X

മുസ്ലിം ലീഗ് പ്രതിനിധി സംഘം ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയെ കണ്ടതില്‍ വിറളിപൂണ്ട് അസം മുഖ്യമന്ത്രി’; ഹിമന്ത ബിശ്വ ശര്‍മക്ക് അസഹിഷ്ണുത: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ നേതൃത്വത്തിലുള്ള മുസ്ലിംലീഗ് പ്രതിനിധി സംഘം ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമായി കൂടിക്കാഴ്ച നടത്തിയതിനെതിരെ വിറളിപൂണ്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അമിത് ഷാ ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കളെ അവഗണിക്കുന്ന ജാർഖണ്ഡ് മുഖ്യമന്ത്രി മുസ്ലിംലീഗ് നേതാക്കളെ ചായയും കാപ്പിയും നൽകി സൽക്കരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം സമുദായത്തിനെതിരെയും മുസ്ലിം സംഘടനകൾക്കെതിരെയും വിദ്വേഷ പ്രസംഗം നടത്തുന്നത് പതിവാക്കിയ അസം മുഖ്യമന്ത്രിയുടെ ലീഗിനെതിരായ പ്രസ്താവന ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയായിരിക്കുകയാണ്. ജാർഖണ്ഡിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല ഹിമന്ത ബിശ്വ ശർമക്കാണ്.

”ഹേമന്ത് സോറന്റെ വസതിയിൽ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ നേതാക്കളെ കൊണ്ടുവന്നു ചായ കൊടുത്തു, കോഫി കൊടുത്തു, ഭക്ഷണം നൽകി സൽക്കരിച്ചു. മാത്രവുമല്ല ഒരു മെമ്മോറാണ്ടവും കൈപ്പറ്റി. അതിലെന്താണ് എഴുതിയിട്ടുള്ളത്? അമിത് ഷാ വന്നാൽ ദേഷ്യപ്പെടുന്നു, ഹിമന്ത ബിശ്വ ശർമ്മ വന്നാൽ ആശങ്കപ്പെടുന്നു, പക്ഷേ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ ആളുകൾ വന്നാൽ വീട്ടിൽ സൽക്കരിക്കുന്നു. സുഹൃത്തേ…. ഹേമന്ത് സോറൻ ജി….നമ്മളും ഭാരതീയനാണ്. എന്തുകൊണ്ടാണ് ഞങ്ങളെ ഇങ്ങനെ അവഗണിക്കുന്നത്? നിങ്ങൾക്ക് ഞങ്ങളെ കാണുന്നത് അരോചകമായി തോന്നുന്നു. എന്നാൽ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ നേതാക്കൾ കേരളത്തിൽ നിന്ന് വരുമ്പോൾ നിങ്ങൾ കുടുംബസമേതം സൽക്കരിക്കുന്നു. എന്ത് രഹസ്യമാണ് ഇതിന് പിന്നിൽ?- ഇങ്ങനെ പോകുന്നു ബിമന്ത ബിശ്വ ശർമയുടെ പ്രതികരണം.

ജാർഖണ്ഡ് തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിക്കും ഹേമന്ത് സോറനും പിന്തുണ അറിയിക്കുന്നതിന് വേണ്ടിയാണ് മുസ്ലിംലീഗ് പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ടത്. അഡ്വ. ഹാരിസ് ബീരാൻ എം.പി, പി.കെ ബഷീർ എം.എൽ.എ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ആൾക്കൂട്ട കൊലപാതകങ്ങളിൽ ആശങ്ക അറിയിച്ചും പരിഹാര നടപടികൾ ആവശ്യപ്പെട്ടും പ്രതിനിധി സംഘം പ്രത്യേക മെമ്മോറാണ്ടവും സമർപ്പിച്ചു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു. ലീഗ് പ്രതിനിധി സംഘത്തിന്റെ ജാർഖണ്ഡ് സന്ദർശനം അസം മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിരിക്കുകയാണ്. ജാർഖണ്ഡിലും അസമിലും മറ്റ് ഉത്തരേന്ത്യൻ ഗ്രാമങ്ങളിലും വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലകളിൽ മുസ്ലിംലീഗ് നിർവ്വഹിച്ചു വരുന്ന ദൗത്യം തുടരുക തന്നെ ചെയ്യുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി പ്രതികരിച്ചു. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ അന്തസ്സത്ത ഉയർത്തിപ്പിടിച്ച് ഇന്ത്യയിൽ പ്രവർത്തിക്കാൻ ബി.ജെ.പിയുടെ തിട്ടൂരം ആവശ്യമില്ല. അസം മുഖ്യമന്ത്രിയുടെ വാക്കുകൾ അസഹിഷ്ണുതയുടേതാണെന്നും അദ്ദേഹം പറഞ്ഞു.

webdesk14: