ഔറംഗസേബിന്റെ ശവകുടീരം പൊളിച്ച് മാറ്റണം; ബോംബെ ഹൈക്കോടതിയില്‍ ഹരജി

മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹരജി നല്‍കി യുവാവ്. കേതന്‍ തിരോദ്കര്‍ എന്നയാളാണ് അഭിഭാഷകനായ രാജാഭാവു ചൗധരി മുഖേന പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചത്. മഹാരാഷ്ട്ര ചത്രപതി സംഭാജി നഗര്‍ ജില്ലയിലെ ഖുല്‍ദാബാദില്‍ സ്ഥിതിചെയ്യുന്ന ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്.

ഔറംഗസേബിന്റെ മക്കളില്‍ ഒരാളായ ഹൈദരാബാദിലെ ആദ്യ നിസാം ആസാഫ് ജാ ഒന്നാമന്റെയും അദ്ദേഹത്തിന്റെ മകന്‍ നാസിര്‍ ജങ്ങിന്റേയും ശവകുടീരങ്ങളും പൊളിച്ചുമാറ്റണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. ദേശീയ പ്രാധാന്യം എന്നത് ഒരു പ്രത്യേക പ്രദേശത്തിനോ ഗ്രൂപ്പിനോ അല്ല, മറിച്ച് മുഴുവന്‍ രാജ്യത്തിനും മൂല്യമുള്ള ഒന്നാണെന്നും ഹരജിയില്‍ പറയുന്നു.

ദേശീയ സ്മാരകങ്ങളുടെ പട്ടികയില്‍നിന്ന് ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് നിര്‍ദേശിക്കണമെന്നും ഇയാള്‍ ഹരജിയില്‍ ആവശ്യപ്പെട്ടു. 1958ലെ എഎസ്‌ഐ നിയമത്തിലെ സെക്ഷന്‍ 3 ആയ ചില പുരാതന സ്മാരകങ്ങളെയും പുരാവസ്തു സ്ഥലങ്ങളേയും ദേശീയ പ്രാധാന്യമുള്ളതായി നിയോഗിക്കുന്ന അനുസൃതമല്ല ഈ സ്ഥലം എന്നാണ് ഹരജിയിലെ വാദം.

ഔറംഗസീബിന്റെ ശവകുടീരത്തിന് ദേശീയ സ്മാരകമെന്ന പ്രാധാന്യം നല്‍കുന്നത് സ്വയം വരുത്തിവച്ച അപമാനമാണ്. ഇന്ത്യയില്‍ ചെങ്കിസ് ഖാന്‍, മുഹമ്മദ് ഗോറി, അലക്‌സാണ്ടര്‍ ചക്രവര്‍ത്തി തുടങ്ങിയ വ്യക്തികള്‍ക്ക് സ്മാരകങ്ങള്‍ സ്ഥാപിച്ചിട്ടില്ലെന്നും ഹരജിയില്‍ അവകാശപ്പെടുന്നു.

നേരത്തെ, ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നും ഇല്ലെങ്കില്‍ കര്‍സേവയിലൂടെ തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തി സംഘ്പരിവാര്‍ സംഘടനകളായ വിഎച്ച്പിയും ബജ്രംഗ്ദളും നാഗ്പൂരില്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി വീടുകളും വാഹനങ്ങളും കടകളും അഗ്‌നിക്കിരയാക്കപ്പെട്ടിരുന്നു.

webdesk18:
whatsapp
line