X

മലബാറില്‍ പ്ലസ് വണ്ണിന് പഠിക്കാന്‍ സീറ്റില്ല പ്രതിഷേധം അലയടിച്ച് മുസ്ലിം യൂത്ത് ലീഗ് നിയമസഭാ മാര്‍ച്ച്

തിരുവനന്തപുരം: പ്ലസ്സ് വണ്‍ സീറ്റ് പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നിയമസഭാ മന്ദിരത്തിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധം അലയടിച്ചു. മലബാറില്‍ പ്ലസ് വണ്‍ സീറ്റിന്റെ കുറവില്ലെന്ന് അവകാശപ്പെടുന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കും സര്‍ക്കാരിനുമുള്ള ശക്തമായ താക്കീതായിരുന്നു മാര്‍ച്ച്.

ഹരിത പതാകയുമേന്തി ആയിരങ്ങള്‍ അണിനിരന്ന മാര്‍ച്ച് ഉച്ചക്ക് 12 മണിയോടെ പ്രസ് ക്ലബ് പരിസരിച്ചുനിന്നാണ് ആരംഭിച്ചത്. നിയമസഭ മന്ദിരത്തിന് അകലെ വെച്ച് ബാരിക്കേഡ് തീര്‍ത്തു പൊലീസ് മാര്‍ച്ച് തടഞ്ഞതോടെ റോഡില്‍ കുത്തിയിരുന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ ധര്‍ണ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. സീറ്റ് ക്ഷാമം സംബന്ധിച്ച് വിദ്യാര്‍ഥി നേതാക്കളുമായി നടത്തുന്ന ചര്‍ച്ചയില്‍ ഉണ്ടായേ മതിയാകുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രശ്‌ന പരിഹാരം ഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിക്കുമെന്ന് തുടര്‍ന്ന് സംസാരിച്ച യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പറഞ്ഞു. ഇത് ന്യായത്തിനുവേണ്ടിയുള്ള സമരമാണ്. താത്കാലിക ബാച്ച് അനുവദിച്ചാല്‍ സമരം തീരില്ല. ബാര്‍ അനുവദിക്കാന്‍ കാണിക്കുന്ന താല്‍പര്യം പുതിയ ബാച്ചുകള്‍ അനുവദിക്കുന്നതില്‍ കാണിക്കണമെന്നും പി.കെ ഫിറോസ് പറഞ്ഞു.
എം.എല്‍.എമാരായ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍. ഷംസുദ്ദീന്‍, പി. ഉബൈദുള്ള, അഡ്വ. യു.എ ലത്തീഫ്, കുറുക്കോളി മൊയ്തീന്‍, നജീബ് കാന്തപുരം, എ.കെ.എം അഷ്റഫ്, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് ബീമാപള്ളി റഷീദ്, ജനറല്‍ സെക്രട്ടറി നിസാര്‍ മുഹമ്മദ് സുല്‍ഫി മാര്‍ച്ചിനെ അഭിവാദ്യം ചെയ്തു. മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ സ്വാഗതം പറഞ്ഞു. നേതാക്കളുടെ പ്രസംഗത്തിനിടെ പ്രകോപനം കൂടാതെ പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചത് സംഘര്‍ഷത്തിനിടയാക്കി. പൊലീസ് നടപടിയില്‍ രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, കെ.എ മാഹീന്‍, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. കാര്യറ നസീര്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍, ഫാത്തിമ തെഹ്ലിയ, ജില്ല പ്രസിഡന്റ് ഹാരിസ് കരമന, ജനറല്‍ സെക്രട്ടറി ഫൈസ് പൂവ്വച്ചല്‍ നേതൃത്വം നല്‍കി. ‘വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടത് മന്ത്രിയുടെ മായാജാല കണക്കുകളല്ല; പ്ലസ് വണ്‍ സീറ്റുകളാണ്, മലബാറില്‍ സീറ്റ് പ്രതിസന്ധിയില്ലെന്ന് പറയുന്ന മന്ത്രി നാടകം കളിക്കുന്നത് ആര്‍ക്ക് വേണ്ടി?’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധക്കാര്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയത്.

webdesk13: