അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തിൽ രണ്ട് മലയാളികൾ ഉൾപ്പടെ ആറു ഇന്ത്യക്കാർ മരണപ്പെട്ടു. മലപ്പുറം ജില്ലയിലെ വളാഞ്ചേരി പൈഞ്ചന്നൂർ സ്വദേശിയും തറക്കൽ യൂസഫിന്റെ മകനുമായ അബ്ദുൽ ഹകീം (32). മലപ്പുറം ഊരകം മേൽമുറി സ്വദേശി നുറേങ്ങൽ കാവുങ്ങൽ തൊടി വീട്ടിൽ ഇർഫാൻ ഹബീബ് (33 ) എന്നിവരാണ് മരിച്ചത്. ദുരന്തത്തിൽ മരിച്ച മറ്റുളളവർ രണ്ടു പേർ തമിഴ്‌നാട്ടുകാരും ഒരാൾ ഗുജറാത്ത് സ്വദേശിയും ഒരാൾ മഹാരാഷ്ട്ര സ്വദേശിയുമാണ്.
ആറു പേരുടെയും മൃതദേഹങ്ങൾ റിയാദിലെ ഷിമേസി ജനറൽ ആശുപത്രി മോർച്ചറിയിലാണുള്ളത്. തമിഴ്‌നാട് സ്വദേശികളായ കാർത്തിക്, രാജഗോപാൽ, ഗുജറാത്ത് സ്വദേശി യോഗേഷ് കുമാർ, മഹാരാഷ്ട്ര സ്വദേശി അസ്ഹർ അലി എന്നിവരാണ് മരിച്ച മറ്റു ഇന്ത്യക്കാർ.
റിയാദ് നഗരത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെ ഖാലിദിയയിലാണ് പ്രവാസി സമൂഹത്തെ നടുക്കിയ ദുരന്തമുണ്ടായത്. പെട്രോള്‍ പമ്പിനടുത്ത താമസസ്ഥലത്ത് വെള്ളിയാഴ്ച്ച പുലർച്ചെ ഒന്നരയോടെയാണ് അഗ്നിബാധയുണ്ടായത്. എ സിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ട് മൂലം തീപിടിച്ച് റൂമിൽ പുകനിറഞ്ഞു ശ്വാസം മുട്ടിയാണ് മരണപെട്ടതെന്ന് കരുതുന്നു. പുതുതായി തൊഴിൽ വിസകളിൽ എത്തിയവരാണ് അപകടത്തിൽ പെട്ടതെന്നും ഇവരിൽ മൂന്ന് പേർക്ക് ഇന്നലെയാണ് ഇഖാമ കിട്ടിയതെന്നും റിയാദ് കെഎംസിസി വെൽഫയർ വിഭാഗം ചെയർമാൻ സിദ്ദീഖ് തുവൂർ അറിയിച്ചു . .
അബ്ദുൽ ഹകീം ഒരാഴ്ച്ച മുമ്പാണ് റിയാദിയിലെത്തിയത്. നാട്ടിൽ പെട്രോ മെക്കാനിക്ക് ആയിരുന്ന ഹകീം അതെ ജോലിക്ക് വേണ്ടിയാണ് റിയാദിലെത്തിയത്. ഭാര്യ ഹസ്‌ബീന വളാഞ്ചേരി മർകസിലെ അധ്യാപികയാണ്. ഒരു മകനുണ്ട്.ഹകീമിന്റെ ഉമ്മ മരണപെട്ടിട്ട് അഞ്ച് മാസം പിന്നിടുന്നേയുള്ളൂ. ഇർഫാനും ഇതേ ജോലിക്ക് തന്നെയാണ് എത്തിയതെന്നും ഇരുവരും ഉൾപ്പടെ ആറ് പേരും പെട്രോൾ സ്റ്റേഷനിലെ ജീവനക്കാരാണെന്നുമാണ് കരുതുന്നത്. റിയാദിലെ ഇന്ത്യൻ എംബസിയും റിയാദ് കെഎംസിസി വെൽഫയർ വിഭാഗവും അനന്തര നടപടികൾ ചെയ്യാൻ രംഗത്തുണ്ട്.