X

യൂറോകപ്പ്; എല്ലാ വമ്പന്മാരും ജര്‍മന്‍ മണ്ണിലെത്തി…

സഹീലു റഹ്മാന്‍

യൂറോ കപ്പ് 2024 നു നാളെ രാത്രി 12:30 ഓടെ തിരി തെളിയും. ഉല്‍ഘാടന മത്സരത്തില്‍ ആതിഥേയരായ ജര്‍മനി സ്‌കോട്ട്‌ലന്റിനെ നേരിടും. ശനി ഞായര്‍ തിങ്കള്‍ ദിവസങ്ങളിലായി പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട്, സ്‌പെയിന്‍ ഹോളണ്ട്, ഇറ്റലി തുടങ്ങിയ കൊലകൊമ്പന്മാര്‍ ഗ്രൂപ്പ് സ്റ്റേജിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങും.

വമ്പന്മാര്‍ അരങ്ങു വാഴാന്‍പോകുന്ന ജര്‍മന്‍ മണ്ണില്‍ നിന്നും ഇത്തവണ ആരായിരിക്കും യൂറോപ്പിന്റെ ഈ സ്വപ്ന കിരീടത്തില്‍ മുത്തമിടുന്നതെന്ന് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ബെര്‍ലിന്‍, കൊളോണ്‍, ഡോര്‍ട്ട്മുണ്ട്, ഡസല്‍ഡോര്‍ഫ്, ഫ്രാങ്ക്ഫര്‍ട്ട്, ഗെല്‍സെന്‍കിര്‍ച്ചന്‍, ഹാംബര്‍ഗ്, ലീപ്‌സിംഗ്, മ്യൂണിക്, സ്റ്റട്ട്ഗാര്‍ട്ട് എന്നീ പത്ത് നഗരങ്ങളിലാണ് യൂറോ കപ്പ് വേദികള്‍ സജ്ജമാക്കിയിരിക്കുന്നത്. 51 മത്സരങ്ങളുള്ള ടൂര്‍ണമെന്റില്‍ ആറ് ഗ്രൂപ്പുകളിലായി 24 ടീമുകള്‍ പങ്കെടുക്കും. ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഘട്ടം ജൂണ്‍ 26 വരെ നീളും.

തുടര്‍ന്ന് 16 ടീമുകളുടെ നോക്കൗട്ട് മത്സരങ്ങള്‍ ജൂണ്‍ 29 ന് ആരംഭിക്കും. ഗ്രൂപ്പിലെ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ക്ക് നോക്ക് ഔട്ട് മത്സരങ്ങള്‍ കളിക്കാം. ഇതിന് പുറമെ നാല് മൂന്നാം സ്ഥാനക്കാര്‍ക്കും നോക്ക് ഔട്ടിലെത്താം.

ടീം സ്‌ട്രെങ്ത് എടുത്താല്‍ ഫ്രാന്‍സും ഇംഗ്ലണ്ടും ഒരുപോലെ മികച്ചു നില്‍ക്കുന്നു. ടോപ് സ്‌കോറര്‍ പട്ടം നേടാന്‍ എംബാപ്പെയും ഹാരികെയ്‌നും തയ്യാറായി കഴിഞ്ഞു. പൊതുവെ ആക്രമണ ഫുട്‌ബോളിന് പേരുകേട്ടതാണ് യൂറോ കപ്പ്. നിലവിലെ ജേതാക്കളായ ഇറ്റലി കിരീടം നിലനിര്‍ത്താന്‍ പന്തു തട്ടുമ്പോള്‍, 1966 ശേഷം കിരീടമില്ലാത്ത ഇംഗ്ലണ്ട് ഇത്തവണ കിരീടത്തിന് കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.

കുഞ്ഞന്മാരെ ആരും ചെറുതായി കാണുന്നില്ല.സ്ലോവേനിയ, സെര്‍ബിയ,ഓസ്ട്രിയ,റോമാനിയ എന്നിങ്ങനെയുള്ളവരും മികച്ച സ്‌ക്വാഡുമായി യൂറോയില്‍ പന്തു തട്ടും.

റോണോള്‍ഡോയുടെ ബലത്തിലാണ് പോര്‍ചുഗല്‍ ഇറങ്ങുന്നത്. 2016ല്‍ സാക്ഷാല്‍ പോഗ്ബയുടെ ഫ്രാന്‍സിനെ തകര്‍ത്താണ് അണ്ണനും സംഘവും കിരീടം ചൂടിയത്. എല്ലാ ടീമും ഒന്നിനൊന്ന്് മികച്ചതാണ്. അങ്ങനെ വരുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നല്ലൊരു കാല്‍പന്ത് ആരവം കാണാം. ജൂലൈ 14 ന് ജര്‍മ്മന്‍ തലസ്ഥാനമായ ബെര്‍ലിനില ഒളിമ്പിയ സ്റ്റേഡിയത്തിലായിരിക്കും യൂറോ-2024 ന്റെ ഫൈനല്‍.

ഗ്രൂപ്പും ടീമുകളും

ഗ്രൂപ്പ് എ: ജര്‍മ്മനി, സ്‌കോട്ട്‌ലാന്റ്, ഹംഗറി, സ്വിറ്റ്‌സര്‍ലാന്റ്
ഗ്രൂപ്പ് ബി: സ്‌പെയിന്‍, ക്രൊയേഷ്യ, ഇറ്റലി, അല്‍ബേനിയ
ഗ്രൂപ്പ് സി: സ്ലോവേനിയ, ഡെന്‍മാര്‍ക്, സെര്‍ബിയ, ഇംഗ്ലണ്ട്
ഗ്രൂപ്പ് ഡി: പോളണ്ട്, നെതര്‍ലാന്റ്‌സ്, ഓസ്ട്രിയ, ഫ്രാന്‍സ്
ഗ്രൂപ്പ് ഇ: ബെല്‍ജിയം, സ്ലോവാക്യ, റൊമാനിയ, യുക്രയ്ന്‍
ഗ്രൂപ്പ് എഫ്: തുര്‍ക്കി, ജോര്‍ജിയ, പോര്‍ച്ചുഗല്‍, ചെക്‌റിപബ്ലിക്‌

 

webdesk13: