X

ബസിന്റെ ടയര്‍ പൊട്ടിയ ശബ്ദം കേട്ട് നിയന്ത്രണം വിട്ടു സ്‌കൂട്ടറില്‍ നിന്ന് വീണ വിദ്യാര്‍ഥിനി മരിച്ചു

സ്‌കൂട്ടറില്‍നിന്ന് വീണ് തലയ്ക്ക് പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു. നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളേജിലെ മൂന്നാം വര്‍ഷം അനലിറ്റിക്കല്‍ എക്കണോമിക്‌സ് വിദ്യാര്‍ഥിനി ഗോപികാ ഉദയ് (20) ആണ് മരിച്ചത്.

പാങ്ങപ്പാറ മെയ്ക്കോണം ഗോപികാഭവനില്‍ ഉദയ്യുടെയും നിഷയുടെയും മകളാണ്. പട്ടം മരപ്പാലം ഹീര കാസിലിലാണ് താമസം. തിങ്കളാഴ്ച രാത്രി 7.30ഓടെ പിഎംജി ജംഗ്ഷനിലായിരുന്നു അപകടം.

ഗോപികയും സഹോദരി ജ്യോതികയും ജിമ്മില്‍ നിന്ന് വീട്ടിലേക്കു മടങ്ങുകയായിരുന്നു. സമീപത്തുകൂടി പോയ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ പൊട്ടി. ഈ ശബ്ദം കേട്ട് ഗോപികയ്ക്ക് സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടമായി റോഡിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സിസിടിവി. ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചാലേ അപകടത്തിന്റെ കാരണം കൂടതല്‍ വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു.

ഗോപികയുടെ തലയ്ക്കാണ് പരിക്കേറ്റത്. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സഹോദരിയുടെ പരിക്ക് ഗുരുതരമല്ല. ഗോപികയുടെ അമ്മ നിഷ കിംസ് ആശുപത്രിയിലെ ഗസ്റ്റ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഓഫീസറാണ്.

 

webdesk13: