ്യത്യാസത്തിലാണ് അവിനാശ് സ്വർണ മെഡൽ നേട്ടത്തിലേക്ക് ഓടിക്കയറിയത്.

ജക്കാര്‍ത്തയില്‍ നടന്ന കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ഇറാന്‍ താരം ഹൊസൈന്‍ കെയ്ഹാനി സ്ഥാപിച്ച റെക്കോഡാണ് അവിനാഷ് മറികടന്നത്. 8:22.29 സെക്കന്‍ഡിലായിരുന്നു ഇറാന്‍ താരം അന്ന് ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ നിലവിലെ ദേശീയ റെക്കോഡ് ഉടമകൂടിയാണ് അവിനാഷ്.

2019ൽ എട്ട് മിനിറ്റും 30 സെക്കൻഡും കൊണ്ട് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയിരുന്നു. അത് മറികടക്കുന്ന പ്രകടനമാണ് അവിനാശ് ഹാങ്‌ചോയിൽ നടത്തിയത്. മഹാരാഷ്ട്രയിലെ ഒരു കർഷക കുടുംബത്തിൽ ജനിച്ച അവിനാശ് ആറു കിലോമീറ്ററോളം നടന്നാണ് സ്‌കൂളിൽ പോയിരുന്നത്. ബാല്യകാലത്തെ ഈ അനുഭവങ്ങളാണ് അദ്ദേഹത്തിലെ അത്‌ലറ്റിനെ രൂപപ്പെടുത്തിയത്.

webdesk13:
whatsapp
line