X

13,000 ഇട്ടാൽ 44,000കിട്ടും; ഓൺലൈൻ തട്ടിപ്പിന്റെ പുതിയ രീതി, ഇരയായത് വിദ്യാർത്ഥികൾ മുതൽ ഐടി പ്രൊഫഷണലുകൾ വരെ

ആദിൽ മുഹമ്മദ്

മലപ്പുറം: മണി ചെയിനുമായി ബന്ധപ്പെട്ട ഓൺലൈൻ തട്ടിപ്പുകൾ എത്രതന്നെ കണ്ടാലും പഠിക്കില്ല എന്ന കാര്യം ഉറപ്പുവരുത്തുകയാണ് ഇന്ത്യക്കാർ ഒരിക്കൽ കൂടി. ഓസ്ട്രേലിയയിൽ പ്രവർത്തിക്കുന്ന ജി എസ്എ (global sea food alince) കമ്പനിയുടെ പേരിൽ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കിയാണ് ഇപ്പോൾ തട്ടിപ്പ് നടത്തിയിരിക്കുന്നത്.

വ്യാജ വെബ്സൈറ്റ് വഴി വിവിധ സാധനങ്ങളിൽ നിക്ഷേപം ചെയ്യിക്കുകയും നിശ്ചിത ദിവസത്തിനുള്ളിൽ ഇരട്ടി ലാഭം തരുന്നതാണ് തട്ടിപ്പിന്റെ രീതി. 500 രൂപ മുതൽ ലക്ഷക്കണക്കിന് രൂപ വരെ ഇത്തരത്തിൽ നിക്ഷേപിക്കാനാകും. ഉദാഹരണത്തിന് 5000 രൂപ നിക്ഷേപിക്കുന്ന ഒരാൾക്ക് നിശ്ചിത ദിവസത്തിനുള്ളിൽ അത് 13,000 രൂപയായി തിരികെ ലഭിക്കും. കുറഞ്ഞത് 50 ദിവസത്തിനുള്ളിൽ ഈ പണം തിരികെ ലഭിക്കുന്നു എന്നതുകൊണ്ട് ആയിരക്കണക്കിന് പേരാണ് തട്ടിപ്പിനിരയായത്.

തട്ടിപ്പിന്റെ വഴി ഇങ്ങനെ

Gsa (global sea food alince) എന്ന പേരിൽ ഒരു വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി ഇതുവഴി സാധനങ്ങൾ അവതരിപ്പിച്ച് നിക്ഷേപം നടത്തുന്നവർക്ക് ഇരട്ടി ലാഭം വാഗ്ദാനം ചെയ്യുന്നു. 500 രൂപ ഇട്ടാൽ 900, 13000 രൂപ ഇട്ടാൽ 44,000.. തുടങ്ങിയ രീതിയിലാണ് നിക്ഷേപ സാധ്യതകൾ പരിചയപ്പെടുത്തുന്നത്. തുടക്കത്തിൽ കൃത്യമായ ലാഭം എല്ലാവർക്കും കൊടുക്കുന്നു. ഇതിൽ ആകർഷരായ ഇവർ സ്വാഭാവികമായും അവരുടെ ചുറ്റുപാടുള്ള ആളുകളെയും ഇതിലേക്ക് ക്ഷണിക്കുന്നു.

തട്ടിപ്പിന് ഉപയോഗിക്കുന്ന മാർഗം

തുടക്കത്തിൽ വെബ്സൈറ്റ് വഴിയായിരുന്നു. പിന്നാലെ കൃത്യമായി പണം ലഭിച്ചവർ തന്റെ ചുറ്റുപാടുള്ള ആളുകളെ ഇതിലേക്ക് ക്ഷണിക്കുകയും നിക്ഷേപിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. വാട്സാപ്പും ഇതിന് മാർഗമായി ഉപയോഗിക്കുന്നുണ്ട്. കൃത്യമായി ഉത്തരം ലഭിക്കുന്ന ചാറ്റ് ബോട്ടുകളെയും ഇതിനായി നിയോഗിച്ചു.

തട്ടിപ്പിൽ പെട്ടത് ആയിരങ്ങൾ

നിക്ഷേപം എടുത്ത് പണം തിരികെ ലഭിച്ചവരാണ് ഇതിലേക്ക് കൂടുതൽ നിക്ഷേപിച്ചിരിക്കുന്നത്. ഇതിൽ വിദ്യാർത്ഥികൾ മുതൽ ഐടി പ്രൊഫഷണൽസ് വരെയുണ്ട്. ഇന്ത്യയിൽ മുഴുവൻ 10,000 കണക്കിന് പേർ ഈ തട്ടിപ്പിൽ ഇരയായി എന്നാണ് അനൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. നിക്ഷേപം നടത്തിയവരിൽ ചിലർ തട്ടിപ്പിൽ അകപ്പെട്ടതായി പറഞ്ഞുകൊണ്ട് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പുറത്തു വന്നിട്ടുണ്ട്. ഇവർ പറയുന്നത് അനുസരിച്ച് ഇന്ത്യയിൽ മൊത്തം പത്ത് ലക്ഷത്തിൽ പരം ആളുകൾ ഈ തട്ടിപ്പിനിരയായി എന്നാണ് പറയുന്നത്.

കേരളത്തിൽ മാത്രം ഇവരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ 700 ൽ പരം ആക്ടീവ് മെമ്പേഴ്സ് ഉണ്ടായിരുന്നു. ഇതിൽ പലരും 500 രൂപ 2 ലക്ഷം വരെ നിക്ഷേപിച്ചവരാണ്.

അതേസമയം നിലവിൽ കഴിഞ്ഞ ഒരു ഒരു മാസത്തോളമായി കമ്പനിയെ കുറിച്ച് യാതൊരുവിധ വിവരവുമില്ല. കമ്പനിയുടെ പേരിൽ പ്രവർത്തിച്ചിരുന്ന വെബ്സൈറ്റും ബന്ധപ്പെടാൻ തന്നിരുന്ന ഫോൺ നമ്പറും എല്ലാം പ്രവർത്തനരഹിമായിട്ടുണ്ട്.

കമ്പനിയുടെ പേരിൽ നടക്കുന്ന ഇത്തരം തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണമെന്ന് ഓസ്ട്രേലിയൻ കമ്പനിയായ ജിഎസ്എ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിൽ ഇതിനെതിരെ നിരവധി പേർ സൈബർ പോലീസിൽ പരാതി നൽകിയെങ്കിലും നാണക്കേട് ഭയന്ന് മിണ്ടാതിരിക്കുന്നവരാണ് ഭൂരിഭാഗം പേരും.

webdesk14: