X

ഹെല്‍മിറ്റില്ലാതെ ബൈക്കോടിച്ച ഡി.വൈ.എഫ്.ഐ നേതാവിന് പിഴയിട്ട സംഭവം; പൊലീസുകാരെ സ്ഥലം മാറ്റി; സി.പി.എം പ്രവര്‍ത്തകരെ സംരക്ഷിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം പേട്ടയില്‍ ഹെല്‍മറ്റ് വയ്ക്കാതെ ബൈക്കോടിച്ച ഡി.വൈ.എഫ്.ഐ നേതാവിന് പിഴയിട്ട പൊലീസുകാരെ സ്ഥലംമാറ്റിയതിന് പിന്നാലെ വകുപ്പുതല അന്വേഷണവും. സി.പി.എം നേതാക്കളുടെ ഭീഷണിക്ക് വഴങ്ങിയാണ് 2 എസ്.ഐ ഉള്‍പ്പെടെ 3 പേരെ സ്‌റ്റേഷനില്‍ നിന്ന് ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയത്. എന്നാല്‍ പൊലീസുകാര്‍ക്കെതിരെ നടപടിയില്ലന്നും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ തല്‍കാലത്തേക്ക് മാറ്റിനിര്‍ത്തിയതാണെന്നും കമ്മീഷണര്‍ സി.എച്ച്.നാഗരാജു അറിയിച്ചു.

പൊലീസുകാരുടെ ആത്മവീര്യം തകര്‍ക്കരുതെന്ന് നാഴികക്ക് നാല്‍പ്പത് വട്ടം പറയുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ കൃത്യമായി ജോലി ചെയ്ത മൂന്ന് പൊലീസുകാര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ ഭീഷണി പേടിച്ച് നടപടിയെടുത്തത് പൊലീസ് സേനയിലാകെ അമര്‍ഷത്തിന് കാരണമായിരിക്കുകയാണ്. ചൊവ്വാഴ്ച രാത്രിയാണ് ഹെല്‍മറ്റ് വെക്കാതെ ബൈക്കോടിച്ച ഡിവൈ.എഫ്.ഐ ഏരിയാ സെക്രട്ടറിയെ പേട്ടയില്‍ പൊലീസ് തടഞ്ഞതും പിഴ അടക്കാന്‍ നോട്ടീസ് കൊടുത്തതും. ഇതനുസരിക്കാത്ത ഡി.വൈ.എഫ്.ഐ നേതാവ് പൊലീസിന് നേരെ തട്ടിക്കയറുകയും കൂടുതല്‍ പ്രവര്‍ത്തകരെ വിളിച്ചുവരുത്തി സ്‌റ്റേഷനിലേക്ക് തള്ളിക്കയറുകയും ചെയ്തു.

ഇതും പൊലീസ് തടഞ്ഞതോടെ സംഘര്‍ഷാവസ്ഥയായി. സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി നേരിട്ടെത്തി പൊലീസിന് നേരെ ഭീഷണി മുഴക്കി. ഡി.വൈ.എഫ്.ഐ നേതാവിനെ തടഞ്ഞ പൊലീസുകാരുടെ പണി കളയും എന്ന് പറഞ്ഞാണ് വി.ജോയിയും കൂട്ടരും മടങ്ങിയത്.

പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. ഒരുദിവസം പോലും തികയും മുന്‍പ് എസ്.ഐമാരായ എം. അഭിലാഷ്, എസ്.അസീം,ഡ്രൈവര്‍ മിഥുന്‍ എന്നിവരെ സ്‌റ്റേഷനില്‍ നിന്ന് മാറ്റി. അതുംപോരാഞ്ഞിട്ട് ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് നര്‍കോട്ടിക് എ.സി.പിയേയും ചുമതലപ്പെടുത്തി. ഈ നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ പൊലീസ് വിശദീകരണവുമായെത്തി. രണ്ട് ദിവസത്തിനകം തിരികെ സ്‌റ്റേഷനില്‍ നിയമിക്കുമെന്നും കമ്മീഷണര്‍ ഉറപ്പുപറയുന്നു.

webdesk13: